Actress Attack Case: ‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ’; നടിയെ ആക്രമിച്ച കേസിൽ ആദ്യ പ്രതികരണവുമായി അമ്മ സംഘടന
AMMA Responds to Kerala Actress Attack Case Verdict: നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നുമാണ് പ്രതികരണം. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരസംഘടന പ്രതികരിച്ചത്.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ സംഭവത്തിൽ പ്രതികരിച്ച് മലയാള താരസംഘടനയായ അമ്മ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നുമാണ് പ്രതികരണം. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരസംഘടന പ്രതികരിച്ചത്.
നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ നടൻ ദിലീപിനെ താരസംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വീട്ടില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് താരസംഘടന തീരുമാനമെടുത്തത്. ഇതിന് ശേഷം മോഹൻലാൽ പ്രസിഡന്റായി സ്ഥാനമേറ്റതോടെ ദിലീപിനെ തിരിച്ചെടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ, സംഭവം കൂടുതൽ വിവാദമായതോടെ അമ്മയിലേക്ക് ഇല്ലെന്നും ദിലീപ് തന്നെ പ്രഖ്യാപിക്കുകയായിരുന്നു.
Also Read:ഇത് പ്രതീക്ഷിച്ചു, മറിച്ച് സംഭവിച്ചിരുന്നെങ്കിൽ അത്ഭുതപ്പെടുമായിരുന്നു; ഭാഗ്യലക്ഷ്മി
അതേസമയം കേസിൽ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു. ഇവർക്കുള്ള ശിക്ഷാവിധി 12 ന് പറയും. കേസിലെ ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികളെ കുറ്റവിമുക്തനാക്കി. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്നും കോടതി പറഞ്ഞു.
ഇതിനു പിന്നാലെ ദിലീപ് പ്രതികരിച്ച് രംഗത്ത് എത്തി. തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നെന്നും തന്റെ കരിയറും ജീവിതവും നശിപ്പിക്കാനായിരുന്നു അതെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് നടി മഞ്ജു വാര്യര്‍ പറഞ്ഞതില്‍ നിന്നാണ് തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചതെന്നും ദിലീപ് പറഞ്ഞിരുന്നു. കൂടെനിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പ്രാർഥിച്ചവരോടും നന്ദി പറയുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം കോടതിയില്‍ നിന്ന് പുറത്തുവന്ന ദിലീപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.