Cinema Strike: ‘പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി’; നാളെ നടത്താനിരുന്ന സിനിമാ സമരം പിന്‍വലിച്ചു
Proposed Cinema Strike Called Off: മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി അറിയിച്ചു. സിനിമ സംഘടനകളുടെ ആവശ്യങ്ങൾ ന്യായമെന്ന് ചർച്ചയിൽ സർക്കാർ വ്യക്തമാക്കി.
ബുധനാഴ്ച നടത്താനിരുന്ന സിനിമ സമരം പിൻവലിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് സർക്കാരുമായുള്ള ചർച്ചയിൽ മന്ത്രി സജി ചെറിയാന്‍ ഉറപ്പു നല്‍കിയതിനു പിന്നാലെയാണ് തീരുമാനം. മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി അറിയിച്ചു. സിനിമ സംഘടനകളുടെ ആവശ്യങ്ങൾ ന്യായമെന്ന് ചർച്ചയിൽ സർക്കാർ വ്യക്തമാക്കി.
ചലച്ചിത്ര നിർമാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെയും ഔദ്യോഗിക കൂട്ടായ്മയായ ഫിലിം ചേംബറിന്‍റെയും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെയും പിന്തുണയോടെയായിരുന്നു സൂചനാ സമരം പ്രഖ്യാപിച്ചിരുന്നത്.
തിയേറ്ററുകൾ ലൈസൻസ്, ഷൂട്ടിംഗ് ഏകജാലക സംവിധാനം, തിയേറ്ററുകളിലെ വൈദ്യുതി നിരക്ക് സംബന്ധിച്ച വിഷയം റെഗുലേറ്ററി ബോർഡുമായി ചർച്ച ചെയ്യും. വിനോദ നികുതി നാല് ശതമാനമാക്കി കുറയ്ക്കാമെന്ന ശുപാർശ മന്ത്രി മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇത് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യമെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് അറിയിച്ചു.