Viji Aswath: 16-ാം വയസിൽ സിനിമയിലെത്തി; മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക; വിജി എന്തിന് ആത്മഹത്യ ചെയ്തു?
Viji Aswath Life Story: കാർത്തിക്, രാജേന്ദർ, നന്ദമൂരി ബാലകൃഷ്ണ, രജനികാന്ത്, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രമുഖ നായകന്മാർക്കൊപ്പമെല്ലാം ചെറുപ്രായത്തിൽ തന്നെ വിജിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു.

Viji Aswath
ചുരുക്കം സിനിമകളിലൂടെ എത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി അത്യുന്നതങ്ങളിൽ നിന്നും നിമിഷനേരം കൊണ്ട് അപ്രത്യക്ഷമാകുന്ന നിരവധി പേരാണ് സിനിമ മേഖലയിൽ കാണാൻ പറ്റാറുള്ളത്. കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങൾ കൊയ്തവരും, ഒന്നുമല്ലാതെ തീർന്നവരും നിരവധിയാണ്. ചിലർ സിനിമയിൽ നിന്ന് സ്വയം വിട്ടുനിൽക്കുമ്പോൾ മറ്റ് ചിലർ പലരുടെയും നിബന്ധനകൾക്ക് വിധേയമാകേണ്ടിവരുന്നു. എന്നാൽ മറ്റ് ചിലരാകട്ടെ.ദുരന്ത പര്യവസാനത്തിലേക്ക് എത്തുന്നു.
അത്തരത്തിൽ വെള്ളിത്തിരയിൽ നിറഞ്ഞാടിയ താരമാണ് നടി വിജി അശ്വത്. പതിനാറാമത്തെ വയസ്സിൽ സിനിമയിലേക്ക് എത്തിയ താരം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ഗംഗൈ അമരന്റെ കോഴി കൂവുത് എന്ന ചിത്രത്തിലൂടെ പ്രഭുവിന്റെ നായികയായാണ് വിജി അരങ്ങേറ്റം കുറിച്ചത്. രണ്ടാമത്തെ ചിത്രമായ സാച്ചിയിൽ നായകൻ വിജയകാന്ത് ആയിരുന്നു. ഇതിനു പിന്നാലെ കാർത്തിക്, രാജേന്ദർ, നന്ദമൂരി ബാലകൃഷ്ണ, രജനികാന്ത്, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രമുഖ നായകന്മാർക്കൊപ്പമെല്ലാം ചെറുപ്രായത്തിൽ തന്നെ വിജിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു.
എന്നാൽ ഇതിനിടെയിൽ 1996 ൽ ഇളയ ദളപതി വിജയുടെ പൂവേ ഉനകാഗ എന്ന ചിത്രത്തിൽ ഒരു ഗാനരംഗം ചെയ്തു കൊണ്ടിരിക്കവേ വിജിക്ക് നടുവേദനയും, ഇടുപ്പ് വേദനയും അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെ താരത്തിന് സുഷുമ്നാ നാഡി ശസ്ത്രക്രിയയ്ക്ക് വിധേയയായി. എന്നാൽ ശസ്ത്രക്രിയ പിഴവ് മൂലം ഗുരുതരമായ മുറിവും, അണുബാധയും സംഭവിക്കുകയും നടിയുടെ ജീവിതം ദുരിതപൂർണ്ണമായി മാറുകയും ചെയ്തു.ചികിത്സാപിഴവുകൾ പരിഹരിക്കാൻ വിജി ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയയായി, ഏകദേശം മൂന്ന് വർഷത്തിനുശേഷം സുഖം പ്രാപിക്കുകയും ചെയ്തു.
നടിക്ക് സിനിമ മേഖലയിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിരുന്നു. ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്തിട്ടുള്ള വിജയകാന്ത് നടിക്ക് പരമാവധി സഹായങ്ങളാണ് ചെയ്തിരുന്നത്. തുടർന്ന് 2000-ത്തിൽ സിമ്മാസനം എന്ന ചിത്രത്തിലൂടെ നടി തിരിച്ചുവരവ് നടത്തി. ഇതായിരുന്നു വിജിയുടെ അവസാന ചിത്രം. 2000 നവംബർ 27-ന് ചെന്നൈയിലെ വീട്ടിൽ വിജി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അവരുടെ മരണം ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയെ ഞെട്ടിച്ചു. പ്രമുഖ സംവിധായകനുമായി നടി പ്രണയത്തിലായിരുന്നുവെന്നും സംവിധായകൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത് എന്നുമാണ് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.