Shane Nigam: ‘ഭൂതകാലത്തിൻ്റെ ആദ്യ ക്ലൈമാക്സ് വേറെയായിരുന്നു’; പ്രേക്ഷകർക്ക് ദഹിക്കില്ലെന്ന് കരുതി റീഷൂട്ട് ചെയ്തെന്ന് ഷെയിൻ നിഗം
Bhoothakalam Climax: ഭൂതകാലം സിനിമയുടെ ക്ലൈമാക്സ് റീഷൂട്ട് ചെയ്തതാണെന്ന് ഷെയിൻ നിഗം. ആദ്യം ഷൂട്ട് ചെയ്ത ക്ലൈമാക്സല്ല ഇപ്പോൾ ഉള്ളതെന്നും ഷെയിൻ പറഞ്ഞു.
രാഹുൽ സദാശിവൻ്റെ സംവിധാനത്തിൽ ഷെയിൻ നിഗം നായകനായെത്തിയ സിനിമയായിരുന്നു ഭൂതകാലം. വ്യത്യസ്തമായ ഒരു ഹൊറർ ചിത്രമായി പുറത്തിറങ്ങിയ ഭൂതകാലം ഡയറക്ട് ഒടിടി റിലീസായിരുന്നു. ഒടിടിയിൽ സിനിമയ്ക്ക് നല്ല സ്വീകരണം ലഭിച്ചു. സിനിമയിൽ ഇപ്പോഴുള്ള ക്ലൈമാക്സ് ആയിരുന്നില്ല ആദ്യം ഷൂട്ട് ചെയ്തതെന്നും ആദ്യത്തെ ക്ലൈമാക്സ് റീഷൂട്ട് ചെയ്തു എന്നും ഷെയിൻ നിഗം തന്നെ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.
റെഡ് എഫ്എമ്മിനോടാണ് താരത്തിൻ്റെ പ്രതികരണം. ഭൂതകാലം ഷൂട്ടിങ് ആരംഭിക്കുന്നതിന് മുൻപ് മൂന്ന് മാസത്തെ പ്രീ പ്രൊഡക്ഷൻ ചെയ്തിരുന്നു എന്ന് ഷെയിൻ പറഞ്ഞു. കൊവിഡ് കാലമായതുകൊണ്ടാണ് അത് സാധിച്ചു. ഇന്ന് അങ്ങനെ ഇരിക്കാൻ സാധിച്ചേക്കില്ല. ഭൂതകാലത്തിൽ താൻ ഒരു പട്ടും ചെയ്തിരുന്നു. സിനിമ കഴിഞ്ഞിട്ട് ക്ലൈമാക്സ് വീണ്ടും ഷൂട്ട് ചെയ്തു. ഇപ്പോൾ കാണുന്ന ക്ലൈമാക്സ് ആയിരുന്നില്ല ആദ്യം. ആദ്യത്തെ ക്ലൈമാക്സിൽ ഒരു പാരലൽ റിയാലിറ്റിയിലേക്ക് മാറുന്ന കോൺസപ്റ്റ് ആയിരുന്നു. അത് എല്ലാവർക്കും ദഹിക്കണമെന്നില്ല.
പിന്നീട് അൻവർ റഷീദിൻ്റെ സഹായത്തോടെ മറ്റൊരു കാര്യം ചിന്തിക്കുകയായിരുന്നു. അങ്ങനെ രാഹുൽ സദാശിവൻ കൊണ്ടുവന്ന ഒരു ആശയമാണ് ഇപ്പോൾ സിനിമയുടെ ക്ലൈമാക്സ്. ഒരുപാട് എഫർട്ട് എടുത്താണ് അത് ചെയ്തത്. സിനിമയ്ക്കായി അത്രയും സമയം എടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഭ്രമയുഗവും ഡിയസ് ഇറെയും പുറത്തിറങ്ങിയപ്പോൾ ആളുകൾ ഭൂതകാലത്തെപ്പറ്റി സംസാരിച്ചിരുന്നു. അതിൽ വലിയ സന്തോഷം. ഭ്രമയുഗം തൻ്റെ ആദ്യ നിർമ്മാണസംരംഭം കൂടിയായിരുന്നു എന്നും ഷെയിൻ നിഗം കൂട്ടിച്ചേർത്തു.
ഹാൽ എന്ന സിനിമയാണ് താരത്തിൻ്റേതായി ഏറ്റവും അവസാനം തീയറ്ററുകളിലെത്തിയത്. ക്രിസ്തുമസ് റിലീസായി എത്തിയ സിനിമ വീരയാണ് സംവിധാനം ചെയ്തത്. സെൻസർ ബോർഡിൻ്റെ പല വെട്ടുകൾക്കും പ്രതിസന്ധികൾക്കും ശേഷമാണ് സിനിമ റിലീസായത്.