OTT Releases: ‘നടികർ’ മുതൽ ‘ജെഎസ്കെ’ വരെ; വാരാന്ത്യം ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
OTT Releases This Week: ഇഷ്ട ചിത്രങ്ങളുടെ ഒടിടി റിലീസിനായി കാത്തിരുന്നവർക്ക് ഇനി വീട്ടിലിരുന്ന് ആസ്വദിക്കാം. വരും ദിവസങ്ങളിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
ടൊവിനോ തോമസ് നായകനായ ‘നടികർ’ മുതൽ സുരേഷ് ഗോപിയുടെ ‘ജെഎസ്കെ’ വരെ പ്രേക്ഷകർ കാത്തിരുന്ന ചില നല്ല ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിൽ എത്തുന്നത്. റിലീസായി ഒരു വർഷത്തിന് ശേഷം ഒടിടിയിൽ എത്തുന്ന ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇഷ്ട ചിത്രങ്ങളുടെ ഒടിടി റിലീസിനായി കാത്തിരുന്നവർക്ക് ഇനി വീട്ടിലിരുന്ന് ആസ്വദിക്കാം. വരും ദിവസങ്ങളിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
നടികർ
ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത ‘നടികർ’ കഴിഞ്ഞ വർഷം മെയ് 3 നാണ് തീയേറ്ററുകളിൽ എത്തിയത്. സിനിമയ്ക്കുള്ളിൽ സിനിമാക്കഥ പറഞ്ഞ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രം റീലീസായി ഒന്നര വർഷത്തിന് ശേഷം ഒടുവിൽ ഒടിടിയിൽ എത്തുകയാണ്. സൈന പ്ലേയിലൂടെ ഓഗസ്റ്റ് 8 മുതൽ ‘നടികർ’ സ്ട്രീമിങ് ആരംഭിക്കും.
മനസാ വാചാ
ദിലീഷ് പോത്തനെ നായകനാക്കി ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘മനസാ വാചാ.’ ഒരു കള്ളന്റെ കഥ പറഞ്ഞ ചിത്രം മുഴുനീള കോമഡി എന്റർടൈനറായാണ് ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. മനോരമ മാക്സിലൂടെ ഓഗസ്റ്റ് 9 മുതൽ ‘മനസാ വാചാ’ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും.
വ്യസനസമേതം ബന്ധുമിത്രാദികൾ
തീയേറ്ററുകളിൽ ചിരി പടർത്തിയ സിനിമകളിലൊന്നാണ് ‘വ്യസനസമേതം ബന്ധുമിത്രാദികൾ’. ഓഗസ്റ്റിൽ റിലീസായ ചിത്രത്തിൽ നായികാ വേഷത്തിൽ എത്തിയത് അനശ്വര രാജനാണ്. മല്ലിക സുകുമാരന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി മാര്‍ക്കോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓഗസ്റ്റ് 14 മുതൽ മനോരമ മാക്സിൽ ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ സ്ട്രീമിങ് ആരംഭിക്കും.
ALSO READ: ഡൊമിനിക് ഒടുവിൽ ഒടിടിയിൽ? പുതിയ സ്ട്രീമിംഗ് തീയ്യതി?
ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള
വിവാദങ്ങൾക്കൊടുവിൽ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് സുരേഷ് ഗോപിയുടെ ‘ജെഎസ്കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള.’ പേരുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് റിലീസ് നീണ്ടു പോയി, ഒടുവിൽ ജൂലൈ17നായിരുന്നു ചിത്രത്തിന്റെ ആഗോള റിലീസ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഓഗസ്റ്റ് 15 മുതൽ സീ5-ൽ ‘ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ സ്ട്രീമിങ് ആരംഭിക്കും.
തലൈവൻ തലൈവി
വിജയ് സേതുപതിയും നിത്യ മേനനും പ്രധാന വേഷങ്ങളിൽ എത്തിയ ‘തലൈവൻ തലൈവി’ ജൂലൈ 25നാണ് റിലീസായത്. ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചെമ്പൻ വിനോദ്, തലൈവാസൽ വിജയ്, ശരവണൻ, ആർ കെ സുരേഷ്, റോഷിനി ഹരിപ്രിയൻ , യോഗി ബാബു, ആർ.കെ.സുരേഷ് , ദീപ, ജാനകി സുരേഷ്, മൈനാ നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ‘തലൈവൻ തലൈവി’ ഓഗസ്റ്റ് 22 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിക്കും.
സൂപ്പർ സിന്ദഗി
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വിന്റേഷ് സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘സൂപ്പർ സിന്ദഗി’. 666 പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഈ കോമഡി ഡ്രാമയിൽ മുകേഷ്, പാർവതി നായർ, ജോണി ആന്റണി, സുരേഷ് കൃഷ്‌ണ, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര, കലേഷ് രാമാനന്ദ്, ഡയാന ഹമീദ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തി. ഓഗസ്റ്റ് 21 മുതൽ മനോരമ മാക്‌സിൽ ‘സൂപ്പർ സിന്ദഗി’ സ്ട്രീമിങ് ആരംഭിക്കും.