Hareesh Kanaran: ‘കടം നൽകിയ പണം തിരികെചോദിച്ചതിന് ബാദുഷ സിനിമാവസരം ഇല്ലാതാക്കി’; ആരോപണവുമായി ഹരീഷ് കണാരൻ
Hareesh Kanaran Against Badusha: കടം നൽകിയ പണം തിരികെ ചോദിച്ചതിന് ബാദുഷ തൻ്റെ സിനിമാവസരം ഇല്ലാതാക്കിയെന്ന് ഹരീഷ് കണാരൻ. എആർഎം എന്ന സിനിമയിലെ അവസരം നഷ്ടപ്പെടുത്തിയെന്നാണ് ആരോപണം.
പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ എൻഎം ബാദുഷയ്ക്കെതിരെ നടൻ ഹരീഷ് കണാരൻ. ‘കടം നൽകിയ പണം തിരികെചോദിച്ചതിന് ബാദുഷ സിനിമാവസരം ഇല്ലാതാക്കിയെന്നാണ് ഹരീഷ് ആരോപിച്ചത്. മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഹരീഷ് കണാരൻ്റെ ആരോപണം.
ബാദുഷയ്ക്ക് 20 ലക്ഷം രൂപ നൽകിയെന്നാണ് ഹരീഷ് പറയുന്നത്. പലതവണ ഈ പണം തിരികെ ചോദിച്ചിരുന്നു. വീട് പണിയുമായി ബന്ധപ്പെട്ട് പണം ആവശ്യമുണ്ടെന്ന് അറിയിച്ചെങ്കിലും പിന്നെ തരാമെന്നാണ് ബാദുഷ പറഞ്ഞത് എന്നും ഹരീഷ് പറയുന്നു. “എആർഎമിൽ എനിക്ക് 40 ദിവസത്തെ ഡേറ്റ് തന്നു. അതിൻ്റെ ഇടയ്ക്കാണ് പണം തിരികെചോദിച്ചത്. മൂന്നാല് കൊല്ലമായിട്ട് ഈ പൈസ ചോദിച്ചിട്ടില്ല. വീടുപണി നടക്കുന്നുണ്ട്. അതുകൊണ്ട് ചോദിച്ചതാണ്. തരാം തരാം എന്ന് പറഞ്ഞതല്ലാതെ കിട്ടിയില്ല.. ഒരു ദിവസം ഞാൻ ഇടവേള ബാബുച്ചേട്ടനെ വിളിച്ചിട്ട് കാര്യം പറഞ്ഞു. ‘എനിക്ക് ഇത്ര പണം തരാനുണ്ട്. അതൊന്ന് വാങ്ങിത്തരണം’ എന്ന്. ബാബുച്ചേട്ടൻ സംസാരിച്ചിട്ട് തിരിച്ചുവിളിച്ചു. ‘പല ആൾക്കാരും ഇയാളെപ്പറ്റി ഇങ്ങനെയൊരു കാര്യം പറയുന്നുണ്ട്. അതുകൊണ്ട് ഹരീഷ് എങ്ങനെയെങ്കിലും ചോദിച്ചുവാങ്ങാൻ നോക്ക്’ എന്ന് പറഞ്ഞു.”- ഹരീഷ് വിശദീകരിച്ചു.
“വീണ്ടും ചോദിച്ചപ്പോൾ തൻ്റെ ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞ് തരാമെന്ന് പറഞ്ഞു. എന്നിട്ടും തന്നില്ല. അതിനിടയിൽ എആർഎം ഷൂട്ട് തുടങ്ങി. എന്നെ വിളിച്ചില്ല. പിന്നീടൊരിക്കൽ ടൊവിനോയെ ചേട്ടനെന്താ നമ്മുടെ പടത്തിൽ വരാത്തതെന്ന് ചോദിച്ചു. ചേട്ടന് ഡേറ്റ് ഇല്ലെന്നാണ് പറഞ്ഞത്. ഞാൻ പറഞ്ഞു എനിക്ക് ഡേറ്റുണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്നല്ലോ എന്ന്. ഇതിൻ്റെ വാർത്ത പുറത്തുവന്നപ്പോൾ എആർഎം ഡയറക്ടർ വിളിച്ചിട്ട്, ചേട്ടനെ വിളിച്ചിട്ട് ഒരു റെസ്പോൺസുമില്ല, കോളെടുക്കുന്നില്ല എന്നാണ് ബാദുഷ പറഞ്ഞതെന്ന് പറഞ്ഞു.”- ഹരീഷ് തുടർന്നു.