Anoop sathyan about Sreenivasan: ബ്ലഡ് എടുക്കാൻ വന്ന നേഴ്സിനെ കല്യാണം ആലോചിച്ചത് മുതൽ വിയോഗവാർത്തയുടെ വേദന വരെ… ശ്രീനിവാസന്റെ ഓർമ്മയിൽ അനൂപ് സത്യൻ
Anoop Sathyan Shares Emotional Memories of Sreenivasan: ഏറ്റവും കൂടുതൽ അറിയുന്നത് അഛനിൽ നിന്നും കേട്ട സിനിമക്കപ്പുറത്ത് ഉള്ള ശ്രീനിവാസനെയാണ്. ലൈഫിലെ ഏതൊരു മൊമന്റിനും ഒരു അഛൻ-ശ്രീനിയങ്കിൾ കഥയുണ്ട്. അതോർത്തെടുത്ത് പറയാൻ അഛനൊരു സെക്കന്റ് മതി. ഇന്ന് രാവിലെ വിളിച്ച കോളിലൊഴികെ... "ശ്രീനി പോയി"..... അതിന്റെ കൂടെ പറയാൻ വേറൊന്നും ഇല്ല.

Sreenivasan, Sathyan Anthikkad, Anoop Sathyan
കൊച്ചി: മലയാള സിനിമയിലെ ഇതിഹാസ താരം ശ്രീനിവാസന്റെ വിയോഗത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ അനൂപ് സത്യൻ. വെറുമൊരു കുടുംബസുഹൃത്ത് എന്നതിലുപരി തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമായിരുന്നു ‘ശ്രീനിയങ്കിൾ’ എന്ന് അനൂപ് ഓർക്കുന്നു.
ശ്രീനി പോയി എന്ന് മാത്രം പറഞ്ഞ് അച്ഛൻ സത്യൻ അന്തിക്കാട് ഫോൺ കട്ട് ചെയ്ത നിമിഷത്തെ വളരെ വേദനയോടെയാണ് അനൂപ് പങ്കുവെക്കുന്നത്. സാധാരണ ശ്രീനിവാസന്റെ വിശേഷങ്ങൾ പങ്കുവെക്കാറുള്ള അച്ഛന് ഇത്തവണ ആ പേരിനൊപ്പം ചേർത്തുപറയാൻ കഥകളൊന്നുമുണ്ടായിരുന്നില്ല. തന്റെ ഏറ്റവും പ്രിയപ്പെട്ട തിരക്കഥാകൃത്ത് ശ്രീനിവാസനാണെന്ന് അനൂപ് വെളിപ്പെടുത്തുന്നു.
തന്റെ ആദ്യ സിനിമ എഴുതാനിരുന്നപ്പോൾ ശ്രീനിവാസന്റെ ഒരു തിരക്കഥാ പുസ്തകം അരികിൽ തുറന്നുവെച്ചാണ് താൻ രചന നിർവഹിച്ചതെന്ന കാര്യം അദ്ദേഹം അഭിമാനത്തോടെ ഓർക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം
“ശ്രീനി പോയി”.
ഇത് മാത്രം പറഞ്ഞ് ഒരു സെക്കന്റ് കഴിഞ്ഞ് അഛൻ ഫോൺ കട്ട് ചെയ്തു.
ഈയിടെ പെട്ടെന്നെങ്ങാനും ശ്രീനിയങ്കിൾ ഹോസ്പിറ്റലിൽ അഡ്മിറ്റാകുമ്പോൾ അഛന്റെ കോൾ വരാറുണ്ട്. “ഒന്നു പോയി നോക്കു” എന്ന് പറഞ്ഞ്.
ഞാൻ പോകും. വിമലാന്റിയെ കാണും. ആന്റി “ഇപ്പൊ കുഴപ്പമൊന്നുമില്ല” എന്ന് പറഞ്ഞു എന്നെ അങ്കിളിന്റെ അടുത്ത് കൊണ്ടു പോകും. ഞാൻ അഛൻ പറഞ്ഞോർമ്മയുള്ള അവരുടെ പഴയ കഥകളെന്തെങ്കിലും പറഞ്ഞിരിക്കും.
തിരിച്ചു പോകുന്ന വഴി അഛനെ വിളിച്ച് അന്നത്തെ കാര്യം പറയും. “ക്ഷീണമുണ്ട്. പക്ഷെ അങ്കിൾ ഓക്കെയാണ്. വിമലാന്റി എന്റെ കല്ല്യാണക്കാര്യം എടുത്തിട്ടപ്പോൾ, കറക്റ്റ് ടൈമിൽ ബ്ലഡ് എടുക്കാൻ വന്ന നഴ്സിനെ പിടിച്ചു നിർത്തി എനിക്ക് കല്ല്യാണം ആലോചിച്ചു. നഴ്സിനും എനിക്കും നാണം വന്നു.” അഛൻ ചിരിച്ചു കൊണ്ട് ഇത് പോലെയുള്ള മറ്റൊരു സംഭവം പറയും.
ഈ സമയത്താണ് ഞാൻ ഏറ്റവും കൂടുതൽ ശ്രീനിയങ്കിളിന്റെ കൂടെയിരുന്നിട്ടുള്ളത്. അഛന്റെ കൂടെ ഉദയം പേരൂർ ഉള്ള വീട്ടിൽ വെച്ചും, പിന്നെ ഹോസ്പിറ്റലിൽ ആകുന്ന സമയങ്ങളിലും. ആരോഗ്യം മോശമായ കാലമാണ്, സംസാരിക്കുന്നത് ബുദ്‌ധിമുട്ടിയാണ്. പക്ഷേ ചില കാര്യങ്ങളും കഥകളും അങ്കിൾ ഓർത്തെടുത്ത് പറയുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട്, ഈ സ്ട്രോക്കിനും ഹാർട്ട് ഇഷ്യൂസിനും പിടി കൊടുക്കാത്ത ഒരു ശ്രീനിവാസൻ ഇപ്പോഴും മുന്നിലിരിക്കുന്നയാളിലുണ്ടെന്ന്.
Also read – ശ്രീനിവാസന്റെ ഭാര്യ, മമ്മൂട്ടിയുടെ കാമുകി; വിവാഹത്തോടെ സിനിമയോടും ലോകത്തോടും വിടപറഞ്ഞ നടി ശ്യാമ
രണ്ടാഴ്ച്ച മുൻപാണ് ഞാൻ അവസാനമായി അങ്കിളിനെ കണ്ടത്. ഒന്നു വീണപ്പോൾ കാലിൽ ചെറിയൊരു പൊട്ടൽ ഉണ്ടായി അഡ്മിറ്റായതാണ്. സ്നേഹം ഒരു ഡിസ്റ്റൻസിൽ കാണിക്കുന്നയാളാണ്. പക്ഷേ അന്ന് ഞാൻ അടുത്തിരുന്നപ്പോൾ എന്റെ കൈ പിടിച്ചിരുന്നാണ് സംസാരിച്ചത്. “ജീവിതത്തിൽ അനുഭവിച്ചതിൽ ഏറ്റവും വലിയ വേദനയാണ്, കഴിഞ്ഞ മൂന്നു മണിക്കൂറിൽ ഞാൻ അനുഭവിച്ചത്” എന്നു പറഞ്ഞു.
അതിനി ഉണ്ടാവില്ലല്ലോ എന്നു സ്വയം പറഞ്ഞ് ഞാൻ ഇപ്പോൾ സമാധാനിക്കുന്നു.
എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ക്രിപ്റ്റ് റൈറ്റർ ശ്രീനിയങ്കിളാണ്. എന്റെ ആദ്യ സിനിമ ഞാൻ എഴുതിയത് അദ്ദേഹത്തിന്റെ ഒരു സ്ക്രിപ്റ്റ് ബുക്ക് അപ്പുറത്ത് തുറന്നു വെച്ചിട്ടാണ്.
ഏറ്റവും കൂടുതൽ അറിയുന്നത് അഛനിൽ നിന്നും കേട്ട സിനിമക്കപ്പുറത്ത് ഉള്ള ശ്രീനിവാസനെയാണ്.
ലൈഫിലെ ഏതൊരു മൊമന്റിനും ഒരു അഛൻ-ശ്രീനിയങ്കിൾ കഥയുണ്ട്. അതോർത്തെടുത്ത് പറയാൻ അഛനൊരു സെക്കന്റ് മതി. ഇന്ന് രാവിലെ വിളിച്ച കോളിലൊഴികെ…
“ശ്രീനി പോയി”….. അതിന്റെ കൂടെ പറയാൻ വേറൊന്നും ഇല്ല.