Mohan Raj : കഥാപാത്രത്തിൻ്റെ പേരിൽ അറിയപ്പെടുക അനുഗ്രഹീത കലാകാരന്മാർക്ക് ലഭിക്കുന്ന സൗഭാഗ്യം; മോഹൻ രാജിന് ആദരാഞ്ജലിയർപ്പിച്ച് മോഹൻലാൽ
Mohanlal Mohan Raj : അന്തരിച്ച നടൻ മോഹൻ രാജിന് മോഹൻലാലിൻ്റെ ആദരാഞ്ജലി. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാൽ തൻ്റെ വില്ലനായിരുന്ന മോഹൻ രാജിന് ആദരാഞ്ജലി അർപ്പിച്ചത്.
അന്തരിച്ച നടൻ മോഹൻ രാജിന് ആദരാഞ്ജലിയർപ്പിച്ച് മോഹൻലാൽ. കഥാപാത്രത്തിൻ്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ് എന്ന് മോഹൻലാൽ പറഞ്ഞു. വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എൻ്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട എന്നും മോഹൻലാൽ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
Also Read : Mohan Raj : ‘കീരിക്കാടൻ ആകേണ്ടിയിരുന്നത് മറ്റൊരാൾ’; കിരീടത്തിലേക്ക് എത്തിയ കഥ പറഞ്ഞ് മോഹൻ രാജ്
മോഹലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
കഥാപാത്രത്തിൻ്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ് . കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട മോഹൻരാജ് നമ്മെ വിട്ടുപിരിഞ്ഞു. സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിൻ്റെ ഗാംഭീര്യം, ഇന്നലത്തെപ്പോലെ ഞാൻ ഓർക്കുന്നു. വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എൻ്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു കീരിക്കാടൻ ജോസ് എന്നറിയപ്പെടുന്ന മോഹൻ രാജ് അന്തരിച്ചത്. കഠിനംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. 300ലധികം ചിത്രങ്ങളിൽ അഭിനയിച്ച താരം അസുഖങ്ങൾ അലട്ടിയിരുന്നതിനാൽ ഏറെ നാളായി ചികിത്സയിലായിരുന്നു. 1988ൽ മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയം ആരംഭിക്കുന്നത്. 2022ൽ പുറത്തിറങ്ങിയ മമ്മൂട്ടിച്ചിത്രം റോഷാക്കാണ് അവസാന സിനിമ. ഉഷയാണ് ഭാര്യ. ജെയ്‌ഷ്മ, കാവ്യ എന്നീ രണ്ട് പെൺമക്കളുണ്ട്. എൻഫോഴ്സ്മെൻ്റ് വിഭാഗത്തിലായിരുന്നു ജോലി.