BTS: പ്രഖ്യാപിച്ച് മിനിറ്റുകൾക്കകം വിറ്റുതീർന്നു, റെക്കോർഡുകൾ തിരുത്തികുറിക്കാൻ ബിടിഎസ് വീണ്ടും; ARIRANG എന്ന്?
BTS New Album ARIRANG: പ്രഖ്യാപിച്ച് മിനിറ്റുകൾക്കകം തന്നെ ആല്‍ബം ബുക്കിങ് മുഴുവനായി തീര്‍ന്നത് ആരാധകരുടെ കാത്തിരിപ്പിന്റെ ആവേശം തെളിയിക്കുകയാണ്. ആൽബം റിലീസിന് പിന്നാലെ ഏപ്രിൽ മാസം മുതൽ ബിടിഎസ് പുതിയ വേൾഡ് ടൂറും ആരംഭിക്കും.
ലോകമെമ്പാടുമുള്ള ബിടിഎസ് ആരാധകരുടെ കാത്തിരിപ്പിന് ഉടൻ വിരാമമാകും. സംഗീത പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് കെ-പോപ്പ് ഇതിഹാസങ്ങളായ ബിടിഎസ് തങ്ങളുടെ പുതിയ ആൽബം പ്രഖ്യാപിച്ചിരിക്കുകയാണ്. ‘അരിരംഗ്’ (Arirang) എന്ന് പേരിട്ടിരിക്കുന്ന ആൽബത്തിലൂടെ സൈനിക സേവനത്തിന് ശേഷം ബിടിഎസ് താരങ്ങൾ വീണ്ടും ഒന്നിക്കുകയാണ്. പ്രഖ്യാപിച്ച് മിനിറ്റുകൾക്കകം തന്നെ ആല്‍ബം ബുക്കിങ് മുഴുവനായി തീര്‍ന്നത് ആരാധകരുടെ കാത്തിരിപ്പിന്റെ ആവേശം തെളിയിക്കുകയാണ്.
അഞ്ചാമത്തെ സ്റ്റുഡിയോ ആൽബമായ ‘അരിരംഗ്’ 2026 മാർച്ച് 20-ന് പുറത്തിറങ്ങുമെന്ന് ബിഗ് ഹിറ്റ് മ്യൂസിക് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൂന്ന് വര്‍ഷവും ഒന്‍പത് മാസവും കഴിഞ്ഞ് ആ ഏഴ് രാജാക്കന്മാർ ഒരുമിക്കുമ്പോൾ പല റെക്കോർഡുകളും തകർന്ന് വീഴുമെന്ന് ആർമി വിധിയെഴുതി കഴിഞ്ഞു.
എന്താണ് ‘അരിരംഗ്’?
കൊറിയൻ സംസ്‌കാരത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ‘അരിരംഗ്. ദക്ഷിണ കൊറിയയുടെ അനൗദ്യോഗിക ദേശീയ ഗാനമായിട്ടാണ് അരിരംഗ് കണക്കാക്കപ്പെടുന്നത്. ഇത് കേവലം ഒരു പാട്ടല്ല, മറിച്ച് കൊറിയൻ ജനതയുടെ വികാരമാണ്. മാനവികതയുടെ അദൃശ്യമായ സാംസ്‌കാരിക പൈതൃകമായി യുനെസ്കോ ഈ പാട്ടിനെ അംഗീകരിച്ചിട്ടുണ്ട്. ‘അരിരംഗ്’ എന്ന വാക്കിന് നിഘണ്ടുക്കളിൽ കൃത്യമായ ഒരു അർത്ഥം നൽകാനാവില്ലെങ്കിലും, ഇത് പ്രിയപ്പെട്ടവരിൽ നിന്നുള്ള വേർപിരിയൽ, വേദന, പ്രത്യാശ എന്നിവയെ സൂചിപ്പിക്കുന്നുവെന്നാണ് വിവരം. ‘പ്രിയപ്പെട്ടവൻ’ അല്ലെങ്കിൽ ‘സൗന്ദര്യമുള്ളവൻ’ എന്ന അർത്ഥങ്ങളും പറയാറുണ്ട്.
ബിടിഎസ് ഈ പേര് തിരഞ്ഞെടുത്തത് എന്തുകൊണ്ട്?
ബിടിഎസ് അംഗങ്ങൾ തങ്ങളുടെ രാജ്യത്തോടുള്ള സ്നേഹവും കൊറിയൻ പാരമ്പര്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്. സൈനിക സേവനത്തിനായി ആരാധകരിൽ നിന്നും വിട്ടുനിന്ന കാലയളവിലെ വേദനയും, വീണ്ടും ഒന്നിക്കുന്നതിന്റെ സന്തോഷവും പ്രകടിപ്പിക്കാനാണ് അവർ ‘അരിരംഗ്’ എന്ന പേര് തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ.
വേർപിരിയലിന് ശേഷമുള്ള ഒത്തുചേരൽ, അതിജീവനം, സ്നേഹം എന്നിവയായിരിക്കും ആൽബത്തിന്റെ പ്രധാന പ്രമേയം. ആൽബം റിലീസിന് പിന്നാലെ ഏപ്രിൽ മാസം മുതൽ ബിടിഎസ് പുതിയ വേൾഡ് ടൂറും ആരംഭിക്കും.