Lokah Box Office: ഓണം വിന്നർ ലോക തന്നെ; മൂന്നാം ദിവസം ബോക്സോഫീസ് കളക്ഷനിൽ 81 ശതമാനം വർധന
Lokah Becomes Onam Winner: ഓണം വിന്നറായി ലോക. ഹൃദയപൂർവത്തെ മറികടന്നാണ് ബോക്സോഫീസിൽ ലോക നേട്ടമുണ്ടാക്കുന്നത്.

ലോക
ഓണക്കാലത്ത് തീയറ്ററുകളിൽ ലോകയുടെ ആധിപത്യമെന്ന് റിപ്പോർട്ടുകൾ. ട്രേഡ് അനലിസ്റ്റുകളുടെ കണക്ക് പ്രകാരം ഹൃദയപൂർവം, ഓടും കുതിര ചാടും കുതിര എന്നീ സിനിമകളെക്കാൾ ഗംഭീര വിജയമാണ് ലോക നേടിയിരിക്കുന്നത്. മൂന്നാം ദിവസം ലോകയുടെ ബോക്സോഫീസ് കളക്ഷനിൽ 81 ശതമാനം വർധനയുണ്ടായതായും ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.
രണ്ടാം ദിവസമായ വെള്ളിയാഴ്ച നാല് കോടി രൂപയായിരുന്നു ലോകയുടെ ബോക്സോഫീസ് കളക്ഷൻ. എന്നാൽ, മൂന്നാം ദിവസമായ ശനിയാഴ്ച ആകെ കളക്ഷൻ 7.25 കോടി രൂപയായി. ഇതോടെ ഇന്ത്യയിലെ ആകെ കളക്ഷൻ 13.95 കോടി രൂപയായി. എല്ലാ ഭാഷകളും ഉൾപ്പെടുത്തിയാണ് ഇത്. ഏകദേശം 30 ലക്ഷം രൂപ ബജറ്റിൽ ഒരുങ്ങിയ സിനിമ കേവലം മൂന്ന് ദിവസം കൊണ്ട് തന്നെ പകുതിയോളം ബജറ്റ് തിരിച്ചുപിടിച്ച് കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
റിലീസായ ആദ്യ ദിവസം, വ്യാഴാഴ്ച ഹൃദയപൂർവത്തിനായിരുന്നു മികച്ച ഓപ്പണിങ്. രണ്ട് സിനിമകളും വ്യാഴാഴ്ചയാണ് തീയറ്ററുകളിൽ എത്തിയത്. ലോക ആദ്യ ദിനം 2.7 കോടി നേടിയപ്പോൾ ഹൃദയപൂർവം 3.25 കോടി രൂപ സ്വന്തമാക്കി. രണ്ടാം ദിവസം ലോക മുന്നിലെത്തി. കല്യാണി പ്രിയദർശൻ്റെ സിനിമ നാല് കോടി രൂപ നേടിയപ്പോൾ മോഹൻലാൽ ചിത്രം നേടിയത് 2.7 കോടി രൂപ. മൂന്നാം ദിനം ലോക 7.25 കോടി രൂപയുടെ വൻ കുതിപ്പ് നടത്തിയപ്പോൾ ഹൃദയപൂർവം 2.85 കോടി രൂപയാണ് നേടിയത്. രണ്ട് സിനിമകളും സൂപ്പർ ഹിറ്റിലേക്ക് നീങ്ങുകയാണെങ്കിലും ഓണം വിന്നർ ലോക തന്നെയാണെന്നാണ് ബോക്സോഫീസ് ട്രെൻഡുകൾ സൂചിപ്പിക്കുന്നത്.
ഡൊമിനിക് അരുണിൻ്റെ രണ്ടാം സിനിമയാണ് ലോക. കല്യാണിക്കൊപ്പം നസ്ലനും പ്രധാനവേഷത്തിലുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവത്തിൽ മോഹൻലാലും സംഗീത് പ്രതാപുമാണ് പ്രധാന താരങ്ങൾ.