Kerala Assembly Election Result 2026 : ഫ്ലക്സോ പോസ്റ്ററോ ഇല്ല, സൈക്കിളിൽ കറങ്ങി നടന്നു ചാണ്ടി ഉമ്മൻ നേടിയത് അച്ഛനേ കടത്തിവെട്ടിയ ഭൂരിപക്ഷം
Puthuppally Election Result 2026: രാഹുൽ ഗാന്ധി പുതുപ്പള്ളിയിൽ എത്തിയപ്പോഴും പ്രോട്ടോക്കോൾ മാറ്റിവെച്ച് സൈക്കിളിൽ യാത്ര ചെയ്താണ് ചാണ്ടി ഉമ്മൻ റാലി സംഘടിപ്പിച്ചത്. ആഘോഷപൂർവ്വമായ കലാശക്കൊട്ട് ഒഴിവാക്കിയതും മണ്ഡലത്തിൽ ചർച്ചയായിരുന്നു. ആർഭാടങ്ങളില്ലാത്ത ഈ സമീപനം പുതുപ്പള്ളിയിലെ സാധാരണക്കാരെ ചാണ്ടിയിലേക്ക് കൂടുതൽ അടുപ്പിച്ചു.

Chandi Oomman
കോട്ടയം: കേരള രാഷ്ട്രീയത്തിന് തികച്ചും അപരിചിതമായ ഒരു പ്രചാരണ ശൈലിയിലൂടെ പുതുപ്പള്ളിയുടെ ഹൃദയം കവർന്ന് ചാണ്ടി ഉമ്മൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോടികൾ ഒഴുക്കുന്ന പതിവ് രീതികളെ കാറ്റിൽ പറത്തി, വെറുമൊരു സൈക്കിളുമായി വീടുകൾ കയറിയിറങ്ങിയ ചാണ്ടി ഉമ്മന് പുതുപ്പള്ളി നൽകിയത് 52,907 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷമാണ്. മണ്ഡലത്തിൽ ഒരൊറ്റ ഫ്ലക്സ് ബോർഡോ പോസ്റ്ററോ പോലും വെക്കാതെയാണ് ഈ ചരിത്ര നേട്ടം എന്നതും ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പ് കമ്മിഷൻ 40 ലക്ഷം രൂപ വരെ ചെലവാക്കാൻ അനുമതി നൽകിയിടത്താണ് തീർത്തും ലളിതമായ രീതിയിൽ ചാണ്ടി പ്രചാരണം നടത്തിയത്. പ്രചാരണത്തിനായി മാറ്റിവെക്കുന്ന തുക പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകാൻ ഉപയോഗിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വോട്ട് അൽപം കുറഞ്ഞാലും ഒരാൾക്കെങ്കിലും വീട് നൽകാൻ സാധിച്ചാൽ അതൊരു വലിയ നേട്ടമാണെന്ന ചാണ്ടിയുടെ നിലപാടിനെ പുതുപ്പള്ളി ഇരുകൈകളും നീട്ടി സ്വീകരിച്ചു.
സൈക്കിളിൽ റാലി നയിച്ച് ചാണ്ടി
രാഹുൽ ഗാന്ധി പുതുപ്പള്ളിയിൽ എത്തിയപ്പോഴും പ്രോട്ടോക്കോൾ മാറ്റിവെച്ച് സൈക്കിളിൽ യാത്ര ചെയ്താണ് ചാണ്ടി ഉമ്മൻ റാലി സംഘടിപ്പിച്ചത്. ആഘോഷപൂർവ്വമായ കലാശക്കൊട്ട് ഒഴിവാക്കിയതും മണ്ഡലത്തിൽ ചർച്ചയായിരുന്നു. ആർഭാടങ്ങളില്ലാത്ത ഈ സമീപനം പുതുപ്പള്ളിയിലെ സാധാരണക്കാരെ ചാണ്ടിയിലേക്ക് കൂടുതൽ അടുപ്പിച്ചു.
പിതാവിനും മുകളിലേക്ക് ചാണ്ടിയുടെ കുതിപ്പ്
അരനൂറ്റാണ്ടുകാലം ഉമ്മൻ ചാണ്ടി മാത്രം പ്രതിനിധീകരിച്ച മണ്ഡലം അദ്ദേഹത്തിന്റെ മരണശേഷമാണ് മകൻ ചാണ്ടി ഉമ്മന്റെ കൈകളിലെത്തിയത്. 2023-ലെ ഉപതിരഞ്ഞെടുപ്പിൽ 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ചാണ്ടി ഉമ്മൻ, വെറും മൂന്ന് വർഷത്തിനിപ്പുറം ആ ഭൂരിപക്ഷം അര ലക്ഷത്തിന് മുകളിലെത്തിച്ച് ഉമ്മൻ ചാണ്ടിയുടെ റെക്കോർഡുകളും മറികടന്നു.
മറ്റു മണ്ഡലങ്ങളിൽ പാർട്ടി കോട്ടകൾ ഇളകുകയും വിമതർ വെല്ലുവിളി ഉയർത്തുകയും ചെയ്തപ്പോഴും, ചാണ്ടി ഉമ്മൻ തന്റെ ലാളിത്യത്തിലൂടെ പുതുപ്പള്ളിയിൽ സ്വന്തമാക്കിയത് അപ്രതിരോധ്യമായ വിജയമാണ്. കേരള നിയമസഭയിലേക്ക് ഈ റെക്കോർഡ് ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മൻ കയറിപ്പോകുമ്പോൾ അത് രാഷ്ട്രീയക്കാർക്ക് വലിയൊരു പാഠം കൂടിയായി മാറുന്നു.
ആരാകും അടുത്ത മുഖ്യമന്ത്രി?
യുഡിഎഫിന്റെ വൻ വിജയത്തിന് പിന്നാലെ കേരളം ഉറ്റുനോക്കുന്നത് ഒരേയൊരു ചോദ്യത്തിലേക്കാണ്—ആരാകും അടുത്ത മുഖ്യമന്ത്രി? പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണത്തിലേറുന്ന യുഡിഎഫിൽ മുഖ്യമന്ത്രി കസേരയ്ക്കായി സജീവ പരിഗണനയിലുള്ള പേരുകളും അതിന് പിന്നിലെ രാഷ്ട്രീയ സമവാക്യങ്ങളും പരിശോധിക്കാം.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേര് വി.ഡി. സതീശന്റേതാണ്. പത്തുവർഷം നീണ്ട എൽഡിഎഫ് ഭരണത്തിനെതിരെ സഭയ്ക്കകത്തും പുറത്തും സതീശൻ നടത്തിയ പോരാട്ടങ്ങൾ യുഡിഎഫിന്റെ ഈ വിജയത്തിൽ നിർണ്ണായകമാണ്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം ഹൈക്കമാൻഡിനുള്ളിലുണ്ട്. അദ്ദേഹം ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടില്ലെങ്കിലും, അത് മുഖ്യമന്ത്രിയാകുന്നതിന് തടസ്സമല്ല. ആറുമാസത്തിനുള്ളിൽ മറ്റേതെങ്കിലും മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തി എംഎൽഎയായി സഭയിലെത്തിയാൽ മതിയാകും.
മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ അനുഭവസമ്പത്തും പാർട്ടി അവഗണിക്കാൻ സാധ്യതയില്ല. അതേസമയം, മുന്നണിയിലെ കരുത്തരായ മുസ്ലിം ലീഗിന്റെ നിലപാടും നിർണ്ണായകമാകും. ലീഗിൽ നിന്ന് ഒരു ഉപമുഖ്യമന്ത്രി വേണമെന്ന ആവശ്യം ഇത്തവണ ശക്തമായി ഉയരാൻ സാധ്യതയുണ്ട്.
English Summary
Chandy Oommen secured a historic record majority of 52,907 votes in Puthuppally, surpassing even his father’s previous records through a unique “minimalist” campaign. Riding a bicycle and shunning expensive posters or rallies, he pledged his campaign funds to build houses for the poor, a gesture that resonated deeply with voters and redefined traditional electioneering in Kerala.