Career After 10TH: എസ്എസ്എൽസി കഴിഞ്ഞ് എന്തുകൊണ്ട് വിഎച്ച്എസ്ഇ തിരഞ്ഞെടുക്കണം? പഠന, ജോലി സാധ്യതകൾ
VHSE After SSLC Benefits: സാധാരണ ഹയർ സെക്കൻഡറിയിൽ നിന്ന് വിഎച്ച്എസ്ഇയെ വ്യത്യസ്തമാക്കുന്നത് അതിൽ പഠനത്തോടൊപ്പം പ്രായോഗിക പരിശീലനം ലഭിക്കുന്നു എന്നതാണ്. വിഎച്ച്എസ്ഇ പഠിക്കുന്ന സമയത്ത് വിദ്യാർത്ഥികൾക്ക് വ്യവസായ സ്ഥാപനങ്ങളിൽ പോയി നേരിട്ട് ജോലി പഠിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്. പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് വിഎച്ച്എസ്ഇ കഴിഞ്ഞാൽ പല കോഴ്സുകൾക്കും പോകാൻ കഴിയില്ല എന്നാണ്.
എസ്എസ്എൽസി പരീക്ഷയ്ക്ക് ശേഷം പ്ലസ് ടുവിന് പോകാൻ ഇരിക്കുന്നവരാണ് അധികവും. എന്നാൽ പ്ലസ് ടുവിന് ഒപ്പം ഒരു തൊഴിൽ നൈപുണ്യം കൂടി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ മികച്ചൊരു ഓപ്ഷനാണ് വൊക്കേഷണൽ ഹയർ സെക്കൻഡറി (VHSE). എന്നാൽ കുട്ടികളുടെയും മാതാപിതാക്കളുടെയും ഉള്ളിൽ വിഎച്ച്എസ്ഇക്ക് പ്ലസ്ടുവിൻ്റെ അത്രയും പഠന സാധ്യതകളുണ്ടോ അതോ ജോലി സാധ്യതകൾ കുറവാണോ എന്നിങ്ങനെ പല ചിന്തകളും ഉണ്ടാകാറുണ്ട്.
സാധാരണ ഹയർ സെക്കൻഡറിയിൽ നിന്ന് വിഎച്ച്എസ്ഇയെ വ്യത്യസ്തമാക്കുന്നത് അതിൽ പഠനത്തോടൊപ്പം പ്രായോഗിക പരിശീലനം ലഭിക്കുന്നു എന്നതാണ്. വിഎച്ച്എസ്ഇ പൂർത്തിയാക്കുന്ന ഒരു വിദ്യാർത്ഥിക്ക് ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിന് പുറമെ, കേന്ദ്ര സർക്കാരിന്റെ എൻഎസ്ക്യുഎഫ് (National Skill Qualification Framework) അംഗീകാരമുള്ള പ്രൊഫഷണൽ സ്കിൽ സർട്ടിഫിക്കറ്റും ലഭിക്കാറുണ്ട്.
ALSO READ: പ്ലസ് ടു കഴിഞ്ഞ് പെട്ടെന്ന് ജോലി വേണോ?; ഐടിഐ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം
വിഎച്ച്എസ്ഇ പഠിക്കുന്ന സമയത്ത് വിദ്യാർത്ഥികൾക്ക് വ്യവസായ സ്ഥാപനങ്ങളിൽ പോയി നേരിട്ട് ജോലി പഠിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്. ലാബുകളിലും വർക്ക്ഷോപ്പുകളിലും സമയം ചിലവഴിക്കാനും കാര്യങ്ങൾ പഠിക്കാനും സാധിക്കുന്നു എന്നത് മറ്റൊരു ആകർഷണമാണ്.
പഠന സാധ്യതകൾ
പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് വിഎച്ച്എസ്ഇ കഴിഞ്ഞാൽ പല കോഴ്സുകൾക്കും പോകാൻ കഴിയില്ല എന്നാണ്. എന്നാൽ സാധാരണ പ്ലസ് ടു കഴിഞ്ഞവർ അപേക്ഷിക്കാവുന്ന എല്ലാ ബിരുദ കോഴ്സുകൾക്കും (BA, BSc, BCom) വിഎച്ച്എസ്ഇ പഠിച്ചവർക്കും അപേക്ഷിക്കാൻ സാധിക്കും. അതുപോലെ തന്നെ എൻജിനീയറിംഗ് (B.Tech), മെഡിക്കൽ (MBBS), പാരാമെഡിക്കൽ, നഴ്സിംഗ് തുടങ്ങിയ എല്ലാ മേഖലകളിലേക്കും പ്രവേശന പരീക്ഷ എഴുതുകയും ചെയ്യാം.
ജോലി സാധ്യതകൾ
സാധാരണ പ്ലസ് ടു പഠനത്തെ അപേക്ഷിച്ച്, വിഎച്ച്എസ്ഇയുടെ ഏറ്റവും വലിയ ആകർഷണം പഠനം കഴിഞ്ഞാലുടൻ ജോലി നേടാം എന്നതാണ്. റെയിൽവേ, കെഎസ്ഇബി, കൃഷി വകുപ്പ്, ഹെൽത്ത് സർവീസ് തുടങ്ങിയവയിൽ വിഎച്ച്എസ്ഇ പഠിച്ചവർക്ക് ജോലി സാധ്യതയുണ്ട്. ഐടി, ഓട്ടോമൊബൈൽ, ഹോസ്പിറ്റാലിറ്റി, അക്കൗണ്ടിംഗ് മേഖലകളിൽ വിഎച്ച്എസ്ഇ സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.