Neha Byadwal IAS : അഞ്ചാം ക്ലാസിൽ തോറ്റു, ഇംഗ്ലീഷ് പേടിയും; എന്നിട്ടും 24-ാംവയസ്സിൽ ഐഎഎസ്, ആരാണ് നേഹ ബ്യാഡ്വാൾ
Neha Byadwal IAS: അഞ്ചാം ക്ലാസിലെ തോൽവി, ഇംഗ്ലീഷിനോടുള്ള ഭയം, തുടർച്ചയായ യുപിഎസ്‌സി പരാജയങ്ങൾ എന്നിവയെല്ലാം അതിജീവിച്ച് ലക്ഷ്യം നേടിയ നേഹ ബ്യാഡ്വാളിന്റെ കഥ നിരവധി സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്ക് വലിയൊരു പ്രചോദനമാണ്.
ന്യൂഡൽഹി: അഞ്ചാം ക്ലാസ്സിൽ തോൽക്കുകയും ഇംഗ്ലീഷ് ഭാഷയോട് ഭയമുണ്ടായിട്ടും, അസാമാന്യമായ നിശ്ചയദാർഢ്യത്തിലൂടെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി ഐഎഎസ് ഓഫീസറായി മാറിയ നേഹ ബ്യാഡ്വാളിന്റെ കഥ പ്രചോദനമാകുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ് ഓഫീസർമാരിൽ ഒരാളാണ് ഇപ്പോൾ ഗുജറാത്ത് കേഡറിൽ സേവനമനുഷ്ഠിക്കുന്ന നേഹ.
രാജസ്ഥാനിലെ ജയ്പൂരിൽ ജനിച്ച നേഹയുടെ സ്കൂൾ വിദ്യാഭ്യാസം പല നഗരങ്ങളിലായിട്ടായിരുന്നു. ആദ്യമായി അഞ്ചാം ക്ലാസ്സിൽ തോൽവി നേരിട്ടത് നേഹയുടെ ജീവിതത്തിലെ വലിയൊരു വെല്ലുവിളിയായിരുന്നു. പിന്നീട് ഭോപ്പാലിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഹിന്ദി സംസാരിച്ചതിന് പിഴയടയ്ക്കേണ്ടി വന്ന അനുഭവവും അവർക്കുണ്ടായി. രാജസ്ഥാനിയിൽ നന്നായി സംസാരിക്കുമായിരുന്ന നേഹയ്ക്ക് ഇംഗ്ലീഷ് ഭാഷ ഒരു പേടിസ്വപ്നമായിരുന്നു.
എന്നാൽ, ഈ തിരിച്ചടികളൊന്നും നേഹയെ തളർത്തിയില്ല. ഛത്തീസ്ഗഡിലെ ഡിപിഎസ് സ്കൂളുകളിലും, റായ്പൂരിലെ ഡിബി ഗേൾസ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ചരിത്രം, സാമ്പത്തികശാസ്ത്രം, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളിൽ യൂണിവേഴ്സിറ്റി ടോപ്പറായിട്ടാണ് നേഹ ബിരുദം നേടിയത്. ഒരു ആദായനികുതി ഉദ്യോഗസ്ഥനായ പിതാവിൽ നിന്നാണ് സിവിൽ സർവീസിലേക്ക് കടക്കാനുള്ള പ്രചോദനം ലഭിച്ചതെന്ന് നേഹ പറയുന്നു.
ALSO READ: മാറ്റിവച്ച പിഎസ്‌സി പരീക്ഷകൾക്ക് പുതിയ തീയതിയായി, സമയത്തിന് മാറ്റമുണ്ടോ?
യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിലേക്കുള്ള നേഹയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ആദ്യ രണ്ട് ശ്രമങ്ങളിൽ പ്രിലിംസ് പരീക്ഷയിൽ പരാജയപ്പെട്ടു. മൂന്നാമത്തെ ശ്രമത്തിൽ മെയിൻസ് പരീക്ഷ കടന്നെങ്കിലും അതും നേടാനായില്ല. എന്നിട്ടും ലക്ഷ്യത്തിൽ നിന്ന് പിന്മാറാൻ നേഹ തയ്യാറായിരുന്നില്ല.
യുപിഎസ്‌സി സ്വപ്നം സാക്ഷാത്കരിക്കാനായി ഒരു നിർണായക തീരുമാനമെടുത്തു. മൂന്ന് വർഷത്തോളം മൊബൈൽ ഫോണും സാമൂഹിക മാധ്യമങ്ങളും പൂർണ്ണമായും ഉപേക്ഷിച്ച് പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ദിവസവും 17-18 മണിക്കൂർ നേഹ പഠനത്തിനായി ചെലവഴിച്ചു.
ഒടുവിൽ, 2021-ലെ നാലാമത്തെ ശ്രമത്തിൽ 569-ാം റാങ്കോടെ നേഹ ബ്യാഡ്വാൾ സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടി. 24-ാം വയസ്സിൽ ഈ നേട്ടം കൈവരിച്ച നേഹ, 960 മാർക്കാണ് കരസ്ഥമാക്കിയത്.
അഞ്ചാം ക്ലാസിലെ തോൽവി, ഇംഗ്ലീഷിനോടുള്ള ഭയം, തുടർച്ചയായ യുപിഎസ്‌സി പരാജയങ്ങൾ എന്നിവയെല്ലാം അതിജീവിച്ച് ലക്ഷ്യം നേടിയ നേഹ ബ്യാഡ്വാളിന്റെ കഥ നിരവധി സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്ക് വലിയൊരു പ്രചോദനമാണ്.