UGC NET Results : ‘ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ ഇതേ വഴിയുള്ളൂ’! പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ആദ്യ ശ്രമത്തിൽ യുജിസി-നെറ്റ് കടമ്പ കടന്ന് 3 സഹോദരിമാർ
Three Sisters Clear UGC NET:പഞ്ചാബിലെ മാൻസ ജില്ലയിലെ ബുധ്ലാഡ സ്വദേശികളായ റിംപി കൗർ, ഹർദീപ് കൗർ, ബിയാന്ത് കൗർ എന്നീ മൂന്ന് സഹോദരികളാണ് ആദ്യ ശ്രമത്തിൽ തന്നെ യുജിസി-നെറ്റ് പരീക്ഷ വിജയിച്ചത്.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ആദ്യ ശ്രമത്തിൽ തന്നെ യുജിസി-നെറ്റ് കടമ്പ കടന്ന മൂന്ന് സഹോദരിമാരുടെ കഥയാണ് വാർത്തകളിൽ ഇടം നേടുന്നത്. പഞ്ചാബിലെ മാൻസ ജില്ലയിലെ ബുധ്ലാഡ സ്വദേശികളായ റിംപി കൗർ, ഹർദീപ് കൗർ, ബിയാന്ത് കൗർ എന്നീ മൂന്ന് സഹോദരികളാണ് ആദ്യ ശ്രമത്തിൽ തന്നെ യുജിസി-നെറ്റ് പരീക്ഷ വിജയിച്ചത്.
പഠിച്ചാൽ മാത്രമേ ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ കഴിയൂ എന്ന് തങ്ങൾക്കറിയാമെന്നാണ് വിജയത്തെ കുറിച്ച് മൂവരും ഒരേ സ്വരത്തിൽ പറയുന്നത്. ദിവസകൂലിക്ക് ജോലി ചെയ്യുന്ന അമ്മയും പൂജാരിയായ അച്ഛനും മക്കളുടെ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമാണ് നല്ലകിയത്. ഇത്രയും കാലം തങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മാതാപിതാക്കൾക്ക് തണലാകാൻ ഒരുങ്ങുകയാണ് ഈ മൂന്ന് പെൺ മക്കൾ.
Also Read:അഞ്ചാം ക്ലാസിൽ തോറ്റു, ഇംഗ്ലീഷ് പേടിയും; എന്നിട്ടും 24-ാംവയസ്സിൽ ഐഎഎസ്, ആരാണ് നേഹ ബ്യാഡ്വാൾ
മൂവരും വ്യത്യസ്ത വിഷയങ്ങളിലാണ് യുജിസി-നെറ്റ് പരീക്ഷ വിജയിച്ചത്. മൂത്ത സഹോദരി റിംപി കമ്പ്യൂട്ടർ സയൻസിലും ബിയാന്ത് ചരിത്രത്തിലും ഹർദീപ് പഞ്ചാബി ഭാഷയിലുമാണ് നെറ്റ് നേടിയത്. റിംപിക്ക് കമ്പ്യൂട്ടർ സയൻസിൽ പ്രൊഫസറാകാനാണ് ആഗ്രഹം. ഇളയ സഹോദരി ഹർദീപ് കൗറും ബിയാന്തും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് നേടാൻ കഠിനമായി പരിശ്രമിക്കുകയാണ്. കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ് ഈ സഹോദരിമാരുടെ വിജയത്തിലേക്കുള്ള ചവിട്ടുപടികൾ. പെൺമക്കൾ ആഗ്രഹിച്ചത് അധ്വാനിച്ച് നേടിയെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് അവരുടെ പിതാവ് ബിക്കാർ സിംഗ് പറഞ്ഞു. മക്കളെയോർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂവർക്കും ഒരു സഹോദരൻ കൂടിയുണ്ട്. കുറച്ചുകാലമായി ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയാണ് സഹോദരൻ.