Cinema Strike: ഈ മാസം 22ന് സിനിമാ പണിമുടക്ക്; തീയറ്ററുകളടക്കം അടച്ചിടുമെന്ന് സംഘടനകൾ
Cinema Strike On January 22: ഈ മാസം 22ന് സിനിമാ പണിമുടക്ക്. ഷൂട്ടിംഗ് ഉൾപ്പെടെ നിർത്തിവെക്കുമെന്ന് സംഘടനകൾ അറിയിച്ചു.
ഈ മാസം 22ന് സിനിമാ പണിമുടക്ക് പ്രഖ്യാപിച്ച് വിവിധ സംഘടനകൾ. ഷൂട്ടിംഗുകൾ നിർത്തിവെക്കുമെന്നും സംസ്ഥാന വ്യാപകമായി തീയറ്ററുകൾ അടച്ചിടുമെന്നും സംഘടനകൾ അറിയിച്ചു. ഇതൊരു സൂചനാപണിമുടക്ക് മാത്രമാണെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും സംഘടനകൾ അറിയിച്ചു.
ജിഎസ്ടിയ്ക്ക് പുറമേയുള്ള വിനോദനികുതി പിൻവലിക്കണമെന്ന ആവശ്യമുയർത്തിയാണ് സിനിമാസംഘടനകളുടെ പണിമുടക്ക്. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന വിനോദനികുതി താങ്ങാനാവുന്നതല്ലെന്ന് സംഘടനകൾ ആരോപിക്കുന്നു. തീയറ്ററുകളുടെ വൈദ്യുതി താരിഫുമായി ബന്ധപ്പെട്ടും സംഘടനകൾ എതിർപ്പുയർത്തുന്നുണ്ട്. തീയറ്ററുകൾക്ക് മാത്രമായി പ്രത്യേക വൈദ്യുതി താരിഫ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇതൊക്കെ കഴിഞ്ഞ ആറ് വർഷക്കാലമായി വിവിധ സിനിമാസംഘടനകൾ ഉന്നയിച്ചതാണ്. അതിലൊന്നും പരിഹാരം കാണാത്തതിനെ തുടർന്നാണ് സംയുക്ത പ്രതിഷേധ പരിപാടിയിലേക്ക് സംഘടനകൾ കടക്കുന്നത്.
Also Read: Jana Nayagan: പാടില്ലാത്തത് നിരവധി , ജനനായകന് കിട്ടിയതും, U/A സർട്ടിഫിക്കറ്റ് ഇങ്ങനെ
മുഖ്യമന്ത്രി പിണറയി വിജയനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ സംഘടകൾ ഈ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. സിനിമാസംഘടനകളും സംസ്ഥാന സർക്കാരുമായി പലതവണ ചർച്ചകൾ നടക്കുകയും ചെയ്തു. ഈ ചർച്ചകളിലൊന്നും സംഘടനകളുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെട്ടില്ല. ഈ മാസം 14ന് സിനിമാസംഘടനകളുമായി സർക്കാർ വീണ്ടും ചർച്ച നടത്തും. ഈ ചർച്ചയിലെ ഫലം അനുസരിച്ചാവും സമപരിപാടികൾ ആസൂത്രണം ചെയ്യുക.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലും വിവിധ സംഘടനകൾ ചേർന്ന് സംയുക്ത സമരം തീരുമാനിച്ചിരുന്നു. താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്നും ജിഎസ്ടിയ്ക്ക് ഒപ്പമുള്ള വിനോദനികുതി പിൻവലിക്കണമെന്നും ആവശ്യങ്ങളുന്നയിച്ചാണ് സമരം തീരുമാനിച്ചത്. ജൂൺ ഒന്ന് മുതൽ സമരം ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ, ഇത് സംഘടനാ തീരുമാനം അല്ലെന്ന് ആരോപിച്ചുകൊണ്ട് നിർമ്മാതാവ് സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത് വിവാദമായി. പിന്നാലെ സമരതീരുമാനത്തിൽ നിന്ന് സംഘടനകൾ പിന്മാറുകയും ചെയ്തു. മാസങ്ങൾക്ക് ശേഷമാണ് ഇതേ ആവശ്യങ്ങളുമായി വീണ്ടും സമരപ്രഖ്യാപനം.