Isha Talwar: ‘മലയാളത്തിൽ അവസരങ്ങൾ കുറയുന്നതിൽ വിഷമമുണ്ട്’; ഇഷ തൽവാർ
Isha Talwar: മലയാളത്തിൽ അവസരം കുറയുന്നതിൽ വിഷമമുണ്ടെന്നും തന്റെ മലയാളം അത്ര നല്ലത് അല്ലാത്തതാകാം അതിന്റെ കാരണമെന്നും ഇഷ പറയുന്നു.

Isha Talwar
തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ഇഷ തൽവാർ. മലയാളികളുടെ ആയിഷ ഇപ്പോൾ ബോളിവുഡിലാണ് സജീവം. ഇപ്പോഴിതാ, മലയാള സിനിമയുടെ ഭാഗമാക്കത്തിനെ കുറിച്ച് തുറന്ന് പറയുകയാണ് ഇഷ തൽവാർ.
വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. മലയാളത്തിൽ അവസരം കുറയുന്നതിൽ വിഷമമുണ്ടെന്നും തന്റെ മലയാളം അത്ര നല്ലത് അല്ലാത്തതാകാം അതിന്റെ കാരണമെന്നും ഇഷ പറയുന്നു.
‘തീർച്ചയായും മലയാളത്തിൽ അവസരം കുറയുന്നതിൽ വിഷമമുണ്ട്. എന്റെ മലയാളം അത്ര മെച്ചമുള്ളതല്ലെന്നറിയാം. കേട്ടാൽ മനസ്സിലാകും. പക്ഷേ, സംസാരിക്കാൻ കുറച്ചു പ്രയാസമാണ്. അതുകൊണ്ടുതന്നെ എന്നെ കാസ്റ്റ് ചെയ്യുമ്പോൾ റിസ്‌ക് എടുക്കേണ്ട എന്ന് അണിയറപ്രവർത്തകർക്ക് തോന്നുമായിരിക്കും. മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട്’.
‘ആദ്യമായി ഒരു പൊലീസ് വേഷം ചെയ്യാൻ പോകുന്ന ത്രില്ലിലാണ് ഞാനിപ്പോൾ, ഹിന്ദി സിനിമയാണ്. ഏറെക്കാലമായി മുംബൈയിൽ ജീവിക്കുന്ന ഒരു മലയാളിയാണ് ഈ ഉദ്യോഗസ്ഥ. കഥാപാത്രമാകാനുള്ള തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. രാവിലെ മുതൽ വൈകുന്നേരം വരെ അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിൽ പോയിരിക്കും. അവരുടെ രീതികൾ കണ്ടു പഠിക്കണമല്ലോ. അൽപം പേടിയുണ്ട്,’ ഇഷ പറയുന്നു.