Actress Attack Case: ‘കാവ്യാ ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ചോദിച്ചു’; ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി’; അതിജീവിതയുടെ മൊഴി പുറത്ത്
Actress Assault Case: 2012 ലെ ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് തന്നോട് നേരിട്ട് ചോദിച്ചുവെന്നും അതിജീവിത പറയുന്നു.
മലയാള ചലച്ചിത്ര മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. കേസിൽ നടൻ ദിലീപ് പ്രതിയായതും സിനിമാ ലോകത്തെ ചെറുതായൊന്നുമല്ല ഉലച്ചത്. കൊടിയ പീഡനം ഏറ്റവാങ്ങിയിട്ടും അതിജീവിത തളരാതെ നിയമപോരാട്ടത്തിന് ഇറങ്ങുകയായിരുന്നു. ഇതോടെ നടൻ ദിലീപ് അടക്കം പത്തോളം പ്രതികള്‍ അഴിക്കുളളിൽ ആവുകയായിരുന്നു.
നീണ്ട വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നാളെ കേസിന്റെ വിധി വരുകയാണ്. ഇതിനിടെയിൽ അതിജീവിത നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. 2012 മുതൽ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നു എന്നും മഞ്ജുവുമായുളള വിവാഹബന്ധം തകർത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നുവെന്നുമാണ് അതിജീവിത പറയുന്നത്. 2012 ലെ ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് തന്നോട് നേരിട്ട് ചോദിച്ചുവെന്നും അതിജീവിത പറയുന്നു.
തെളിവായിട്ടാണ് അന്ന് തന്റെടുത്ത് മഞ്ജു എത്തിയതെന്ന് നടി മറുപടി നല്‍കി. തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയില്‍ എങ്ങുമെത്തിയിട്ടില്ല എന്ന് ആ സമയം ദിലീപ് ഭീഷണിപ്പെടുത്തിയെന്നും നടി മൊഴിയിൽ പറയുന്നു. അതിനു ശേഷം നമുക്ക് ഒരുമിച്ച് ഒരു സിനിമ ചെയ്യണം എന്ന് ദിലീപ് പറഞ്ഞുവെന്നും എന്നാല്‍ ഈ സ്റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ സമയത്ത് ദിലീപ് തന്നോട് സംസാരിച്ചില്ലെന്നും അതിജീവിതയുടെ മൊഴിയില്‍ പറയുന്നു.
അതേസമയം ദിലീപ് കാവ്യാ ബന്ധത്തെ കുറിച്ച് അറിയാൻ 2012ല്‍ മഞ്ജു വാര്യരും സുഹൃത്തുക്കളായ സംയുക്താ വര്‍മ്മയും ഗീതു മോഹന്‍ദാസും അതിജീവിതയുടെ വീട്ടിലെത്തിയിരുന്നുവെന്നും ദിലീപും കാവ്യയും തമ്മിലുള്ള ചില മെസ്സേജുകള്‍ കാണിച്ച് നടിക്ക് അറിയുന്നതിനെ കുറിച്ച് ചോദിച്ചുവെന്നും എന്നാൽ എന്നാല്‍ തനിക്ക് ഒന്നും അറിയില്ല എന്നാണ് നടി ആദ്യം പറഞ്ഞതെന്നും പ്രോസിക്യൂഷന്‍ പറയുന്നു.