K J Yesudas Birthday: ഏഴു സ്വരങ്ങൾ, ഒരു നാമം: ഗാനഗന്ധർവന് ഇന്ന് 86-ാം ജന്മദിനം
K J Yesudas Birthday: ആറു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സംഗീത ലോകത്തെ വിസ്മയിപ്പിക്കുന്ന അതുല്യപ്രതിഭയ്ക്ക്...
മലയാളികളുടെ സ്വരമാധുര്യത്തിന് ഇന്ന് 86ാം പിറന്നാള്‍. ഗാനഗന്ധർവൻ കെ ജെ യേശുദാസിന് ഇന്ന് ജന്മദിനം. ആറു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സംഗീത ലോകത്തെ വിസ്മയിപ്പിക്കുന്ന അതുല്യപ്രതിഭയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുകയാണ് ആരാധകർ. 1940 ജനുവരി പത്തിന് ഫോർട്ട് കൊച്ചിയിലെ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായാണ് യേശുദാസിന്റെ ജനനം. സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത് പിതാവായ അഗസ്റ്റിൻ ജോസഫിൽ നിന്നാണ്.
ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പരാജയപ്പെട്ടതും നിലവാരമില്ലെന്ന് കാരണം ചൂണ്ടക്കാട്ടി ചില സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കപ്പെടുകയും ചെയ്ത ചരിത്രമുള്ള ഈ ഗായകൻ പിന്നീട് ഇന്ത്യൻ സിനിമയെ തന്നെ അമ്പരപ്പിക്കുന്ന വിധത്തിലാണ് വളർന്നുവന്നത്. 1961 നവംബർ 14ന് ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ വച്ചാണ് യേശുദാസിന്റെ ശബ്ദത്തിൽ ആദ്യമായി ഒരു ഗാനം എത്തുന്നത്.
കാൽപ്പാടുകൾ എന്ന സിനിമയ്ക്ക് വേണ്ടി എം ബി ശ്രീനിവാസന്റെ സംഗീതത്തിൽ ശ്രീനാരായണ ഗുരുവിന്റെ വരികൾക്കാണ് യേശുദാസ് ആദ്യമായി ശബ്ദം നൽകിയത്. അന്ന് അവിടെ വെച്ചാണ് സിനിമാലോകത്തേക്കുള്ള യേശുദാസിന്റെ കാൽവെപ്പ്. “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” എന്ന ആ വരികൾ അദ്ദേഹത്തിന്റെ ജീവിതദർശനമായി തന്നെ പിന്നീട് മാറി.
കനത്ത ജലദോഷത്തിനെ തുടർന്ന് ആ സിനിമയിലെ മറ്റ് പാട്ടുകൾ പാടാൻ കഴിഞ്ഞില്ലെങ്കിലും ആ നാല് വരി ശ്ലോകം അദ്ദേഹത്തെ ചരിത്രത്തിന്റെ ഏടുകളിൽ കുറിച്ചിട്ടു.തുടർന്ന് ജി. ദേവരാജൻ, വി. ദക്ഷിണാമൂർത്തി, എം.എസ്. ബാബുരാജ് തുടങ്ങിയ മഹാരഥന്മാരുടെ സംഗീതത്തിൽ അദ്ദേഹം പാടിയ പാട്ടുകൾ മലയാള ചലച്ചിത്ര സംഗീതത്തിന്റെ സുവർണ്ണകാലത്തിന് സാക്ഷ്യം വഹിച്ചു. മലയാളത്തിന് മാത്രമല്ല യേശുദാസിന്റെ സ്വരമാധുര്യം ആസ്വദിക്കാൻ സാധിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിലായി അര ലക്ഷത്തിലധികം ഗാനങ്ങൾ ആണ് അദ്ദേഹം ഇതിനോടകം ആരംഭിച്ചത്.
എട്ട് തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും മുപ്പതിലധികം തവണ വിവിധ സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചു.