Mammootty: ‘മമ്മൂട്ടിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാറുണ്ട്’; വാലായിട്ട് നടക്കുന്നു എന്ന ആരോപണങ്ങൾക്ക് കാരണം പറഞ്ഞ് രമേഷ് പിഷാരടി
Ramesh Pisharody About Mammootty: മമ്മൂട്ടിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാറുണ്ടെന്ന് രമേഷ് പിഷാരടി. മമ്മൂട്ടിയുടെ വാലായിട്ട് നടക്കുന്നു എന്ന ആരോപണങ്ങളുടെ കാരണവും അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാറുണ്ടെന്ന് രമേഷ് പിഷാരടിയുടെ വെളിപ്പെടുത്തൽ. അഭിപ്രായവ്യത്യാസങ്ങളില്ലെങ്കിൽ സംസാരം പെട്ടെന്ന് തീർന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രമേഷ് പിഷാരടിയുടെ വെളിപ്പെടുത്തൽ.
“അഭിപ്രായഭിന്നതകൾ ഇല്ലെങ്കിൽ സംസാരിക്കാൻ പറ്റില്ല. സംസാരം പെട്ടെന്ന് തീർന്നുപോകും. അഭിപ്രായഭിന്നതയുള്ളതുകൊണ്ടാണ് സംസാരം നീളുന്നത്. അഭിപ്രായഭിന്നത ഉറപ്പായും ഉണ്ടാവുന്നുണ്ട്. ആശയപരമായിത്തന്നെ വ്യത്യാസമുണ്ട്. ഞാൻ എൻ്റെ രാഷ്ട്രീയം തുറന്നുപറഞ്ഞിട്ടുണ്ട്. പല വിഷയങ്ങളിലും അഭിപ്രായഭിന്നതകൾ ഉണ്ടാവാറുണ്ട്. കലഹങ്ങളുണ്ടായി പിരിഞ്ഞിട്ടില്ല. അദ്ദേഹം കാര്യങ്ങൾ കേട്ടിരിക്കും. നിങ്ങൾ പറഞ്ഞതാണ് ശരിയെന്ന് പിന്നീടാണെങ്കിലും പറയും. തർക്കം ജയിക്കുന്നതിനെക്കാൾ വിഷയം അറിയാനുള്ള ശ്രമമാണ്. “- രമേഷ് പിഷാരടി പറഞ്ഞു.
മമ്മൂട്ടിയുടെ വാലായിട്ട് നടക്കുന്നു എന്ന ആരോപണങ്ങൾ കേട്ടുതുടങ്ങിയപ്പോൾ ഇക്കാര്യം താൻ ധർമജനോട് സംസാരിച്ചെന്ന് പിഷാരടി പറഞ്ഞു. തങ്ങൾ രണ്ടുപേരും ഒരുമിച്ചുനടക്കുമ്പോൾ ആരും ഇത് പറഞ്ഞിട്ടില്ല. മമ്മൂട്ടിയുടെ പ്രൊഫൈൽ വലുതും തൻ്റെ പ്രൊഫൈൽ ചെറുതും ആയതുകൊണ്ടാണ് ഇത്തരം ആരോപണങ്ങളുണ്ടാവുന്നത്. ഇക്കാലത്ത് നന്മ സംശയിക്കപ്പെടും. നന്മ ചെയ്യുന്നത് മറ്റെന്തെങ്കിലും കാര്യത്തിന് വേണ്ടിയാണെന്ന് തോന്നും. മമ്മൂട്ടിക്ക് ഇതിൽ നിന്ന് എന്താണ് ലാഭമെന്ന് ആൾക്കാർ ചിന്തിക്കുന്നു.
Also Read: Honey Rose: 20 വർഷമായി ഞാൻ കടിച്ചുതൂങ്ങി നിൽക്കുന്നു; അവസ്ഥ തുറന്നു പറഞ്ഞ് ഹണി റോസ്
തനിക്ക് മമ്മൂട്ടിയുമായുള്ള സൗഹൃദത്തിൽ നിന്ന് ഗുണമുണ്ട്. മലയാള സിനിമയുടെ 40 വർഷത്തെ ചരിത്രത്തിനൊപ്പം സഞ്ചരിക്കുക, സംസാരിക്കുക എന്നതൊന്നും മിസ് ആക്കാൻ ആഗ്രഹിക്കുന്നില്ല. ആരെന്ത് പറഞ്ഞാലും ശരി. അതാണ് തനിക്ക് ആ സൗഹൃദത്തിൽ നിന്നുള്ള ലാഭം. മമ്മൂട്ടിക്ക് താൻ അഭിനയിച്ച സിനിമകളെപ്പറ്റി അപാരമായ ഓർമ്മശക്തിയുണ്ട്. സിനിമകളിൽ നിന്നുള്ള രംഗമൊക്കെ അദ്ദേഹം ഇപ്പോഴും ഓർത്തിരിക്കുന്നുണ്ട്. സിനിമകളെപ്പറ്റി അദ്ദേഹം ഒരുപാട് സംസാരിക്കാറുമുണ്ട് എന്നും പിഷാരടി പറഞ്ഞു.
രോഗബാധയെ തുടർന്ന് ഇടവേളയെടുത്ത മമ്മൂട്ടി കഴിഞ്ഞ മാസം അഭിനയത്തിലേക്ക് തിരികെവന്നിരുന്നു. മഹേഷ് നാരായണൻ്റെ ബിഗ് ബജറ്റ് ചിത്രമായ പേട്രിയറ്റിൻ്റെ സെറ്റിലേക്കാണ് മമ്മൂട്ടി എത്തിയത്. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻ താര തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിരിക്കുന്നു.
അഭിമുഖം കാണാം