Desh Ragam Malayalam songs : വന്ദേമാതരം മുതൽ തമാശപ്പാട്ടുകൾ വരെ…. മലയാളത്തിൽ നിങ്ങൾ ഇഷ്ടത്തോടെ കേട്ടിട്ടുള്ളതിൽ ദേശ് രാഗമുണ്ട്
Desh Raga in Malayalam Songs: പേര് പോലെ തന്നെ ദേശഭക്തിയാണ് ഇതിന്റെ പ്രധാന ഭാവം. അതുകൊണ്ടാവും വന്ദേമാതരം ചിട്ടപ്പെടുത്താൻ ഈ രാഗം ഉപയോഗിച്ചിട്ടുള്ളത്.
മലയാളത്തിൽ പലതരത്തിലുള്ള പാട്ടുകൾ നാം ശ്രദ്ധിക്കാറുണ്ട്. അതിൽ ഭക്തിഗാനങ്ങൾ ഉണ്ടാവാം റാപ്പുകൾ ഉണ്ടാവാം തമാശ പാട്ടുകൾ ഉണ്ടാവാം മെലഡികൾ ഉണ്ടാവാം. നിങ്ങളുടെ മൂഡ് അനുസരിച്ച് കേൾക്കുന്ന പാട്ടുകളും മാറിമാറി വരും. പല രാഗങ്ങളും പല മൂഡുകൾക്കും പറ്റിയതാണ്. മനസ്സിനു സന്തോഷം തരുന്ന നിരവധി രാഗങ്ങൾ ഉണ്ട്. അതിൽ പ്രധാനമാണ് ഹിന്ദുസ്ഥാനി സംഗീതത്തിലും കർണാടക സംഗീതത്തിലും ഒരുപോലെ പ്രചാരത്തിലുള്ള ദേശ് രാഗം.
പേര് പോലെ തന്നെ ദേശഭക്തിയാണ് ഇതിന്റെ പ്രധാന ഭാവം. അതുകൊണ്ടാവും വന്ദേമാതരം ചിട്ടപ്പെടുത്താൻ ഈ രാഗം ഉപയോഗിച്ചിട്ടുള്ളത്. ഇനി മലയാള സിനിമയുടെ കാര്യം എടുത്താൽ ഇതിന്റെ ഭാവം മാറുന്നു. കേവലം ദേശഭക്തിഗാനത്തിൽ ഒതുങ്ങി നിൽക്കാതെ തമാശപ്പാട്ടുകൾക്കും ശാന്ത ഭാവത്തിലുള്ള അല്ലെങ്കിൽ മധുര ഭാവത്തിലുള്ള പാട്ടുകൾക്കും ഈ രാഗം ഉപയോഗിച്ചിട്ടുള്ളതായി കാണാം. കേൾവിക്കാർക്ക് പെട്ടെന്ന് ഇഷ്ടമാകുന്ന തരത്തിലുള്ള ഒരു രാഗമാണിത്.
മലയാള സിനിമയിൽ ദേശ്
ഗ്രാമ ഫോണിലെ എന്തേ എന്നും വന്നീല… എന്ന പാട്ട് റിൽസിലൂടെയും അല്ലാതെയും നമ്മുടെയെല്ലാം മനസ്സ് കവർന്നതാണ്. കാക്കക്കുയിലിലെ മേഘ രാഗം… കാലം എത്ര കടന്നാലും മാറ്റ് കുറയാത്ത മനോഹര സൃഷ്ടി. യേശുദാസ് പാടി അഭിനയിച്ച റംസാൻ നിലാവത്ത് പെണ്ണല്ലേ… എന്ന പാട്ട് സിനിമയത്ര ശ്രദ്ധേയമായില്ലെങ്കിൽ പോലും നമ്മുടെ മനസ്സിൽ ഇടം പിടിച്ചതാണ്. മയിൽപീലിക്കാവിലെ മയിലായി പറന്നുവാ… എന്ന ഗാനവും ഇത്രകാലം കഴിഞ്ഞിട്ടും മലയാളി മറന്നു പോയിട്ടില്ല.
ഇനി കാലം എത്ര കടന്നുപോയാലും പാട്ടുകളുടെ സ്റ്റൈൽ എത്ര മാറിയാലും മലയാളി എന്നും നെഞ്ചോട് ചേർക്കുന്ന ഒരു പുഷ്പം മാത്രം എടുക്കാം. അതും ദേശിൽ തന്നെ. ഇങ്ങനെ എത്ര എത്ര ഗാനങ്ങൾ. നമ്മെ രസിപ്പിച്ച നമ്മുടെ സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്ന് സ്വപ്നങ്ങളിൽ നിറം നിറച്ചു നിൽക്കുന്നു.