Ram Gopal Varma: ‘ഇന്ത്യയിൽ ഒരു ദിവസം ദീപാവലി, ഗസയിൽ എന്നും ദീപാവലി’; രാം ഗോപാൽ വർമ്മയുടെ എക്സ് പോസ്റ്റ് വിവാദത്തിൽ
Ram Gopal Varma About Gaza: ഗസയെ പരിഹസിച്ചുള്ള രാം ഗോപാൽ വർമ്മയുടെ എക്സ് പോസ്റ്റിനെച്ചൊല്ലി വിവാദം. സോഷ്യൽ മീഡിയയിൽ വിവാദം കത്തുകയാണ്.
ഗസയെപ്പറ്റിയുള്ള സംവിധായകൻ രാം ഗോപാൽ വർമ്മയുടെ എക്സ് പോസ്റ്റ് വിവാദത്തിൽ. ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഗസയെ പരിഹാസിക്കുന്ന തരത്തിലുള്ള പോസ്റ്റിനെതിരെ വിമർശനങ്ങൾ ശക്തമാണ്. രാം ഗോപാൽ വർമ്മയെ പിന്തുണച്ചും ആളുകൾ എത്തുന്നുണ്ട്.
ദീപാവലിയുമായി ബന്ധപ്പെട്ടാണ് രാം ഗോപാൽ വർമ്മയുടെ പോസ്റ്റ്. ‘ഇന്ത്യയിൽ ഒരു ദിവസം ദീപാവലി, ഗസയിൽ എന്നും ദീപാവലി’ എന്ന പോസ്റ്റ് ഒക്ടോബർ 20 ന് രാത്രി 7.25നാണ് പോസ്റ്റ് ചെയ്തത്. 14,000ലധികം ലൈക്കുകളും 3,800ലധികം റീപോസ്റ്റുകളും ഈ പോസ്റ്റിന് ലഭിച്ചു. ദീപാവലിയെ കുട്ടികൾ കൊല്ലപ്പെടുന്നതുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നാണ് പലരും പറയുന്നത്.
Also Read: Hamas Attack: ഗാസയിലെ സാധാരണക്കാരെ ആക്രമിക്കാൻ ഹമാസ് പദ്ധതിയിടുന്നു; നടപടിയെടുക്കുമെന്ന് യുഎസ്
കരിയറിൻ്റെ തുടക്കത്തിൽ മികച്ച സിനിമകൾക്ക് തുടരെ ജന്മൻ നൽകിയ സംവിധായകനാണ് രാം ഗോപാൽ വർമ്മ. 1989ൽ തെലുങ്ക് സിനിമയായ സിവയിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും പിന്നീട് ഹിന്ദിയിലേക്ക് ചേക്കേറി ഗംഭീര സിനിമകളൊരുക്കി. രങ്കീല, കമ്പനി, ഭൂത്, രക്തചരിത്ര തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത രാം ഗോപാൽ വർമ്മ തിരക്കഥ എഴുതി നിർമ്മിച്ച ശൂലിലൂടെ ദേശീയ പുരസ്കാരവും സ്വന്തമാക്കി. ഫിലിംഫെയർ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അശ്ലീലത്തിൻ്റെ അതിപ്രസരമുള്ള രണ്ടാം കിട സിനിമകളാണ് അദ്ദേഹം ഒരുക്കുന്നത്.
ഗസയിൽ ഇപ്പോൾ വെടിനിർത്തലാണ്. ഹമാസും ഇസ്രയേലും വെടിനിർത്തൽ കരാറിൽ ഒപ്പിട്ടിരുന്നു. പരസ്പരം ഇസ്രയേലും ഹമാസും ബന്ധികളെ വിട്ടയച്ചു. ഇതിന് പിന്നാലെ ഹമാസ് തെരുവിൽ നിർത്തി പരസ്യമായി വധശിക്ഷ നടപ്പാക്കിയിരുന്നു. ചാരന്മാരെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഇതിനെതിരെ അമേരിക്ക രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ഹമാസിനെ നിരായുധീകരിക്കണമെന്നതാണ് ഇപ്പോഴത്തെ ആവശ്യം.
എക്സ് പോസ്റ്റ്
In INDIA only one day is DIWALI and in GAZA, every day is DIWALI🔥🔥🔥
— Ram Gopal Varma (@RGVzoomin) October 20, 2025