Drishyam 3: ‘ദൃശ്യം 3′ നാല് വർഷത്തിന് ശേഷം സംഭവിക്കുന്ന കഥ; ഹെവി ഇന്റലിജെന്റ് സിനിമയല്ല’; ജീത്തു ജോസഫ്
Jeethu Joseph Drishyam 3 Updates: ദൃശ്യം ഒന്നും രണ്ടും പോലെ മൂന്നാം ഭാഗവും ഒരു നല്ല സിനിമയാകുമെന്നാണ് പ്രതീക്ഷയെന്ന് ജീത്തു ജോസഫ് പറയുന്നു.

'ദൃശ്യം' പോസ്റ്റർ, മോഹൻലാലിനൊപ്പം ജീത്തു ജോസഫ്
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദൃശ്യം 3’. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കാനിരിക്കെ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷം സംഭവിക്കുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിൽ ഉണ്ടാവുകയെന്ന് ജീത്തു ജോസഫ് പറഞ്ഞു. ആദ്യ രണ്ടു ഭാഗത്തേക്കാൾ വ്യത്യസ്തമാകും മൂന്നാം ഭാഗമെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.
ദൃശ്യം ഒന്നും രണ്ടും പോലെ മൂന്നാം ഭാഗവും ഒരു നല്ല സിനിമയാകുമെന്നാണ് പ്രതീക്ഷയെന്ന് ജീത്തു ജോസഫ് പറയുന്നു. ബോക്സ്ഓഫീസിൽ സിനിമ എങ്ങനെ ആയിരിക്കുമെന്ന് തനിക്കറിയില്ല. മോഹൻലാലിനെ ഒരു സ്റ്റാറായി കണക്കാക്കാതെ ജോർജുകുട്ടിയായി മാത്രമാണ് കണക്കാക്കിയിട്ടുള്ളത്. അദ്ദേഹത്തിന് നാല് വർഷത്തിന് ശേഷം ഉണ്ടാകുന്ന മാറ്റങ്ങളാണ് താൻ മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്നും സിനിമയുടെ തിരക്കഥ മുഴുവൻ പൂർത്തിയായിട്ടുണ്ടെന്നും ജീത്തു ജോസഫ് പറയുന്നു.
അഞ്ച് ഡ്രാഫ്‌റ്റോളം എടുത്താണ് ദൃശ്യം 3യുടെ തിരക്കഥ പൂർത്തിയാക്കിയതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. പ്രേക്ഷകർ മൂന്നാം ഭാഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്താണെന്ന് അറിയില്ല. ‘ദൃശ്യം 2’ പോലെ ഒരു ഹെവി ഇന്റലിജന്റ് (വളരെ ബുദ്ധിപരമായ) ഒരു ചിത്രമാണ് പ്രതീക്ഷിക്കുന്നതെങ്കിലും അവർ നിരാശരാകും. ആദ്യ രണ്ട് ഭാഗത്തേക്കാൾ മൂന്നാം ഭാഗം വ്യത്യസ്തമായിരിക്കും. അടുത്ത മാസം സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
‘ദൃശ്യം 3’ സിനിമയെ കുറിച്ച് ജീത്തു ജോസഫ് സംസാരിക്കുന്നു
The focus shifts deeper into GK’s insecurities, offering a narrative very different from the first two installments. This time, the spotlight is on the characters’ lives and emotions, exploring the aftermath of events 4 years later.#Mohanlal pic.twitter.com/N4IraLP14G
— Marcus Legranda (@rameshsandhyaa) September 10, 2025
2013 ഡിസംബർ 19നാണ് ദൃശ്യത്തിന്റെ ഒന്നാം ഭാഗം പുറത്തിറങ്ങുന്നത്. അന്നുവരെയുള്ള എല്ലാ മലയാള സിനിമകളുടെ ബോക്സ്ഓഫിസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ സിനിമ കൂടിയായിരുന്നു ഇത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് സിനിമ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. തുടർന്ന്, 2021 ഫെബ്രുവരി 19നാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയത്.