Ajay Raj: കാഴ്ചപരിമിതിയെ തോൽപ്പിച്ച വിജയം, അഭിമാനനേട്ടത്തിൽ ഈ കോഴിക്കോട്ടുകാരൻ
Ajay Raj Secures 109th Rank In Civil Services: പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ ലക്ഷ്യബോധത്തോടെ മുന്നേറിയാൽ ഏതൊരു കൊടുമുടിയും കീഴടക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കോഴിക്കോടുകാരൻ. സിവിൽ സർവീസ് പരീക്ഷയിൽ 109-ാം റാങ്ക് എന്ന അഭിമാനകരമായ നേട്ടമാണ് അജയ് സ്വന്തമാക്കിയത്.

Ajay Raj
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാൻ സ്വദേശി അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. കേരളത്തിന് അഭിമാനമായി തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ 57ാം റാങ്ക് നേടി മലയാളികളിൽ ഒന്നാമതെത്തി. കൂടാതെ, കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി അജയ് ആര്‍ രാജ് 109-ാം റാങ്കും സിദ്ധാര്‍ത്ഥ എം ജോയി 271-ാം റാങ്കും നേടി.
എന്നാൽ അജയ് ആർ രാജിന്റെ വിജയത്തിന് മധുരമേറെയാണ്. പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ ലക്ഷ്യബോധത്തോടെ മുന്നേറിയാൽ ഏതൊരു കൊടുമുടിയും കീഴടക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കോഴിക്കോടുകാരൻ. കാഴ്ചപരിമിതിയെന്ന വെല്ലുവിളിയെ തന്റെ മനക്കരുത്ത് കൊണ്ട് മറികടന്ന്, സിവിൽ സർവീസ് പരീക്ഷയിൽ 109-ാം റാങ്ക് എന്ന അഭിമാനകരമായ നേട്ടമാണ് അജയ് സ്വന്തമാക്കിയത്.
ALSO READ: യു പി എസ് സി സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; മലയാളിക്ക് 18-ാം റാങ്ക്
അജയ് രാജിന്റെ പോരാട്ടം ഇങ്ങനെ…
കോളേജ് പഠനക്കാലത്താണ് സിവിൽ സർവീസ് മോഹംഅജയുടെ മനസിൽ കടന്നുകൂടിയത്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അജയ് തന്റെ അഞ്ചാമത്തെ ശ്രമത്തിലാണ് സിവിൽ സർവീസ് സ്വപ്നം യാഥാർത്ഥ്യമാക്കിയത്. ആദ്യ രണ്ട് ശ്രമത്തിലും വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിലും അടുത്ത മൂന്ന് പരിശ്രമങ്ങൾ കഠിനധ്വാനത്തോടെയായിരുന്നു.
കഴിഞ്ഞ തവണ 730ാം റാങ്കാണ് അജയ് സ്വന്തമാക്കിയത്. തിരുവനന്തപുരം ലീഡ് ഐഎഎസ് അക്കാദമിയിൽ നിന്നുള്ള പരിശീലനവും അക്കാദമി നൽകിയ ഷെഡ്യൂളുകളും വിജയത്തിന് ശക്തിയേകി. കൂടാതെ കുടുംബത്തിന്റെ പിന്തുണയും കരുത്തേകി. സിവിൽ സർവീസ് യാത്രയിൽ ഏറ്റവും വലിയ പിന്തുണ നൽകിയത് തന്റെ സഹോദരൻ ആണെന്നാണ് അജയ് പറയുന്നത്.