Jithu Joseph about Drishyam 3: ”ദൃശ്യം 3’യുടെ കഥ അറിയാവുന്നത് നാല് പേർക്ക്, ആകാശത്തോളം ഉയരത്തിലാണ് പ്രതീക്ഷകൾ’; ജീത്തു ജോസഫ്
Jeethu Joseph on Drishyam 3 Script: ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് പ്രേക്ഷകർക്കുള്ള പ്രതീക്ഷകൾ ആകാശത്തോളം ഉയരത്തിലാണെന്നും, അതിനാൽ സമ്മർദ്ദമുണ്ടെന്നും ജീത്തു ജോസഫ് പറയുന്നു.
മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദൃശ്യം 3’. മോഹൻലാലിൻറെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ദൃശ്യത്തിലെ ജോർജുകുട്ടി. ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങൾക്കും പ്രേക്ഷകരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ, ‘ദൃശ്യം 3’യുടെ ഫസ്റ്റ് ഡ്രാഫ്റ്റ് ക്ലൈമാക്‌സ് എഴുതി പൂർത്തിയാക്കിയെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. മൂന്നാം ഭാഗം ഒരുങ്ങുമ്പോൾ വലിയ സമ്മർദ്ദം ഉണ്ടെന്ന് സംവിധായകൻ പറയുന്നു. മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് പ്രേക്ഷകർക്കുള്ള പ്രതീക്ഷകൾ ആകാശത്തോളം ഉയരത്തിലാണെന്നും, അതിനാൽ സമ്മർദ്ദമുണ്ടെന്നും ജീത്തു ജോസഫ് പറയുന്നു. ദൃശ്യം ചെയ്യുന്ന സമയത്ത് രണ്ടാം ഭാഗം പോലും മനസ്സിൽ ഉണ്ടായിരുന്നില്ല. രണ്ടാം ഭാഗത്തെ കുറിച്ച് ചർച്ച ചെയ്തപ്പോൾ തന്റെ ഭാര്യയും മകളുമുൾപ്പടെ അത് വേണമോയെന്ന് ചോദിച്ചിരുന്നതായും അദ്ദേഹം പറയുന്നു. ഒടുവിൽ എഴുതി നോക്കിയിട്ട് ശരിയായില്ലെങ്കിൽ വിട്ടുകളയാം എന്ന ഉദ്ദേശത്തോടെ എഴുതി തുടങ്ങിയതെന്നും, കഥ പൂർത്തിയായപ്പോൾ മക്കൾ ഇതൊരു നല്ല സിനിമയാണെന്ന് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ‘ദൃശ്യം 3’യുടെ കഥ നാല് പേർക്ക് മാത്രമേ അറിയൂവെന്നും ജീത്തു ജോസഫ് പറഞ്ഞു. തന്റെ മക്കൾക്കും ഒരു സുഹൃത്തിനും പിന്നെ തനിക്ക് തിരക്കഥ ടൈപ്പ് ചെയ്തു തരുന്ന മറ്റൊരു സുഹൃത്തിനും മാത്രമേ കഥ അറിയൂ. അവരോട് ചോദിച്ചപ്പോൾ ഇതൊരു നല്ല സിനിമയാണെന്നാണ് പറഞ്ഞത്. എന്നാൽ, പ്രേക്ഷകർ വേറെ ലെവലിലൊക്ക പ്രതീക്ഷിച്ച് വന്നാൽ എന്താകുമെന്ന് തനിക്ക് അറിയില്ലെന്നും, എങ്കിലും ആ ചാൻസ് താൻ എടുക്കുകയാണെന്നും ജീത്തു പറഞ്ഞു.
ALSO READ: ഫസ്റ്റ് ഡ്രാഫ്റ്റ് റെഡി; ദൃശ്യം 3 ക്ലൈമാക്സിനെ പറ്റി ജീത്തു ജോസഫ്
‘ദൃശ്യം 3’യുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് വിവരം. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. അജയ് ദേവ്ഗണിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിൻ്റെ ചിത്രീകരണവും ഒക്ടോബറിൽ തന്നെ ആരംഭിക്കുമെന്നാണ് വിവരം. ദൃശ്യത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത് 2013ലാണ്. തുടർന്ന്, 2021ലായിരുന്നു രണ്ടാം ഭാഗം പുറത്തിറങ്ങിയത്.
അതേസമയം, ജീത്തു ജോസഫ് സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ആസിഫ് അലി നായകനാകുന്ന ‘മിറാഷ്’ ആണ്. അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഇമോഷണൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.