Suresh Krishna: ‘വേറെ എന്തെങ്കിലും ജോലി ചെയ്യാൻ വിദ്യാഭ്യാസം വേണം, അതില്ല’; സിനിമാമേഖല വിടാത്തത് എന്തുകൊണ്ടെന്ന് സുരേഷ് കൃഷ്ണ
Suresh Krishna About His Movie Career: വിദ്യാഭ്യാസം ഇല്ലാത്തതിനാലാണ് താൻ മറ്റ് ജോലിക്ക് ശ്രമിക്കാത്തതെന്ന് സുരേഷ് കൃഷ്ണ. ഇങ്ങനെ നിന്ന് ഇടയ്ക്ക് ഓരോ സിനിമ ചെയ്ത് പോയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ മേഖല വിടാത്തത് എന്തുകൊണ്ടാണെന്നറിയിച്ച് നടൻ സുരേഷ് കൃഷ്ണ. വേറെ എന്തെങ്കിലും ജോലി ചെയ്യാൻ വേണ്ട വിദ്യാഭ്യാസം തനിക്ക് ഇല്ലാത്തതിനാലാണ് സിനിമ വിടാത്തതെന്ന് അദ്ദേഹം അറിയിച്ചു. തൻ്റെ ഏറ്റവും പുതിയ സിനിമയായ ഫ്ലാസ്കിൻ്റെ പ്രമോഷൻ ഇൻ്റർവ്യൂവിൽ മാതൃഭൂമിയോടാണ് സുരേഷ് കൃഷ്ണയുടെ പ്രതികരണം.
“മതിയായി, വേറെ എന്തെങ്കിലും പണിക്ക് പോകാം എന്ന് തീരുമാനിക്കണമെങ്കിൽ എന്തെങ്കിലും വിദ്യാഭ്യാസം വേണം. അതില്ല. വേറെ എന്തെങ്കിലും പണി അറിയണം. അതും അറിയില്ല. അതുകൊണ്ട് അങ്ങനെ ഒരു ചിന്ത എൻ്റെ മനസിൽ വന്നിട്ടേയില്ല. എങ്ങനെയെങ്കിലും ഇവിടെ പിടിച്ചുനിൽക്കുക എന്നതാണ്. വലിയ അത്യാഗ്രഹങ്ങളൊന്നുമില്ല. ഇടയ്ക്കൊരു പടം ചെയ്ത് അങ്ങനെ അങ്ങ് പോകാം എന്നേയുള്ളൂ. അങ്ങനെ ചിന്തിച്ചിട്ട് ഇപ്പോൾ 34 വർഷമായി. അഭിനയം അല്ലെങ്കിലും ഇതിൽ വേറെ എന്തെങ്കിലും ഒരു ജോലി ഞാൻ കണ്ടുപിടിച്ച് സിനിമയിൽ തന്നെ നിൽക്കുകയേ ഉള്ളൂ. അത്രത്തോളം ഇഷ്ടപ്പെട്ട് നിൽക്കുന്നതാണ്. ഇത് കളഞ്ഞിട്ട് വേറൊരു പണിയിലേക്ക് എത്തിപ്പെടാൻ വലിയ പാടാ. എത് എനിക്കെന്നല്ല, സിനിമ ആഗ്രഹിച്ച് വന്നിട്ടുള്ള എല്ലാവരുടെയും അവസ്ഥ അത് തന്നെ ആയിരിക്കും.”- സുരേഷ് കൃഷ്ണ പ്രതികരിച്ചു.




രാഹുൽ റിജി നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ഫ്ലാസ്ക്. രാഹുൽ റിജി നായർ, ലിജോ ജോസഫ്, രതീഷ് എംഎം എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. ജയകൃഷ്ണൻ വിജയൻ ക്യാമറ കൈകാര്യം ചെയ്ത സിനിമയിൽ സിദ്ധാർത്ഥ പ്രദീപ് ആണ് സംഗീതസംവിധാനം. ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. സൈജു കുറുപ്പ്, സിദ്ധാർത്ഥ് ഭരതൻ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ മാസം 18നാണ് സിനിമ തീയറ്ററുകളിലെത്തിയത്.