Shankar Mahadevan: ‘രാജ്യത്തെ ഏറ്റവും മികച്ച സിനിമയും ഭക്ഷണവും കേരളത്തിലാണ്’; പ്രകീർത്തിച്ച് ശങ്കർ മഹാദേവൻ
Shankar Mahadevan About Kerala: രാജ്യത്തെ ഏറ്റവും മികച്ച ഭക്ഷണവും സിനിമയും കേരളത്തിലാണെന്ന് ശങ്കർ മഹാദേവൻ. ചത്താ പച്ച ട്രെയിലർ ലോഞ്ചിൽ വച്ചാണ് പുകഴ്ത്തൽ.
കേരളത്തെ പുകഴ്ത്തി ഗായകനും സംഗീതസംവിധായകനുമായ ശങ്കർ മഹാദേവൻ. രാജ്യത്തെ ഏറ്റവും മികച്ച ഭക്ഷണവും സിനിമയും കേരളത്തിലാണെന്ന് ശങ്കർ മഹാദേവൻ പറഞ്ഞു. വൈകാതെ പുറത്തിറങ്ങുന്ന ചത്താ പച്ച എന്ന സിനിമയിലെ സംഗീതസംവിധായകനാണ് ശങ്കർ. ശങ്കർ – ഇഹ്സാൻ – ലോയ് ത്രയമാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്തുകൊണ്ടാണ് ശങ്കർ മഹാദേവൻ്റെ പുകഴ്ത്തൽ.
30 കൊല്ലമായി ഹിന്ദി സിനിമ ചെയ്യുന്ന തങ്ങളുടെ ആദ്യ മലയാള സിനിമയാണ് ചത്താ പച്ച എന്ന് ശങ്കർ മഹാദേവൻ പറഞ്ഞു. വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു ഇത്. ഗാനരചയിതാവ് വിനായക് ശശികുമാർ കയ്യടി അർഹിക്കുന്നുണ്ട്. തങ്ങളെ സ്നേഹിച്ചതിനും അംഗീകരിച്ചതിനും നന്ദിയുണ്ട്. അവസരം ലഭിക്കാത്തതിനാലാണ് മലയാളത്തിലേക്കുള്ള വരവ് വൈകിയത്. ഒരു മലയാള സിനിമ ചെയ്യാൻ കഴിഞ്ഞത് അഭിമാനമായി കരുതുന്നു. കഴിഞ്ഞ പത്ത് വർഷത്തിൽ മലയാളത്തിൽ നിന്നാണ് മികച്ച സിനിമകൾ ഉണ്ടായത്. രാജ്യത്തെ ഏറ്റവും മികച്ച ഭക്ഷണവും സിനിമയും കേരളത്തിലാണെന്നും ശങ്കർ മഹാദേവൻ പറഞ്ഞു.
സനൂപ് തൈക്കൂടത്തിൻ്റെ തിരക്കഥയിൽ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന സിനിമയാണ് ചത്താ പച്ച. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയിൽ അമ്മൂട്ടി അതിഥിവേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ആനന്ദ് സി ചന്ദ്രൻ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രവീൺ പ്രഭാകർ എഡിറ്റിങ്.
ബോളിവുഡിലെ പ്രമുഖരിൽ പലരും പങ്കായ സിനിമയാണ് ചത്താ പച്ച. പ്രമുഖ മ്യൂസിക് സ്റ്റുഡിയോ ആയ ടി സീരീസാണ് സിനിമയിലെ ഗാനങ്ങളുടെ അവകാശം നേടിയിരിക്കുന്നത്. മുജീബ് മജീദാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ജനുവരി 22ന് സിനിമ തീയറ്ററുകളിലെത്തും.