AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hema Committee Report: ബലാത്സം​ഗ കേസ്, നടൻ സിദ്ദിഖ് ജയിലേക്ക് ? ചോദ്യം ചെയ്യലിന് ഹാജരായി

Actor Siddique Arrest: സുപ്രീംകോടതിയിൽ ഇടക്കാല ജാമ്യം നേടിയ സിദ്ദിഖ് കഴിഞ്ഞ തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നു‌. എന്നാൽ അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു.

Hema Committee Report: ബലാത്സം​ഗ കേസ്, നടൻ സിദ്ദിഖ് ജയിലേക്ക് ? ചോദ്യം ചെയ്യലിന് ഹാജരായി
Athira CA
Athira CA | Published: 12 Oct 2024 | 12:21 PM

തിരുവനന്തപുരം: ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിന്റെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. . നടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. പ്രത്യേക പൊലീസ് സംഘത്തിന് മുന്നിൽ ഇത് രണ്ടാം തവണയാണ് സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. കന്റോൺമെന്റ് സ്റ്റേഷനിലാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. യുവനടിയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് എസ്.പി മെറിൻ ജോസഫ്, മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

സുപ്രീംകോടതിയിൽ ഇടക്കാല ജാമ്യം നേടിയ സിദ്ദിഖ് കഴിഞ്ഞ തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നു‌. എന്നാൽ അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു. രേഖകളുമായി ഹാജരാകാൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് ഇന്ന് കന്റോൺമെന്റ് സ്റ്റേഷനിലേക്ക് നടനെത്തിയത്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് ഇ-മെയിൽ മുഖാന്തരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് നോട്ടീസ് നൽകിയത്.

ചോദ്യം ചെയ്യലിന് ശേഷം നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയാൽ കോടതിയില്‍ ഹാജരാക്കും. എന്നാല്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ നടനെ കസ്റ്റഡിയിൽ വാങ്ങില്ല. ഈ മാസം 22-ന് സിദ്ധിഖിന്റെ കേസ് സുപ്രീംകോടതി വീണ്ടും പരി​ഗണിക്കും. ഹെെക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്. അറസ്റ്റ് ഉണ്ടായേക്കുമെന്ന് ഭയന്ന് ഒളിവിൽ പോയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായതിന് ശേഷമാണ് സിദ്ദിഖ് പുറത്തിറങ്ങിയത്.

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വെച്ച് സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. നടിയുടെ പരാതിയിന്മേൽ ഹോട്ടലിലും മറ്റും പൊലീസ് നടത്തിയ അന്വേഷണത്തിൽ സാഹചര്യത്തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് നടൻ മുൻകൂർ ജാമ്യാപേക്ഷയുമായി ഹെെക്കോടതിയെ സമീപിച്ചത്. ഇതോടെ സിദ്ദിഖ് ഒളിവിൽ പോയി.

സിദ്ദിഖിനെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനം ഉയർന്നതിനാൽ പിടികൂടാനായി വിമാനത്താവളങ്ങളിലും പത്രങ്ങളിലും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തിരച്ചിൽ വ്യാപിപ്പിച്ചെങ്കിലും നടനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചില്ല. ഇതിനിടയിൽ മകനും നടനുമായ ഷാഹീന്റെ സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, പ്രതിയെ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് സുപ്രീംകോടതി നിർദ്ദേശിക്കുകയും കേസ് ഈ മാസം 22-ലേക്ക് മാറ്റിവയ്ക്കുകയും ചെയ്തതോടെ സിദ്ദിഖ് കൊച്ചിയിൽ അഭിഭാഷകനെ കാണാനെത്തി.

സുപ്രീംകോടതി ജാമ്യം അനുവദിച്ചിട്ടും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ച് നടൻ അന്വേഷണ സംഘത്തിന് മെയിൽ അയച്ചത്. മുൻകൂർ ജാമ്യഹർജി പരി​ഗണിക്കുന്ന വേളയിൽ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് നടന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.