Actress Attack Case: ‘മഞ്ജു തെളിവുകൾ തന്നു; നടിക്കൊപ്പം നിന്നതോടെ അവരുടെ ലൈഫ് പോയി; എട്ടാം തിയ്യതിക്കുശേഷം ഞാൻ അത് പറയും’
Actress Assault Case:അതിജീവിതയ്ക്കൊപ്പം നിന്നതിന്റെ പേരിൽ ജീവിതവും പ്രൊഫഷനും വരെ നഷ്ടപ്പെട്ട സ്ത്രീകൾ മലയാള സിനിമയിലുണ്ടെന്നും മിനി നാഷൻ ഫസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കേരളത്തെ പിടിച്ചുലച്ച കേസായിരുന്നു നടിയെ ആക്രമിച്ച സംഭവം. കേസിൽ അതിജീവിത സ്വീകരിച്ച ശക്തമായ നിലപാടിൽ നടൻ ദിലീപ് അടക്കം പത്തോളം പ്രതികള്‍ അഴിക്കുളളിൽ ആയി. തുടർന്ന് എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ അന്തിമ വിധി നാളെ വരുകയാണ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. രാവിലെ പതിനൊന്നിനാണ് നടപടികൾ തുടങ്ങുക.
ഇതിൽ ഏവരും ഉറ്റുനോക്കുന്നത് നടൻ ദിലീപിന്‍റെ കാര്യത്തില്‍ കോടതി എന്തുപറയുമെന്നാണ്. കേസിൽ ഒന്നാം പ്രതി പൾസർ സുനിയാണ്. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തി വിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തു എന്നാണ് ദിലീപിന് എതിരായ കേസ്. എന്നാൽ കേസ് കെട്ടച്ചമച്ചതാണെന്നും തന്നെ കേസിൽ പെടുത്തിയാണെന്നും ദിലീപിന്‍റെ വാദം.
ഇപ്പോഴിതാ കേസിൽ ഏറ്റവു കൂടുതൽ സഹായിച്ചത് മഞ്ജു വാര്യരായിരുന്നുവെന്ന് പറയുകയാണ് അതിജീവിതയുടെ അഭിഭാഷക അഡ്വ. മിനി. കേസുമായി ഏറ്റവും കൂടുതൽ തെളിവുകൾ നൽകിയതും മഞ്ജു വാര്യരായിരുന്നുവെന്നും പലതും നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടാണ് മഞ്ജു തെളിവുകൾ നൽകിയതെന്നും മിനി പറയുന്നു. അതിജീവിതയ്ക്കൊപ്പം നിന്നതിന്റെ പേരിൽ ജീവിതവും പ്രൊഫഷനും വരെ നഷ്ടപ്പെട്ട സ്ത്രീകൾ മലയാള സിനിമയിലുണ്ടെന്നും മിനി നാഷൻ ഫസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മഞ്ജു വാര്യർ തെളിവുകൾ തന്നിട്ടുണ്ട് എന്നാൽ അതൊന്നും തനിക്ക് ഇപ്പോൾ പറയാൻ പറ്റില്ലെന്നും എട്ടാം തിയ്യതിക്കുശേഷം അത് പറയുമെന്നും മിനി പറഞ്ഞു. ഗീതു മോഹൻദാസിനും രമ്യയ്ക്കും എല്ലാം ഈ കേസിന് ഒപ്പം നിന്നതോടെ ലൈഫും പ്രൊഫഷൻ പോയി. ഡബ്ലുസിസി വന്നതോടെ റിമ കല്ലിങ്കൽ, പാർവതി തുടങ്ങി നല്ല കഴിവുള്ള നടിമാർക്കും ചാൻസ് നഷ്ടപ്പെട്ടു. ആകെ പൃഥ്വിരാജ് മാത്രമാണ് ആദ്യം മുതൽ അതിജീവിതയ്ക്കൊപ്പം നിന്നതെന്നും മിനി പറഞ്ഞു.