Salim Kumar: ട്രോളുകളിലും നിത്യജീവിതത്തിലും നിറഞ്ഞുകത്തുന്ന കഥാപാത്രങ്ങൾ, കോമാളി ഇമേജ് തകർത്ത പകർന്നാട്ടങ്ങൾ

Salim Kumar's acting career journey: ചാണകത്തിലും പഴത്തൊലിയിലും ചെളിയിലും ചവുട്ടി വീണ് ഇളിക്കുന്ന തന്റെ സ്ഥിരം കോമഡി പാറ്റേണുകളെ സലിം കുമാർ തന്നെ സ്വയം വെല്ലുവിളിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത 'അച്ഛനുറങ്ങാത്ത വീട്', കമലിന്റെ 'പെരുമഴക്കാലം' എന്നീ ചിത്രങ്ങൾ സലിം കുമാറിലെ അസാധാരണ അഭിനേതാവിനെയാണ് പുറത്തെടുത്തത്. സലിമിൽ കോമാളിയെയല്ല, ഗൗരവമുള്ള ഒരു മനുഷ്യനെയാണ് താൻ എപ്പോഴും കണ്ടിട്ടുള്ളതെന്ന ലാൽ ജോസിന്റെ ധീരമായ തീരുമാനമാണ് 'അച്ഛനുറങ്ങാത്ത വീട്ടി'ലേക്ക് വഴിതുറന്നത്.

Salim Kumar: ട്രോളുകളിലും നിത്യജീവിതത്തിലും നിറഞ്ഞുകത്തുന്ന കഥാപാത്രങ്ങൾ, കോമാളി ഇമേജ് തകർത്ത പകർന്നാട്ടങ്ങൾ

Salim Kumar

Published: 

07 Jun 2026 | 06:50 AM

കൊച്ചി: മലയാള സിനിമയിൽ പകരക്കാരനില്ലാത്ത പ്രതിഭയായിരുന്ന സലിം കുമാറിന്റെ അഭിനയ ജീവിതം കഠിനാധ്വാനത്തിന്റെയും അതിജീവനത്തിന്റെയും സംഭവബഹുലമായ ഒരു വിജയഗാഥയായിരുന്നു. പറവൂർ ബോയ്‌സ് ഹൈസ്‌കൂളിന്റെ നാടകവേദിയിൽ തുടങ്ങി, മഹാരാജാസ് കോളേജിലൂടെ വളർന്ന്, മിമിക്രിയിലൂടെ വെള്ളിത്തിരയിലെത്തി ഇന്ത്യൻ സിനിമയുടെ നെറുകയിൽ വരെയെത്തിയതായിരുന്നു ആ അവിസ്മരണീയ യാത്ര.

ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ ഒരേപോലെ സ്വന്തമാക്കിയ അദ്ദേഹം, ഹാസ്യനടനായും സ്വഭാവനടനായും ഒരേസമയം തിളങ്ങി മലയാള സിനിമാ ചരിത്രത്തിൽ തന്റേതായ ഒരിടം അടയാളപ്പെടുത്തിയാണ് വിടവാങ്ങുന്നത്.

പ്രതിസന്ധികളോട് പോരാടി വളർന്ന ബാല്യം

കൊച്ചിയിൽ കയർ ബിസിനസ് നടത്തിയിരുന്ന അച്ഛൻ ഗംഗാധരന്റെ മരണശേഷം കടുത്ത പ്രതിസന്ധിയിലായ കുടുംബത്തെ അമ്മ കയറുപിരിച്ചാണ് താങ്ങിനിർത്തിയത്. ദാരിദ്ര്യത്തോടും പ്രതിസന്ധികളോടും പോരാടിയാണ് സലിം കുമാർ വളർന്നത്. പറവൂർ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ‘ഷെൽട്ടർ’ എന്ന നാടകത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സ്റ്റേജിൽ കയറുന്നത്. പിന്നീട് അഭിനയം അദ്ദേഹത്തിന്റെ ജീവിതം തന്നെയായി മാറി.

വിവാഹപ്പിറ്റേന്ന് സിനിമയിലേക്ക്; ചിരിയുഗത്തിന്റെ തുടക്കം

മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്ത് ഏഷ്യാനെറ്റിൽ പരിപാടി അവതരിപ്പിക്കാൻ പോയതാണ് സലിം കുമാറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. അവിടെ വെച്ച് സുഹൃത്തും നടനുമായ നാദിർഷായാണ് സംവിധായകൻ സിദ്ദിഖിനോട് സലിമിനെക്കുറിച്ച് പറയുന്നത്. അങ്ങനെ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിലൂടെ സലിംകുമാർ എന്ന സിനിമാ നടൻ ജനിച്ചു.

തന്റെ വിവാഹത്തിന്റെ പിറ്റേന്നായിരുന്നു സലിമിന് സിനിമയിലേക്ക് വിളി വരുന്നത്. കല്യാണവിരുന്നിന് വരണമെന്ന് ക്ഷണിച്ച ബന്ധുക്കളോട് ഷൂട്ടിങ് കഴിഞ്ഞ് ഫ്രീ ആകുമ്പോൾ വരാം എന്ന് മറുപടി നൽകി അദ്ദേഹം ക്യാമറയ്ക്ക് മുന്നിലേക്ക് നടന്നു. കേരളക്കരയെ പതിറ്റാണ്ടുകളോളം ചിരിപ്പിക്കാൻ പോകുന്ന ഒരു വലിയ യുഗത്തിന്റെ തുടക്കമായിരുന്നു അത്.

ട്രോളുകളിലും നിത്യജീവിതത്തിലും നിറഞ്ഞുകത്തുന്ന കഥാപാത്രങ്ങൾ

റാഫി മെക്കാർട്ടിൻ, ഷാഫി തുടങ്ങിയ കോമഡി ഹിറ്റ് മേക്കർമാരുടെ ചിത്രങ്ങളിലെ ഏറ്റവും ആസ്വാദ്യകരമായ ചേരുവയായി സലിം കുമാർ മാറി. വാക്കും നോട്ടവും ഭാവവും കൊണ്ട് അദ്ദേഹം തിയേറ്ററുകളിൽ ചിരിപൂരം തീർത്തു.

തെങ്കാശിപ്പട്ടണം, കല്യാണരാമൻ, പുലിവാൽ കല്യാണം, തിളക്കം, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, മഴത്തുള്ളിക്കിലുക്കം, സിഐഡി മൂസ, മീശമാധവൻ, മായാവി തുടങ്ങിയ അസംഖ്യം ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഹാസ്യ സാമ്രാജ്യത്തിലെ നാഴികക്കല്ലുകളാണ്.

ഇതിലെ മണവാളൻ, പ്യാരിലാൽ, ഡാൻസ് മാസ്റ്റർ വിക്രം തുടങ്ങിയ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും ഇന്നും മലയാളികളുടെ നിത്യജീവിതത്തിലെ പ്രയോഗങ്ങളായും സോഷ്യൽ മീഡിയയിലെ ട്രോൾ രൂപങ്ങളായും സജീവമായി നിലനിൽക്കുന്നു.

‘കോമാളി’ ഇമേജ് തകർത്ത പകർന്നാട്ടങ്ങൾ

ചാണകത്തിലും പഴത്തൊലിയിലും ചെളിയിലും ചവുട്ടി വീണ് ഇളിക്കുന്ന തന്റെ സ്ഥിരം കോമഡി പാറ്റേണുകളെ സലിം കുമാർ തന്നെ സ്വയം വെല്ലുവിളിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’, കമലിന്റെ ‘പെരുമഴക്കാലം’ എന്നീ ചിത്രങ്ങൾ സലിം കുമാറിലെ അസാധാരണ അഭിനേതാവിനെയാണ് പുറത്തെടുത്തത്. സലിമിൽ കോമാളിയെയല്ല, ഗൗരവമുള്ള ഒരു മനുഷ്യനെയാണ് താൻ എപ്പോഴും കണ്ടിട്ടുള്ളതെന്ന ലാൽ ജോസിന്റെ ധീരമായ തീരുമാനമാണ് ‘അച്ഛനുറങ്ങാത്ത വീട്ടി’ലേക്ക് വഴിതുറന്നത്. വെറും കൊമേഡിയൻ എന്ന് ചിരിച്ചു തള്ളിയവരെക്കൊണ്ട് അദ്ദേഹം തിരുത്തിപ്പറയിച്ചു.

സലിം കുമാറിന്റെ കരിയറിലെ ഏറ്റവും നിർണായക വഴിത്തിരിവായിരുന്നു സലീം അഹമ്മദ് സംവിധാനം ചെയ്ത ‘ആദാമിന്റെ മകൻ അബു’. ഹജ്ജിന് പോകണമെന്ന ആഗ്രഹം നെഞ്ചിലേറ്റി ജീവിക്കുന്ന അബു എന്ന സാധാരണക്കാരനായ വൃദ്ധന്റെ നിസ്സഹായതയും അചഞ്ചലമായ വിശ്വാസവും അത്രമേൽ പക്വതയോടെയും സ്വാഭാവികതയോടെയും അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചു. ഹാസ്യനടൻ എന്ന ലേബലിൽ നിന്ന് ഇന്ത്യൻ സിനിമയിലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിലേക്ക് സലിം കുമാറിനെ നയിച്ചത് ഈ വേഷമായിരുന്നു.

English Summary

The news chronicles the legendary career of Salim Kumar, who rose from humble roots and mimicry stages to become one of Malayalam cinema’s most celebrated actors. He achieved immense popularity through his iconic comedy roles before breaking stereotypes to win the National Film Award for Best Actor with his deeply moving performance in Adaminte Makan Abu.

Follow Us
Related Stories
ഇന്ത്യന്‍ ടീമിലെത്തിയ 'കുട്ടി' താരങ്ങള്‍, മുന്നില്‍ വൈഭവ്‌
മഴക്കാലത്ത് ഇനി പനി വരില്ല, പരിഹാരം അടുക്കളയിൽ
മണിപ്ലാന്റ് അടുക്കളയിൽ വയ്ക്കാമോ?
ഒറ്റനോട്ടത്തിൽ പഴയ മീൻ തിരിച്ചറിയാം! കണ്ണുകൾ പറയും മീനിൻ്റെ പ്രായം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ