Malarkale song story: പാടുന്നതിനിടെ റഹ്മാൻ ചോദിച്ച ചോദ്യത്തിൽ പരിഭ്രമിച്ച് ചിത്ര… ആ ഗാനത്തിനു ഇങ്ങനെയുമൊരു പിന്നാമ്പുറമോ?
Rahman's Unforgettable Question to singer K S Chitra: ഇത് ചിത്രയുടെ മനസ്സിൽ കടുത്ത ആശങ്കയുണ്ടാക്കി. താൻ പാടിയത് ശരിയായില്ലേ എന്ന വേവലാതി റെക്കോർഡിംഗിന് ശേഷവും അവരെ വിട്ടൊഴിഞ്ഞില്ല. പടത്തിന്റെ ഓഡിയോ കാസറ്റ് പുറത്തിറങ്ങിയപ്പോഴാണ് സഹഗായകൻ ഹരിഹരനാണെന്നറിഞ്ഞത്.
പ്രഭുദേവയും നഗ്മയും അഭിനയിച്ച, ബോക്‌സോഫീസിൽ കഷ്ടിച്ച് രക്ഷപ്പെട്ട ‘ലവ് ബേർഡ്‌സ്’ (1996) എന്ന ചിത്രം ഇന്നും ഓർമ്മിക്കപ്പെടുന്നത് അതിലെ അനശ്വര പ്രണയഗാനം, ‘മലർകളേ മലർകളേ’യുടെ പേരിലാണ്. സരസ്വതി, ഹമീർ കല്യാണി രാഗങ്ങളുടെ സ്പർശമുള്ള ഈ ഗാനത്തിന് കാലാതിവർത്തിയായ ഒരു മാന്ത്രികതയുണ്ട്.
സംഗീത സംവിധായകൻ എ.ആർ. റഹ്‌മാൻ രാഗങ്ങളെ വെസ്റ്റേൺ നോട്ടുകൾ പോലെ ഉപയോഗിച്ച ശൈലിയാണ് ഈ ഗാനത്തെ അതുല്യമാക്കിയത്. സ്റ്റീൽ ഫ്‌ളൂട്ടും ഇലക്ട്രിക്ക് പിയാനോയും മാൻഡലിനും വയലിനുമെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന ഓർക്കസ്‌ട്രേഷൻ പ്രണയനാദങ്ങളുടെ മനോഹരമായ ഒരു സിംഫണിയായി മാറുന്നു.
ഗാനം റെക്കോർഡ് ചെയ്യുന്ന ദിവസം, ഗായിക കെ.എസ്. ചിത്രയ്ക്ക് അപ്രതീക്ഷിതമായ ഒരനുഭവമുണ്ടായി. വൈരമുത്തുവിന്റെ കാവ്യഭംഗിയുള്ള വരികൾക്ക് ശബ്ദം നൽകുമ്പോൾ, റഹ്‌മാൻ വോയ്‌സ് ബൂത്തിൽ വന്ന് ചിത്രയോട് ചോദിച്ചു: “എന്താ നല്ല സുഖം തോന്നുന്നില്ലേ?”
ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്നിട്ടും, പാട്ടിന്റെ ഭാവം ഉൾക്കൊണ്ട് ലയിച്ചു പാടുന്നതിനിടെ അപ്രതീക്ഷിതമായി റഹ്‌മാൻ ചോദ്യം ആവർത്തിച്ചു: “എന്ത് പറ്റി? മൂഡ് ശരിയല്ല, അല്ലേ? ആകെ അപ്‌സെറ്റ് ആയപോലെ.”
ഇത് ചിത്രയുടെ മനസ്സിൽ കടുത്ത ആശങ്കയുണ്ടാക്കി. താൻ പാടിയത് ശരിയായില്ലേ എന്ന വേവലാതി റെക്കോർഡിംഗിന് ശേഷവും അവരെ വിട്ടൊഴിഞ്ഞില്ല. പടത്തിന്റെ ഓഡിയോ കാസറ്റ് പുറത്തിറങ്ങിയപ്പോഴാണ് സഹഗായകൻ ഹരിഹരനാണെന്നറിഞ്ഞത്. നല്ല അഭിപ്രായങ്ങൾ വന്നുതുടങ്ങിയപ്പോഴാണ് ചിത്രയ്ക്ക് സമാധാനമായത് എന്ന് രവിമേനോന്റെ മാതൃഭൂമി ഓൺലൈനിലെഴുതിയ കുറിപ്പിൽ പറയുന്നു.
വർഷങ്ങൾക്ക് ശേഷം റഹ്‌മാനോട് ചിത്ര ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം ആ സംഭവം തന്നെ മറന്നുപോയിരുന്നു. എന്നാൽ, ചിത്രയ്ക്ക് അത് മറക്കാനായില്ല.