kantara 2 Release: കാന്താര – 2 കേരളത്തിലെത്തും, പ്രശ്നങ്ങൾ പരിഹരിച്ചത് ഇങ്ങനെ…
FEOK Confirms 'Kantara 2' Release in Kerala: ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.
കൊച്ചി: ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായി അഭിനയിക്കുന്ന ‘കാന്താര: എ ലെജൻഡ് -ചാപ്റ്റർ 1’ എന്ന ചിത്രം കേരളത്തിൽ റിലീസ് ചെയ്യും. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള ( ഫിയോക്ക് ) ആണ് ഇക്കാര്യം അറിയിച്ചത്. വിതരണക്കാരുമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിച്ചതായും, തിയേറ്റർ കളക്ഷന്റെ 50 ശതമാനം വിതരണക്കാർക്ക് നൽകാമെന്നും ഫിയോക്ക് വ്യക്തമാക്കി. ബിസിനസിൽ ചില ഒത്തുതീർപ്പുകൾ നടത്തിക്കൊണ്ടാണ് വിതരണക്കാരായ മാജിക് ഫ്രെയിംസുമായുള്ള തർക്കങ്ങൾ ഫിയോക്ക് ചർച്ചയിലൂടെ പരിഹരിച്ചത്.
ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. സിനിമയുടെ നെറ്റ് കളക്ഷന്റെ 55% രണ്ട് ആഴ്ചത്തേക്ക് വേണമെന്നായിരുന്നു മാജിക് ഫ്രെയിംസിന്റെ ആവശ്യം. എന്നാൽ, ഒരു ആഴ്ചത്തേക്ക് മാത്രം അനുമതി നൽകാനാണ് ഫിയോക്ക് തയ്യാറായത്. ഈ വിഷയത്തിൽ വിതരണക്കാർ ഉറച്ചുനിന്നതോടെയാണ് പ്രശ്നം ചർച്ചയിലൂടെ പരിഹരിച്ചത്.
2022-ൽ പുറത്തിറങ്ങിയ ‘കാന്താര’ എന്ന ചിത്രം വലിയ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. ‘കെജിഎഫ്’, ‘കാന്താര’, ‘സലാർ’ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമിച്ച ഹോംബാലെ ഫിലിംസാണ് ‘ചാപ്റ്റർ വണ്ണി’ന്റെയും നിർമാതാക്കൾ. ചിത്രം ഒക്ടോബർ 2-ന് റിലീസ് ചെയ്യും.