Ameya Nair: ‘അതുല്യയുടേതിന് സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്; അതിൽനിന്നും പുറത്തുകടക്കുക എളുപ്പമല്ല’; അമേയ നായർ
Ameya Nair on Her Toxic Past: അതുല്യയുടെ മരണത്തിനു ശേഷം കേരളത്തിൽ വിവാഹപ്രായം എത്തിനിൽക്കുന്ന പല പെൺകുട്ടികളും ഇപ്പോൾ വിവാഹജീവിതം ആവശ്യമാണോ എന്ന് തന്നെ ചിന്തിക്കുകയാണെന്ന് അമേയ പറയുന്നു.
ഷാർജയിൽ ഗാർഹിക പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത മലയാളി അതുല്യയുടെ മരണത്തിൽ പ്രതികരിച്ച് സീരിയൽ താരം അമേയ നായർ. അതുല്യയുടേതിന് സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് പറയുകയാണ് അമേയ. അത്തരം സാഹചര്യങ്ങളിൽ നിന്ന് പുറത്തുകടക്കുക എന്നത് എളുപ്പമല്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നടി പറയുന്നു.
അതുല്യയുടെ മരണത്തിനു ശേഷം കേരളത്തിൽ വിവാഹപ്രായം എത്തിനിൽക്കുന്ന പല പെൺകുട്ടികളും ഇപ്പോൾ വിവാഹജീവിതം ആവശ്യമാണോ എന്ന് തന്നെ ചിന്തിക്കുകയാണെന്ന് അമേയ പറയുന്നു. അതുല്യയുടേതിന് സമാനമായിരുന്നു തന്റെ ജീവിതാനുഭവങ്ങൾ. താൻ അതിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ, അത് അത്ര എളുപ്പമായിരുന്നില്ല. കുട്ടികൾക്കു വേണ്ടി ജീവിച്ചുകൂടേ, വിദ്യാഭ്യാസമില്ലേ ഒരു ജോലി കണ്ടെത്തിക്കൂടേ എന്നൊക്കെ ചോദിക്കുന്നവർ ഉണ്ട്. എന്നാൽ, ആ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തി ഇതൊന്നും ചിന്തിക്കണമെന്നില്ലെന്ന് അമേയ പറയുന്നു.
ആ സമയത്ത് അവർക്ക് ഏറ്റവും ആവശ്യം ഒരു ചേർത്തുപിടിക്കലാണ്. അത് മാതാപിതാക്കളിൽ നിന്നു പോലും ലഭിക്കാതിരിക്കുമ്പോൾ അവർക്ക് മുൻപിൽ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും ഉണ്ടാകില്ല. എത്ര വിദ്യാഭ്യാസമുള്ളയാളാണെങ്കിൽ പോലും അങ്ങനെ ചിന്തിച്ചുപോകുമെന്നും അമേയ കൂട്ടിച്ചേർത്തു. ഇത്തരം സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് പുറത്തേക്കു വന്ന് കുഞ്ഞുങ്ങളുമായി ജീവിക്കുന്ന സ്ത്രീകളോടുള്ള നിങ്ങളുടെ മനോഭാവം എന്താണെന്നും അമേയ ചോദിക്കുന്നു. യഥാർത്ഥത്തിൽ മറ്റു സ്ത്രീകളേക്കാൾ ബഹുമാനം അർഹിക്കുന്നത് അവരല്ലേയെന്നും താരം കൂട്ടിച്ചേർത്തു.
ALSO READ: രാജ് നിഡിമോരുമായുള്ള സാമന്തയുടെ വിവാഹം ഉറപ്പിച്ചു? വിവാഹ തീയതി നാഗ ചൈതന്യയ്ക്കുള്ള മറുപടിയോ?
കുടുംബ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് അമേയ നായർ. കുടുംബവിളക്ക്, കുടുംബശ്രീ ശാരദ തുടങ്ങിയ സൂപ്പർ ഹിറ്റ് സീരിയലുകളുടെ ഭാഗമാണ് താരം. സോഷ്യൽ മീഡിയയിലും സജീവമായ ഇവർ രണ്ട് മക്കളുടെ അമ്മയാണ്. വർഷങ്ങളോളം സിംഗിൾ മദർ ആയി ജീവിച്ച അമേയ അടുത്തിടെ സീരിയൽ താരം ജിഷിൻ മോഹനുമായി പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തിയിരുന്നു.