Liverpool Bengaluru Campus: ലിവര്‍പൂള്‍ സര്‍വകലാശാല ബെംഗളൂരുവില്‍ ഉടന്‍ ക്യാമ്പസ് തുറക്കും; അഡ്മിഷന്‍ എങ്ങനെ നേടാം?
University of Liverpool Bengaluru Campus Admissions Open; Check Eligibility and Deadline: 2025 മെയ് 26നാണ് ഡല്‍ഹിയില്‍ വെച്ച് ലിവര്‍പൂള്‍ സര്‍വകലാശാലയ്ക്ക് ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കിയത്. ഒരു വര്‍ഷത്തിനിടെ ബ്രാഞ്ചിന് ആവശ്യമായ അക്കാദമിക്, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ സര്‍വകലാശാല പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, യുജിസി ചട്ടങ്ങളുടെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുകയും ചെയ്യും.

ലിവര്‍പൂള്‍ സര്‍വകലാശാല
ബെംഗളൂരു: കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ യുണൈറ്റഡ് കിംഗ്ഡത്തിലെ ലിവര്‍പൂള്‍ സര്‍വകലാശാല ക്യാമ്പസ് തുറക്കാന്‍ പോകുന്നു. ബെംഗളൂരുവില്‍ ക്യാമ്പസ് സ്ഥാപിക്കുന്നതിനുള്ള അംഗീകാരപത്രം വിദ്യാഭ്യാസ മന്ത്രാലയം ലിവര്‍പൂള്‍ സര്‍വകലാശാലയ്ക്ക് കൈമാറി. വിവിധ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളുമായാണ് ലിവര്‍പൂള്‍ ബെംഗളൂരുവില്‍ ബ്രാഞ്ച് ആരംഭിക്കാന്‍ പോകുന്നത്. ബിസിനസ് മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഗെയിം ഡിസൈന്‍, ഫിനാന്‍സ്, ബയോമെഡിക്കല്‍ സയന്‍സസ് തുടങ്ങി വിവിധ കോഴ്‌സുകള്‍ ഇവിടെ ഉണ്ടാകുമെന്നാണ് വിവരം.
ജൂണ്‍ നാലിനാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍, യുണൈറ്റഡ് കിംഗ്ഡം വിദേശകാര്യ സെക്രട്ടറി ഹോണര്‍ യെവെറ്റ് കൂപ്പര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ചെയര്‍മാനുമായ ഡോ. വിനീത് ജോഷി, ലിവര്‍പൂള്‍ ബെംഗളൂരു സര്‍വകലാശാലയിലെ പ്രൊവോസ്റ്റ് പ്രൊഫസര്‍ റിച്ചാര്‍ഡ് ഗ്രോസിന് അംഗീകാരപത്രം കൈമാറിയത്.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഇന്ത്യയും
ലിവര്‍പൂള്‍ പോലുള്ള പ്രമുഖ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ ബ്രാഞ്ചുകള്‍ സ്ഥാപിക്കുന്നത് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന് തന്നെ പുത്തന്‍ ഉണര്‍വേകും. മികച്ച അക്കാദമിക സഹകരണം, മെച്ചപ്പെട്ട വിദ്യാര്‍ഥി മൊബിലിറ്റി, ഇന്ത്യയിലെ പ്രശസ്തമായ ആഗോള സ്ഥാപനങ്ങളുടെ സാന്നിധ്യം തുടങ്ങിയവയിലൂടെ വിദ്യാഭ്യാസത്തെ വേറിട്ട തലത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നതില്‍ ബെംഗളൂരുവില്‍ വരാന്‍ പോകുന്ന ലിവര്‍പൂള്‍ ബ്രാഞ്ച് നാഴികക്കല്ലാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
2025 മെയ് 26നാണ് ഡല്‍ഹിയില്‍ വെച്ച് ലിവര്‍പൂള്‍ സര്‍വകലാശാലയ്ക്ക് ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കിയത്. ഒരു വര്‍ഷത്തിനിടെ ബ്രാഞ്ചിന് ആവശ്യമായ അക്കാദമിക്, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ സര്‍വകലാശാല പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, യുജിസി ചട്ടങ്ങളുടെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുകയും ചെയ്യും.
എന്ന് പ്രവര്‍ത്തനമാരംഭിക്കും?
ഇന്ത്യയില്‍ ലിവര്‍പൂള്‍ സര്‍വകലാശാല സ്ഥാപിക്കുന്ന ബ്രാഞ്ചിലേക്കുള്ള പ്രവേശനത്തിനായുള്ള പ്രക്രിയകള്‍ ആരംഭിച്ചതായാണ് വിവരം. 2026 ഓഗസ്റ്റ് മാസത്തോടെ ക്യാമ്പസ് തുറന്ന് പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബെംഗളൂരു വൈറ്റ്ഫീല്‍ഡിലാണ് നിര്‍ദിഷ്ട ക്യാമ്പസ് വരുന്നത്. പ്ലസ് ടുവിന് ഇംഗ്ലീഷിന് നേടി മാര്‍ക്കിന്റെയും പ്രവേശന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍ ലഭിക്കുന്നത്. ഇതോടൊപ്പം കുട്ടിയുടെ പഠനകാലയളവിലെ പ്രകടനവും വിലയിരുത്തപ്പെടും.
ലിവര്‍പൂള്‍ സര്‍വകലാശാല
യുകെയിലെ പ്രമുഖ സര്‍വകലാശാലകളിലൊന്നാണ് ലിവര്‍പൂള്‍. 1881ല്‍ സ്ഥാപിതമായ സര്‍വകലാശാല ഒട്ടനവധി പ്രതിഭകളെ ഈ ലോകത്തിന് സമ്മാനിച്ചു. യുകെയുടെ റസ്സല്‍ ഗ്രൂപ്പ് സര്‍വകലാശാലകളില്‍ ഉള്‍പ്പെടുന്ന ഒന്ന് കൂടിയാണിത്. മാത്രമല്ല, യുകെയിലെ ആദ്യത്തെ റെഡ് ബ്രിക്ക് സര്‍വകലാശാല എന്ന പേരിലും ലിവര്‍പൂള്‍ അറിയപ്പെടുന്നുണ്ട്.
ആഗോള റാങ്കിങ്ങായ ക്യൂഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഉള്‍പ്പെട്ട ലോകത്തിലെ മികച്ച 150 സര്‍വകലാശാലകളില്‍ ഒന്നാണ് ലിവര്‍പൂള്‍. മാത്രമല്ല, ഇതിനോടകം 10 നോബേല്‍ സമ്മാന ജേതാക്കളെ ഈ ലോകത്തിന് സമ്മാനിക്കാനും ലിവര്‍പൂളിന് സാധിച്ചിട്ടുണ്ട്. യുകെയ്ക്ക് പുറമെ ചൈനയിലാണ് നിലവില്‍ ലിവര്‍പൂളിന് ക്യാമ്പസുള്ളത്, ഇനിയും ഇന്ത്യയും ലിവര്‍പൂല്‍ പ്രവര്‍ത്തിക്കും.
English Summary
The University of Liverpool has opened admissions for its upcoming Bengaluru campus, offering students the chance to pursue a UK degree without leaving India. Interested candidates can now apply by following the university’s admission process and meeting the required eligibility criteria before the deadline.