Kalabhavan Mani: മരിക്കില്ല, ആ പാട്ടും ചിരിയും; ഓർമകളിൽ മണി
Kalabhavan Mani: മലയാളസിനിമയുടെ ഓൾറൗണ്ടർ ആയിരുന്നു മണി. അഭിനയവും ആലാപനവും സംഗീതസംവിധാനവും എഴുത്തും അങ്ങനെ എല്ലാം ഈ ചാലക്കുടിക്കാരന്റെ കൈയിൽ ഭദ്രം. മണിയുടെ ഓർമകൾക്ക് മരണമില്ല, മണ്ണിന്റെ മണമുള്ള പാട്ടുകളിലൂടെ ജീവിതത്തിന്റെ രുചിയുള്ള വേഷങ്ങളിലൂടെ അദ്ദേഹം ഇന്നും ജീവിക്കുന്നു.
ആടിയും പാടിയും ചിരിപ്പിച്ചും കരയിപ്പിച്ചും മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രിയപ്പെട്ട കലാഭവൻ മണിയുടെ ഓർമകൾക്ക് ഒൻപത് വയസ്. മലയാള സിനിമയിൽ നിറസാനിധ്യമായി നിറഞ്ഞു നിന്ന പ്രിയ കലാകാരന്റെ വേർപാട് ഇന്നും ഉൾക്കൊള്ളാനായിട്ടില്ല. സാധരണക്കാരെ ചേർത്ത് നിർത്താനും അവരെ സന്തോഷിപ്പിക്കാനും കഴിഞ്ഞിരുന്ന മണി മലയാളികളുടെ മനസ്സിൽ മരണമില്ലാതെ തുടരുന്നു. മലയാളസിനിമയുടെ ഓൾറൗണ്ടർ ആയിരുന്നു മണി. അഭിനയവും ആലാപനവും സംഗീതസംവിധാനവും എഴുത്തും അങ്ങനെ എല്ലാം ഈ ചാലക്കുടിക്കാരന്റെ കൈയിൽ ഭദ്രം.
രാമൻ അമ്മിണി ദമ്പതികളുടെ ഏഴ് മക്കളിൽ ആറാമനായാണ് മണിയുടെ ജനനം. ഇല്ലായ്മയുടെയും കഷ്ടപാടിന്റയും നടുവിലായിരുന്നു ബാല്യം. താൻ കടന്നുവന്ന ജീവിതത്തെ പറ്റി പലപ്പോഴും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ചാലക്കുടി ഗവൺമെന്റ് ബോയ്സ് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കലകളെ കൂടെ കൂട്ടി. മിമിക്രിയിലും അഭിനയത്തിലും തിളങ്ങി. 1987ൽ കൊല്ലത്ത് നടന്ന സംസ്ഥാന യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടി.
1991-92 കാലഘട്ടത്തിൽ കൊച്ചിൻ കലാഭവനിൽ ചേർന്നത് വഴിതിരിവായി. മണി കലാഭവൻ മണിയായി മാറി. 1995ൽ പുറത്തിറങ്ങിയ അക്ഷരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഓട്ടോ ഡ്രൈവറായിട്ടായിരുന്നു വേഷം. പിന്നീട് സല്ലാപത്തിലെ ചെത്തുകാരൻ രാജപ്പൻ എന്ന കഥാപാത്രം മണിയെ മലയാള സിനിമയിൽ ശ്രദ്ധേയനാക്കി. വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ നായകനായി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരിമാടികുട്ടൻ തുടങ്ങിയ ചിത്രങ്ങൾ കലാഭവൻ മണിയിലെ നടനെ വരച്ചു കാട്ടി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന് ദേശീയ, സംസ്ഥാന പുരസ്കാരങ്ങളിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
ALSO READ: നടി രന്യ റാവുവിന്റെ വീട്ടിലും പരിശോധന; പിടിച്ചെടുത്തത് 2.67 കോടിയും സ്വര്‍ണവും
വ്യത്യസ്ത വേഷങ്ങളിലൂടെ മണി തമിഴ്, കന്നട, തെലുങ്ക് പ്രേക്ഷകർക്കും പ്രിയങ്കരനായി. ചെത്തുക്കാരനായും ഓട്ടോക്കാരനായും സിനിമയിൽ എത്തിയ മണി പിന്നീട് ഡോക്ടറായും പൊലീസായും കളക്ടറായും സൂപ്പർ താരങ്ങളെ വിറപ്പിക്കുന്ന വില്ലനായും തിളങ്ങി. സിനിമയോടൊപ്പം തന്നെ അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു നാടൻ പാട്ടുകളും. കേരളത്തിനകത്തും പുറത്തുമായി നിരവധി സ്റ്റേജ് ഷോകൾ. മൈക്കുമായി സ്റ്റേജിൽ മണിയുണ്ടെങ്കിൽ പ്രോഗ്രാം സൂപ്പർ ഹിറ്റ്. പ്രേക്ഷകരെ കൈയിലെടുക്കാൻ മണി മാജിക് തന്നെ ധാരാളം. ഉയരങ്ങൾ കീഴടക്കിയപ്പോഴും വന്ന വഴി മറന്നില്ല, സാധാരണക്കാരായ മനുഷ്യരെ ചേർത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും ഈ അതുല്യ കലാകാരന് കഴിഞ്ഞു.
2016 മാർച്ച് ആറിനാണ് കലാഭവൻ മണി ലോകത്തോട് വിടപറയുന്നത്. കാലം എത്ര കഴിഞ്ഞാലും മലയാളികൾക്ക് മണിയുടെ പാട്ട് വല്ലാത്തൊരു ലഹരിയാണ്. ഉത്സവപറമ്പുകളിലും ആഘോഷവേളകളിലും എല്ലാം മറന്ന് അറിഞ്ഞൊന്ന് തുള്ളാൻ ഈ ലഹരി മാത്രം മതി. മണിയുടെ ഓർമകൾക്ക് മരണമില്ല, മണ്ണിന്റെ മണമുള്ള പാട്ടുകളിലൂടെ ജീവിതത്തിന്റെ രുചിയുള്ള വേഷങ്ങളിലൂടെ അദ്ദേഹം ഇന്നും ജീവിക്കുന്നു.