Dileep: ഇത് പ്രതീക്ഷിച്ചു, മറിച്ച് സംഭവിച്ചിരുന്നെങ്കിൽ അത്ഭുതപ്പെടുമായിരുന്നു; ഭാഗ്യലക്ഷ്മി
Dileep Actress Assault Case: താനിപ്പോൾ അവൾക്കൊപ്പം ഇരുന്നാണ് സംസാരിക്കുന്നത്.. മരണംവരെ അവൾക്കൊപ്പം എന്നും ഭാഗ്യലക്ഷ്മി....
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടിയും ഡബ്ബിങ് ആർട്ടിസ്റ്റും ആയ ഭാഗ്യലക്ഷ്മി. ഈ വിധി പ്രതീക്ഷിച്ചതായിരുന്നു എന്നും. മറിച്ച് ഒരു വിധി വന്നിരുന്നെങ്കിൽ അത്ഭുതപ്പെടുമായിരുന്നു എന്നുമാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
അതിജീവിതയും നീതി നിഷേധിക്കപ്പെട്ടതിന്റെ ഷോക്കിലാണ്. താനിപ്പോൾ അവൾക്കൊപ്പം ഇരുന്നാണ് സംസാരിക്കുന്നത്.. മരണംവരെ അവൾക്കൊപ്പം എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മഞ്ജു വാര്യർക്കെതിരായ ആക്ഷേപം അനാവശ്യമാണെന്നും, അമ്മ ഈ വിധി ആഘോഷിക്കും എന്നും ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ALSO READ: മഞ്ജുവും പോലീസും ചില മാധ്യമപ്രവർത്തകരും ചേർന്ന് കള്ളക്കഥ പ്രചരിപ്പിച്ചു; ദിലീപ്
വിധി വന്നതിനു പൊന്നാലെ wcc അംഗങ്ങളെല്ലാം അവൾക്കൊപ്പം എന്ന #ടാഗും ഫോട്ടോയും പങ്കുവെച്ചു. രമ്യ നമ്പീശൻ റീമ കല്ലിങ്കൽ പാർവതി തിരുത്ത് എന്നിവരെല്ലാം തന്നെ അതിജീവിതയ്ക്കൊപ്പം എന്ന് വീണ്ടും ഉറപ്പിച്ചു പറയുകയാണ്. അതേസമയം നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ എന്നാണ് സിനിമാ സംഘടനയായ അമ്മയുടെ പ്രതികരണം. അമ്മ കോടതിയെ ബഹുമാനിക്കുന്നു എന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചു. കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയായിരുന്നു. കേസിലെ ആദ്യത്തെ ആറ് പ്രതികൾക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്.
അതേസമയം കേസ് മഞ്ജു വാര്യരും ചില പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ചേർന്ന് കെട്ടിച്ചമച്ചത് ആണെന്നാണ് നടൻ ദിലീപിന്റെ പ്രതികരണം. നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ മഞ്ജുവാര്യർ നടത്തിയ പ്രസംഗം ആണ് ഈ കേസിന് കാരണമായതെന്നും ദിലീപ് ആരോപിച്ചു. ഇതിനുവേണ്ടി ചില പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും കൂട്ടുനിന്നു. ഒപ്പം ഈ കേസിൽ തന്നെ വിശ്വസിച്ചവർക്കും ഒപ്പം നിന്നവർക്കും ദിലീപ് നന്ദി അറിയിക്കുകയും ചെയ്തു.