Manju Warrier Sreenivasan: ഉച്ചത്തിലെന്ന ചിരിപ്പിച്ച ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുന്നു; ഉള്ളുലഞ്ഞ് മഞ്ജുവാര്യർ
Manju Warrier Sreenivasan:കാലാതിവർത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയിൽ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം...

Manju Warrier, Sreenivasan
നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ ഉള്ളുലഞ്ഞ കുറുപ്പുമായി നടി മഞ്ജു വാര്യർ. എന്തുപറഞ്ഞാലും തന്നെ അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി തന്നെ കരയിപ്പിക്കുകയാണ് എന്ന് മഞ്ജു വാര്യർ. കാലാതിവർത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയിൽ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു.
അങ്ങനെ, ഒരുതരത്തിൽ അല്ല പലതരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നുവെന്നും മഞ്ജുവാര്യർ സോഷ്യൽമീഡിയയിൽ കുറിച്ചു. ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തിൽ ഇവിടെ ജീവിക്കും എന്നും വിശ്വസിച്ചു കൊണ്ട് അന്ത്യാഞ്ജലി എന്നും മഞ്ജു വാര്യർ.
ALSO READ: പരിശ്രമശാലികൾക്കുള്ള പാഠപുസ്തകം; ശ്രീനിവാസന്റെ വിയോഗം വീണ്ടെടുക്കാനാവാത്ത നഷ്ടം; മുഖ്യമന്ത്രി
ഇന്ന് രാവിലെയോടെയാണ് ശ്രീനിവാസൻ മരിച്ചത്. തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. പെട്ടെന്ന് രോഗാവസ്ഥ വർധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലശേരിക്കടുത്തുള്ള പാട്യത്ത് 1956 ഏപ്രിൽ 4 നാണ് ശ്രീനിവാസൻ ജനിച്ചത്. 1977-ൽ പി.എ. ബക്കറുടെ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങി അദ്ദേഹം വിവിധ നിലയിൽ പ്രേക്ഷകരുടെ മനസിൽ ഇടംനേടി.
സാമൂഹിക പ്രശ്നങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നതിൽ ശ്രീനിവാസനോളം കഴിവ് മറ്റ് ആർക്കും തന്നെയില്ല. സത്യൻ അന്തിക്കാട്, പ്രിയദർശൻ എന്നീ സംവിധായകരോടൊപ്പം ചേർന്ന് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം രൂപപ്പെടുത്തുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. ശ്രീനിവസന്റെ വിയോഗം നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സിനിമാ ജീവിതത്തിലൂടെ മലയാളികളുടെ സാമൂഹിക ബോധത്തെയും നർമ്മബോധത്തെയും ഒരേപോലെ സ്വാധീനിച്ച ഒരു യുഗത്തിനാണ് ഇതോടെ അന്ത്യമായത്.