Mammootty: അന്ന് എനിക്ക് 15 വയസ്സ്, സ്വപ്നം പോലെയാണ് സാറെന്റെ വള്ളത്തിൽ അന്ന് കയറിയത്! തന്റെ സൂപ്പർസ്റ്റാറിനെ കാണാനെത്തി മമ്മൂട്ടി
Mammootty: 60 വർഷം മുമ്പുള്ള ഒരു കഥയാണിത്...മധു സാർ ഓർക്കുന്നുണ്ടാകാൻ വഴിയില്ല 15 വയസ്സുകാരനായ ഞാൻ അന്ന് സാറിനെ ഇരുത്തി വള്ളം തുഴഞ്ഞിട്ടുണ്ട്
തിരുവനന്തപുരം: മലയാളത്തിന്റെ അഭിനയകുലപതികൾ ഒരൊറ്റ സ്ക്രീനിൽ. മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം മനം നിറയ്ക്കുന്ന കാഴ്ചയാണ് അത്. മലയാള സിനിമയുടെ ഒരുകാലത്തെ സൂപ്പർസ്റ്റാറിനൊപ്പം എക്കാലത്തേയും സൂപ്പർസ്റ്റാർ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വാത്സല്യത്തോടെയും സ്നേഹത്തോടെയും ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകം കീഴടക്കുന്നത്.
മമ്മൂട്ടി തന്റെ സൂപ്പർസ്റ്റാർ ആയ നടൻ മധുവിനെ കാണാൻ തിരുവനന്തപുരം ജില്ലയിലെ കണ്ണമൂലയിലെ ശിവഭവനിൽ എത്തിയപ്പോഴുള്ള ചിത്രമാണ് ഇപ്പോൾ പ്രേക്ഷകരുടെ മനം നിറയ്ക്കുന്നത്. ഏറെ നാളുകൾക്കു ശേഷം ഉള്ള കൂടിക്കാഴ്ചയിൽ ഇരുവരും പഴയകാല ഓർമ്മകളും ആ കാലഘട്ടത്തെ കുറിച്ചും പരസ്പരം പങ്കുവെച്ചു. ഇപ്പോൾ മധുവിനെ കുറിച്ചുള്ള തന്റെ ബാല്യകാലത്തുണ്ടായ ഒരു അപൂർവ്വ നിമിഷത്തിന്റെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് മമ്മൂട്ടി. മാതൃഭൂമിയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്
തന്റെ പതിനഞ്ചാം വയസ്സിൽ മധുവിനെ ആദ്യമായി കണ്ടതിനെ കുറിച്ചാണ് മമ്മൂട്ടി പറയുന്നത്. മധു സാർ ഓർക്കുന്നുണ്ടാകാൻ വഴിയില്ല 15 വയസ്സുകാരനായ ഞാൻ അന്ന് സാറിനെ ഇരുത്തി വള്ളം തുഴഞ്ഞിട്ടുണ്ട് എന്നാണ് മമ്മൂട്ടി പറയുന്നത്. 60 വർഷം മുമ്പുള്ള ഒരു കഥയാണിത്. കാട്ടുപൂക്കൾ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സംഭവം.
മമ്മൂട്ടിയുടെ നാടായ ചെമ്പിനടുത്ത് മുറിഞ്ഞപുഴയിൽ ആയിരുന്നു അന്ന് സിനിമയുടെ ഷൂട്ടിംഗ് നടന്നത്. അപ്പോഴാണ് മധുവിനെ ആദ്യമായി മമ്മൂട്ടി കാണുന്നത്. നാട്ടിൽ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു എന്നറിഞ്ഞപ്പോൾ അതു കാണാനായി ഒരു 15 വയസ്സുകാരനിൽ ഉണ്ടായ കൊതി. ബാപ്പ അറിയാതെ മമ്മൂട്ടിയും കൂട്ടുകാരും വള്ളം തുഴഞ്ഞ് കടവിലെത്തി. എന്നാൽ ഒരു സ്വപ്നം പോലെ അവിചാരിതമായി മധുസാർ തങ്ങളുടെ വള്ളത്തിലേക്ക് കയറി എന്നാണ് മമ്മൂട്ടി ഓർക്കുന്നത്.
നമ്മൾ ഒന്നിച്ച് ആ പുഴയിൽ കറങ്ങി. തനിക്ക് അതെല്ലാം നല്ലതുപോലെ ഓർമ്മയുണ്ട്. അതെല്ലാം ഒരു ഭാഗ്യവും നിമിത്തവുമായാണ് തോന്നിയത് എന്നാണ് മമ്മൂട്ടി പറയുന്നത്. തന്റെ ഏറ്റവും വലിയ ഹീറോ ആയിരുന്നു ആ കാലത്ത് മധു സാർ. മമ്മൂട്ടി തന്റെ ഓർമ്മ പങ്കുവെച്ചതോടെ മധു അദ്ദേഹത്തെ ചേർത്തുപിടിച്ചു. ഒപ്പം മമ്മൂട്ടി പറഞ്ഞ ആ നിമിഷം മധുവും ഓർത്തു. വള്ളവും ബോട്ടും തനിക്ക് ഭയങ്കര ഇഷ്ടമാണ് അതുകൊണ്ടാവാം രണ്ട് പിള്ളേര് തുഴയുന്ന വള്ളം കണ്ടപ്പോൾ കയറിയത് എന്നാണ് മധു പറയുന്നത്.
വള്ളത്തിൽ കയറിയ മധു തങ്ങളോട് പേരും എന്തു പഠിക്കുന്നു എന്നുമൊക്കെ ചോദിച്ചിരുന്നു എന്നും മമ്മൂട്ടി പറയുന്നു. അതേസമയം പഴയ സിനിമകൾ വീണ്ടും കാണുന്നതാണ് ഇപ്പോഴത്തെ ശീലം എന്ന് മധു. കഴിഞ്ഞദിവസം അമരം വീണ്ടും കാണാൻ തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് രണ്ടു 40 ഓടെ മധുവിന്റെ വീട്ടിലെത്തിയ മമ്മൂട്ടി ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചാണ് മടങ്ങിയത് ഇനിയും വരണം എന്നും അദ്ദേഹം മമ്മൂട്ടിയോട് പറഞ്ഞു.