Mohan Raj : ‘കീരിക്കാടൻ ആകേണ്ടിയിരുന്നത് മറ്റൊരാൾ’; കിരീടത്തിലേക്ക് എത്തിയ കഥ പറഞ്ഞ് മോഹൻ രാജ്
Mohan Raj Keerikkadan Jose : കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നില്ല എന്ന മോഹൻ രാജിൻ്റെ പഴയ വെളിപ്പെടുത്തൽ വൈറലാവുന്നു. ഇന്ന് വൈകുന്നേരമാണ് മോഹൻ രാജ് മരണപ്പെട്ടത്.
കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രമാണ് നടൻ മോഹൻ രാജിൻ്റെ സിനിമാജീവിതത്തിൽ നിർണായകമായത്. സിബി മലയിൽ അണിയിച്ചൊരുക്കിയ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ വില്ലൻ കഥാപാത്രമായിരുന്നു കീരിക്കാടൻ ജോസ്. എന്നാൽ ഈ കഥാപാത്രം അവതരിപ്പിക്കാൻ ആദ്യം തീരുമാനിച്ചിരുന്നത് മോഹൻ രാജിനെയല്ല. തെലുങ്ക് നടൻ പ്രദീപ് ശക്തിയെയാണ് ആദ്യം ആ റോളിൽ തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രദീപ് വരാതിരുന്നതോടെ ആ റോൾ മോഹൻ രാജിന് ലഭിക്കുകയായിരുന്നു. ഇക്കാര്യം മോഹൻ രാജ് തന്നെ മുൻപ് ഏഷ്യാനെറ്റിൻ്റെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ പങ്കുവച്ചിട്ടുണ്ട്.
“ഞാൻ എൻഫോഴ്സ്മെൻ്റ് ഓഫീസറായി മദ്രാസിൽ ജോലി ചെയ്യുകയായിരുന്നു. എൻ്റെ ഓഫീസിൻ്റെ എതിർവശത്ത് ഉണ്ടായിരുന്ന സ്മാർട്ട് സ്കെയിൽ ഇൻഡസ്ട്രീസിൻ്റെ സൂപ്രണ്ടിൻ്റെ അളിയനായിരുന്നു ആനന്ദ് ബാബു. അദ്ദേഹമാണ് എന്നെ കൊണ്ടുപോയി ആദ്യം തമിഴ് സിനിമയിൽ അഭിനയിപ്പിച്ചത്. സത്യരാജ് ചെറിയ വേഷമെന്ന് പറഞ്ഞ് ഉപേക്ഷിച്ച റോളായിരുന്നു. അത് ഞാൻ അഭിനയിച്ചു.”- താൻ സിനിമാഭിനയം ആരംഭിച്ചതിനെപ്പറ്റി മോഹൻ രാജ് പറഞ്ഞു.
Also Read : Actor Mohan Raj : നടൻ മോഹൻരാജ് അന്തരിച്ചു
“ഒരു ദിവസം കലാധരൻ എന്നെ വിളിച്ചു. ഒരു ദിവസം വരണമെന്ന് പറഞ്ഞു. പോയപ്പോ വിളിച്ച് സിബിമലയലിൻ്റെ മുന്നിൽ കൊണ്ട് നിർത്തി. എനിക്കൊന്നും പിടികിട്ടിയില്ല. പിന്നെ ലോഹിതദാസിനെ കണ്ടു. ലോഹിതദാസ് ഒരു നിമിഷം ഇങ്ങനെ നോക്കി. എന്നിട്ട് തലകുലുക്കി. അത്രേയുള്ളൂ. ഞാൻ തിരിച്ചുവന്നു. റൂമിൽ വന്നപ്പോൾ കലാധരൻ പറഞ്ഞു, നിങ്ങൾ അഭിനയിക്കണമെന്ന്. ഇതിൽ നല്ല റോളാണ്, കീരിക്കാടൻ ജോസ്. ഞാൻ ഷോക്കായി. ഞാനത് കാര്യമാക്കിയില്ല. പ്രദീപ് ശക്തി എന്നൊരു ആന്ധ്രാക്കാരനെയാണ് തീരുമാനിച്ചിരുന്നത്. അയാൾ വന്നില്ല. അപ്പോഴാണ് കൃത്യമായി എന്നെ കാണുന്നത്. ഇൻ്റർവെൽ ഫൈറ്റാണ് ആദ്യമെടുത്തത്. അതിൽ പാസ്മാർക്ക് കിട്ടി.”- മോഹൻ രാജ് കീരിക്കാടൻ ജോസിൻ്റെ കഥ പറഞ്ഞു.
ഇന്ന് മൂന്ന് മണിയോടെയാണ് മോഹൻ രാജ് അന്തരിച്ചത്. കഠിനംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. 300ലധികം ചിത്രങ്ങളിൽ താരം അഭിനയിച്ചു. അസുഖങ്ങൾ അലട്ടിയിരുന്നതിനാൽ ഏറെ നാളായി ചികിത്സയിലായിരുന്നു. 1988-ൽ മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയം ആരംഭിക്കുന്നത്. 2022ൽ പുറത്തിറങ്ങിയ റോഷാക്കാണ് അവസാന ചിത്രം. ഉഷയാണ് ഭാര്യ. ജെയ്‌ഷ്മ, കാവ്യ എന്നീ രണ്ട് പെൺമക്കളുണ്ട്. എൻഫോഴ്സ്മെൻ്റ് വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.