Vladimir Putin: മലവിസർജ്യനത്തിന് പ്രത്യേക പെട്ടി, യാത്രകളിലെല്ലാം കൂടെ; എന്താണ് പുടിന്റെ ‘പൂപ്പ് സ്യൂട്ട്കേസ്’?
Vladimir Putin Poop suitcase: റഷ്യൻ പ്രസിഡന്റ് മറ്റൊരു രാജ്യം സന്ദർശിക്കുമ്പോൾ അവിടത്തെ ബാത്ത്‌റൂം ഉപയോഗിക്കാറില്ല എന്നറിയാമോ? പകരം അദ്ദേഹത്തിന്റെ യാത്രകളില്ലൊം ഒരു പൂപ്പ് സ്യൂട്ടും കരുതാറുണ്ട്.
ലോകത്തിലെ ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിൻ. രാജ്യത്തിനകത്തും വിദേശയാത്രകളിലും കനത്ത സുരക്ഷയാണ് പുടിന് നൽകുന്നത്. ലോകത്തെ ഏറ്റവും ശക്തമായ സുരക്ഷാ ഏജൻസികളിലൊന്നായ ഫെഡറൽ പ്രൊട്ടക്റ്റീവ് സർവീസിനാണ് (FSO ) പുടിന്റെ സുരക്ഷാ ചുമതല. അതുകൊണ്ട് തന്നെ, വിദേശയാത്രകളിൽ ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നത് അദ്ദേഹത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിലാണ്.
റഷ്യൻ പ്രസിഡന്റ് മറ്റൊരു രാജ്യം സന്ദർശിക്കുമ്പോൾ അവിടത്തെ ബാത്ത്‌റൂം ഉപയോഗിക്കാറില്ല എന്നറിയാമോ? പകരം അദ്ദേഹത്തിന്റെ യാത്രകളില്ലൊം ഒരു പൂപ്പ് സ്യൂട്ടും കരുതാറുണ്ട്. മല വിസര്‍ജ്യങ്ങള്‍ ശേഖരിച്ച് റഷ്യയിലേക്ക് തന്നെ കൊണ്ടുപോകും. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? പരിശോധിക്കാം….
എന്താണ് ‘പൂപ്പ് സ്യൂട്ട്‌കേസ്’?
ഈ വർഷം ആദ്യം അലാസ്ക ഉച്ചകോടിയിൽ പുടിൻ പങ്കെടുത്ത സമയത്താണ് ‘പൂപ്പ് സ്യൂട്ട്‌കേസ്’ എന്ന പദം വാർത്തകളിൽ നിറഞ്ഞത്. വിദേശ യാത്രകളിൽ പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ മലവിസർജ്ജ്യ മാലിന്യം ശേഖരിക്കുന്നതിനായി ഒരു പ്രത്യേക സ്യൂട്ട്‌കേസ് കൊണ്ടുപോകാറുണ്ടെന്ന് അന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ഈ മാലിന്യം വിദേശ രാജ്യങ്ങളിൽ ഉപേക്ഷിക്കാതെ, പ്രത്യേകമായി സീൽ ചെയ്ത ബാഗുകളിൽ പായ്ക്ക് ചെയ്ത് മോസ്കോയിലേക്ക് തന്നെ തിരിച്ചയക്കുകയാണ് പതിവ്. ഇതിന് പിന്നിൽ വ്യക്തമായ കാരണമുണ്ട്. ആരോഗ്യ വിവരങ്ങൾ ചോരാതിരിക്കാനാണ് പ്രധാനമായും ഇങ്ങനെ ചെയ്യുന്നത്. മലവിസർജനം പരിശോധിച്ചാൽ ഒരു വ്യക്തിയുടെ രോഗവിവരങ്ങൾ കണ്ടെത്താൻ സാധിക്കും.
കാൻസർ, പാർക്കിൻസൺസ് തുടങ്ങിയ പുടിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, വിദേശ രഹസ്യാന്വേഷണ ഏജൻസികൾ അദ്ദേഹത്തിന്റെ മലവിസർജ്ജ്യം പരിശോധിച്ച് ആരോഗ്യപരമായ വിവരങ്ങൾ ചോർത്തുന്നത് തടയാനാണ് ഈ നടപടി.
കൂടാതെ, മോസ്കോയിൽ നിന്ന് പ്രത്യേകം കൊണ്ടുവരുന്ന ഭക്ഷണസാധനങ്ങളും, ഭക്ഷണത്തിൽ വിഷം കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന മൊബൈൽ ഫുഡ് ലാബും ബോഡി ഡബിളുകളുമെല്ലാം പുടിന്റെ സുരക്ഷാനടപടികളിൽ ഉൾപ്പെടുന്നുണ്ട്.
ചരിത്രത്തിൽ ഇതാദ്യമായല്ല….
ഒരു രാജ്യത്തിന്റെ തലവന്റെ മലം പരിശോധനയക്ക് വിധേയമാക്കുക എന്ന ആശയം ഉദിക്കുന്നത് ഇതാദ്യമായല്ല. 1949ല്‍ ചൈനീസ് നേതാവ് മാവോ സെതുങ്ങിന്റെ മലം മനഃശാസ്ത്രപരമായ പ്രൊഫൈല്‍ നിര്‍മിക്കുന്നതിനായി രഹസ്യ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ സ്റ്റാലിന്‍ ഉത്തരവിട്ടിരുന്നു.
കൂടാതെ, ശീതകാല യുദ്ധ സമയത്ത് ബ്രിട്ടീഷ് ഏജന്റുമാര്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി സോവിയറ്റ് സൈനികര്‍ ഉപയോഗിച്ചിരുന്ന ടോയ്‌ലറ്റ് പേപ്പര്‍ പരിശോധിച്ചിരുന്നതായും ചരിത്രത്തിൽ പറയപ്പെടുന്നുണ്ട്.