Kalamkaval Release: റിലീസിനൊരുങ്ങി കളങ്കാവൽ; പ്രതിനായക റോളിൽ ഞെട്ടിക്കാൻ മലയാളത്തിൻ്റെ മഹാനടൻ
Kalamkaval Movie Release Date: മമ്മൂട്ടിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് കളങ്കാവൽ. സിനിമ എപ്പോഴാണ് പുറത്തിറങ്ങുക എന്നതിനെപ്പറ്റി ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
മമ്മൂട്ടിയുടെ കളങ്കാവൽ എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. രോഗമുക്തനായതിന് ശേഷം മമ്മൂട്ടിയുടേതായി റിലീസാവുന്ന ആദ്യ സിനിമയാണ് കളങ്കാവൽ. മമ്മൂട്ടിയ്ക്കൊപ്പം വിനായകനാണ് സിനിമയിലെ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഔദ്യോഗിക റിലീസ് തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും സിനിമ പുറത്തിറങ്ങുന്നത് എപ്പോഴാണെന്നതിനെപ്പറ്റി ചില റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ഒക്ടോബർ 9ന് സിനിമ തീയറ്ററുകളിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദുൽഖർ സൽമാൻ്റെ വേഫേറർ ഫിലിംസ് ആണ് സിനിമ വിതരണം ചെയ്യുക. റിലീസ് ദിവസത്തെപ്പറ്റി ഇതിനകം വേഫേറർ ഫിലിംസ് തീയറ്റർ ഉടമകളോട് സംസാരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത് സിനിമയാണ് കളങ്കാവൽ. സിനിമയുടെ ടീസർ കഴിഞ്ഞ ആഴ്ച റിലീസായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. നവാഗതനായ ജിതിൻ കെ ജോസ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത് ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ്. മീര ജാസ്മിൻ, രെജിഷ വിജയൻ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. ഫൈസൽ അലി ക്യാമറ കൈകാര്യം ചെയ്യുന്നു. പ്രവീൺ പ്രഭാകർ എഡിറ്റിംഗും മുജീബ് മജീദ് സംഗീതസംവിധാനവും നിർവഹിക്കുന്നു.
സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം സയനൈഡ് മോഹനെന്ന കൊടും കുറ്റവാളി ആണെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം സംവിധായകനടക്കമുള്ള അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. മമ്മൂട്ടി വില്ലനാണോ അല്ലയോ എന്ന് പറയാനാവില്ല എന്ന് സംവിധായകൻ ജിതിൻ കെ ജോസ് പ്രതികരിച്ചിരുന്നു. പല ഷേഡുകളുള്ള കഥാപാത്രങ്ങളാണ് സിനിമയിൽ ഉള്ളതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം 20 യുവതികളെ കൊലപ്പെടുത്തിയ കൊടും കുറ്റവാളിയാണ് സയനൈഡ് മോഹൻ അഥവാ മോഹൻകുമാർ. കർണാടകയിലെ മംഗളൂരുവിൽ കായികാധ്യാപകനായിരുന്നു. 2003 – 2009 കാലയളവിൽ നാല് മലയാളികളെയടക്കം 20 യുവതികളെയാണ് ഇയാൾ സയനൈഡ് നൽകി കൊലപ്പെടുത്തിയത്.