Sreenivasan: ആ കൈനോട്ടക്കാരൻ അന്ന് ശ്രീനിവാസൻ്റെ ഭാവി പറഞ്ഞു, ഞെട്ടലോടെ സത്യമറിഞ്ഞത് വർഷങ്ങൾക്ക് ശേഷം
Sreenivasan About Palm Reader’s Prediction: എൻ്റെ മുഖത്ത് നോക്കി ആരും ധൈര്യപ്പെട്ട് പറയാൻ പറ്റാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ചിന്താവിഷ്ടയായ ശ്യാമളക്ക് ദേശീയ പുരസ്കാരം കിട്ടിക്കഴിഞ്ഞതിന് ശേഷം അയാൾ പറഞ്ഞത് മുഴുവൻ ഫലിച്ചു എന്നത് ഞാൻ ഞെട്ടലോടെ അറിയുകയാണ്.
48 വർഷത്തെ സിനിമാജീവിതത്തിന് ശേഷം മലയാളികളുടെ പ്രിയ പ്രതിഭ ശ്രീനിവാസൻ അരങ്ങൊഴിഞ്ഞിരിക്കുകയാണ്. തന്റെ അഭിപ്രായങ്ങളും ആശയങ്ങളും സിനിമകളിലൂടെ, തിരക്കഥകളിലൂടെ അദ്ദേഹം പകർന്നപ്പോൾ മലയാളത്തിന് ലഭിച്ചത് വരവേൽപ്പ്, സന്ദേശം, വെള്ളാനകളുടെ നാട് തുടങ്ങിയ മികച്ച സിനിമകളാണ്.
ഒരിക്കൽ തന്റെ ഭാവി ഒരു കൈനോട്ടക്കാരൻ പ്രവചിച്ചതായി ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. അതേകുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പറയുന്ന മറുപടി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ശ്രീനിവാസൻ വലിയ സുന്ദരനൊന്നും അല്ലെങ്കിലും സിനിമയിൽ എത്തുമെന്ന് പണ്ട് ഒരു കൈനോട്ടക്കാരൻ പറഞ്ഞു എന്നും, അതിനുശേഷം കൈനോട്ടത്തിൽ വലിയ വിശ്വാസമാണെന്നും കേട്ടിട്ടുണ്ട്. അപ്പൊൾ ഈ കൈപ്പുണ്യമൊക്കെ തുടങ്ങിയത് ആ കൈനോട്ടത്തിൽ ആയതുകൊണ്ട്, കൈനോട്ടത്തിൽ വലിയ വിശ്വാസമാണോ? എന്നായിരുന്നു ചോദ്യം.
‘കൈനോട്ടത്തിൽ എനിക്ക് വിശ്വാസമില്ല. പക്ഷേ, എൻ്റെ ജീവിതത്തിൽ ഒരു സംഭവം ഉണ്ടായി. എൻ്റെ അടുത്ത സുഹൃത്തായ കുമാരൻ മാഷ്, സുഹൃത്ത് എന്ന് പറഞ്ഞാൽ പുസ്തകങ്ങളിലൂടെ ഉണ്ടായ അടുപ്പമാണ്. അപ്പൊ എന്നേക്കാളും പ്രായമുള്ള ഒരാളാണ്. വളരെ ചെറുപ്പത്തിലെ അധ്യാപകനായ ഒരാളാണ് അദ്ദേഹം. കുമാരൻ മാഷ് ഒരു ദിവസം എന്നോട് പറഞ്ഞു, നമുക്ക് ഒരു സ്ഥലം വരെ പോകണം. വരാം എന്ന് ഞാൻ പറഞ്ഞു.
കൈയിൽ പൈസ ഇല്ലാത്തതുകൊണ്ട് ആരെങ്കിലും വിളിച്ചാലേ ഞാൻ പോകുന്ന ഒരു കാലഘട്ടമായിരുന്നു അത്. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിനടുത്താണ് പോയത്. അവിടെ തുണികൊണ്ട് മറച്ചുകെട്ടിയ, അതിന്റെ ഇടയിൽ, ഇരിക്കുന്ന ഒരാൾ, കൈരേഖാശാസ്ത്രം. അദ്ദേഹം അവിടെ ഇരിക്കുന്നത് ഞാൻ എപ്പോഴും കാണാറുണ്ട്. ഞാൻ ആ വഴിക്ക് പോകാറേയില്ല. കാരണം ഒന്ന്, ഇവരൊക്കെ തട്ടിപ്പുകാരാണെന്നുള്ള ഒരു വിചാരമാണ്. എനിക്ക് ചെറുപ്പത്തിലേ നല്ല വായന ഉണ്ടായിരുന്നു. അപ്പൊ നമ്മൾ സ്വന്തമായിട്ട് ശരി തെറ്റ് ഇതിനെക്കുറിച്ചൊക്കെ ഉള്ള ഒരു ചെറിയ വിചാരങ്ങൾ ഉണ്ട്.
ALSO READ: ‘എന്റെ ശ്രീനി..; ഏറെ പ്രിയപ്പെട്ടയൊരാള്‍ നഷ്ടപ്പെടുകയാണ്’; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
അക്കൂട്ടത്തിൽ ഈ കൈരേഖക്കാര്യമൊന്നും വിശ്വസിക്കാൻ പാടില്ലെന്നും, അവര് ആളുകളെ പറഞ്ഞുപറ്റിച്ച് കാശ് വാങ്ങുന്നവരാണെന്നും ധരിച്ചിരുന്നതുകൊണ്ട് ഞാൻ ഒരിക്കലും അങ്ങോട്ട് പോകാൻ ശ്രമിച്ചിട്ടില്ല. അപ്പൊ ഞാനന്ന് പ്രീ-ഡിഗ്രി കഴിഞ്ഞ് നിക്കുകയാണ്. അപ്പൊ ഇന്നത്തെപ്പോലെ ശരിക്കും സുന്ദരനല്ല ഞാൻ അന്ന്. മാത്രമല്ല, ഞാൻ ആരോടോ ബെറ്റ് വെച്ചിട്ട് മുടി കംപ്ലീറ്റ് മൊട്ടയടിച്ചിട്ട് ആകെപ്പാടെ ഒരു പേക്കോലമാണ്.
അപ്പൊ എൻ്റെ മുഖത്ത് നോക്കി ആരും ധൈര്യപ്പെട്ട് പറയാൻ പറ്റാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. എൻ്റെ കൈ നോക്കിയിട്ട് ആദ്യം പറഞ്ഞു, സിനിമ പോലുള്ള ഒരു മാധ്യമത്തിൽ പ്രവർത്തിക്കുന്ന ആളായിട്ടാണ് കാണുന്നത്. അപ്പൊ ഞാനും കുമാരൻ മാഷും പരസ്പരം നോക്കി, ആ ഇങ്ങനെയാണ് ആളുകളെ പറ്റിക്കുന്നത്. കാരണം ഒരു വിദൂരത്ത് പോലും സിനിമയായിട്ട് ബന്ധമുള്ള ഒരാളുമായിട്ട് നമുക്ക് പരിചയമേ ഇല്ല.
സിനിമ കാണുന്നു, സിനിമയോട് നമുക്ക് താല്പര്യമുണ്ട്. പക്ഷെ സിനിമയിൽ വരണമെന്ന് ആഗ്രഹിക്കണമെങ്കിൽ എന്തെങ്കിലും അർഹതയുണ്ടെന്ന് നമുക്ക് ആദ്യം തോന്നണല്ലോ. അപ്പൊ അർഹതയില്ലാത്ത കാര്യങ്ങൾ ആഗ്രഹിക്കാൻ പാടില്ല എന്നുള്ളത് അന്ന് നമുക്കറിയാം.
നമ്മുടെ ധാരണക്ക് വിരുദ്ധമായിട്ട് ഇയാൾ ഇങ്ങനെ പറഞ്ഞപ്പോൾ…ഇയാൾ കളവ് പറയുകയാണെന്ന് ഞാൻ അപ്പൊത്തന്നെ വിശ്വസിച്ചു. സിനിമയിൽത്തന്നെ പലതരം ജോലികൾ ചെയ്യുന്നതായിട്ടാണ് കാണുന്നത്, പുരസ്കാരങ്ങൾ ലഭിക്കും, രാജ്യത്തിൻ്റെ തലപ്പത്തുള്ള ആൾക്കാരിൽ നിന്ന് വരെ പുരസ്കാരം ലഭിക്കാനുള്ള കൈയാണിത് അങ്ങനെ പല കാര്യങ്ങളും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കുറേക്കാലം കഴിഞ്ഞതിന് ശേഷം സിനിമയിലൊക്കെ വന്ന്, ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയും കഴിഞ്ഞതിന് ശേഷം ഒരു തവണ ഞാൻ മട്ടന്നൂർ ഭാഗത്തേക്ക് പോകുമ്പോൾ ഈ സ്ഥലം, അദ്ദേഹം ഇരുന്നിരുന്ന സ്ഥലം ശൂന്യമായി കിടക്കുകയാണ്. അപ്പോഴാണ് ഒരു ഞെട്ടൽ പോലെ ഇതെല്ലാം എൻ്റെ ഓർമ്മയിലേക്ക് തിരിച്ചു വരുന്നത്. ഇങ്ങനെ ഒരു മനുഷ്യൻ എന്നെപ്പറ്റിയിട്ട് ഇങ്ങനെ പറഞ്ഞിരുന്നല്ലോ, അതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. ആ സമയത്ത് ഒരു കാര്യം മാത്രമേ അദ്ദേഹം പറഞ്ഞത് നടക്കാതിരുന്നുണ്ടായിരുന്നുള്ളൂ. അത് ശ്യാമളയുടെ കാര്യത്തിൽ സംഭവിക്കുകയും ചെയ്തു.
ALSO READ: തിരക്കഥ, സംഭാഷണം: ശ്രീനിവാസൻ… നടനെന്ന മോഹവുമായി പേനയെടുത്ത പ്രതിഭ
അത് രാജ്യത്തിൻ്റെ തലപ്പത്തിരിക്കുന്ന ആൾക്കാരിൽ നിന്ന് പുരസ്കാരം വാങ്ങും എന്ന് പറഞ്ഞതാണ്. എന്നാൽ ‘other social issue’ എന്ന വിഭാഗത്തിൽ ചിന്താവിഷ്ടയായ ശ്യാമളക്ക് ദേശീയ പുരസ്കാരം കിട്ടിക്കഴിഞ്ഞതിന് ശേഷം അയാൾ പറഞ്ഞത് മുഴുവൻ ഫലിച്ചു എന്നത് ഞാൻ ഞെട്ടലോടെ അറിയുകയാണ്. ഞെട്ടലിൻ്റെ കാരണം എന്താണെന്ന് വെച്ചാൽ, അദ്ദേഹം അത് പറഞ്ഞതേയുള്ളൂ. ഈ കാര്യങ്ങൾ തീരുമാനിച്ചത് അദ്ദേഹം അല്ലല്ലോ. പിന്നെ ആര്? അതാരാണ്? ഇന്നും ഉത്തരമില്ലാത്ത ഒരു ചോദ്യമാണ്’.