Mammootty: ‘അഹങ്കാരിയെന്ന് വിളിച്ചവരുണ്ട്; പക്ഷേ രോഗാവസ്ഥ ഉണ്ടായപ്പോൾ എനിക്കായി പ്രാർത്ഥിച്ചു’; മമ്മൂട്ടി
തനിക്കൊരു രോഗാവസ്ഥ ഉണ്ടായപ്പോൾ തനിക്കു വേണ്ടി പ്രാർഥിച്ചവരിൽ അവരുമുണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. അതാണ് ജീവിതത്തിന്റെ നന്മയെന്നും താരം കൂട്ടിച്ചേർത്തു.
നീണ്ട ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം പൊതുവേദിയിലും സിനിമയിലും സജീവമായിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരനായ മമ്മൂട്ടി. ശാരീരികമായി ചില ബുദ്ധിമുട്ടുകൾ കാരണം കുറച്ച് മാസങ്ങളായി താരം ചികിത്സയിലായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം പൂർണ്ണ ആരോഗ്യവാനായി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയിരുന്നു.
ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടു. ദൈവത്തിന് നന്ദിയെന്ന് അറിയിച്ച് ആന്റോ ജോസഫാണ് മമ്മൂട്ടിയുടെ രോഗം ഭേദമായിയെന്ന് ആദ്യമായി ആരാധകരെ അറിയിച്ചത്. താരത്തിന്റെ തിരിച്ചുവരവിനായി ലോകമെമ്പാടുമുള്ള ആരാധകരാണ് പ്രാർത്ഥിച്ചത്. തനിക്ക് വേണ്ടി എത്രത്തോളം പ്രാർത്ഥനകൾ ഉയർന്നുവെന്നതിനെ കുറിച്ച് അദ്ദേഹവും ബോധവാനാണ്.
ഇപ്പോഴിതാ രോഗാവസ്ഥ ഉണ്ടായപ്പോൾ തനിക്കായി പ്രാർത്ഥിച്ചവരെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മനോരമ ഹോർത്തൂസിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു താരം. തന്നെപ്പറ്റി പല ആരോപണങ്ങളുമുണ്ട്. അഹങ്കാരി, തലക്കനമുള്ളയാൾ അങ്ങനെ പലതും തനിക്കെതിരെ ഉയർന്നിട്ടുണ്ട്. എന്നാൽ തനിക്കൊരു രോഗാവസ്ഥ ഉണ്ടായപ്പോൾ തനിക്കു വേണ്ടി പ്രാർഥിച്ചവരിൽ അവരുമുണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. അതാണ് ജീവിതത്തിന്റെ നന്മയെന്നും താരം കൂട്ടിച്ചേർത്തു.
വളരെ സന്തോഷമുള്ള അവസ്ഥയാണ് തന്നെ സംബന്ധിച്ചിടത്തോളം എന്നാണ് താരം പറഞ്ഞത്. വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിലാകെ ശ്രദ്ധ നേടി. നിരവധി പേർ അദ്ദേഹത്തിന്റെ തിരിച്ചുവരവിൽ ആശംസയും സന്തോഷവും അറിയിച്ചു. അൽപ്പം മെലിഞ്ഞു… ശബ്ദത്തിലും മാറ്റങ്ങളുണ്ട്. എന്നിരുന്നാലും ആ പ്രസന്നത ഇപ്പോഴുമുണ്ട് എന്നായിരുന്നു ആളുകൾ കുറിച്ചത്.