Shibu Chakravarthy: ‘ആ മോഹൻലാൽ ചിത്രത്തിലെ പാട്ടുകേട്ട് ഒഎൻവി സാർ നിനക്കൊക്കെ വട്ടാണോയെന്ന് ചോദിച്ചു’; ഷിബു ചക്രവർത്തി
Shibu Chakravarthy About Song from 'No 20 Madras Mail' Movie: 'നമ്പർ 20 മദ്രാസ് മെയിൽ' എന്ന മോഹൻലാൽ ചിത്രത്തിലെ ‘പിച്ചകപ്പൂങ്കാവുകൾക്ക് അപ്പുറം...’ എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് ഗാനരചയിതാവായ ഷിബു ചക്രവർത്തി.
1990ൽ മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ‘നമ്പർ 20 മദ്രാസ് മെയിൽ’. എം ജി സോമൻ, ജഗദീഷ്, മണിയൻപിള്ള രാജു, അശോകൻ, എന്നിവരും അണിനിരന്ന ചിത്രത്തിൽ മമ്മൂട്ടിയും അതിഥിവേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചത് ഔസേപ്പച്ചനാണ്. ഇപ്പോഴിതാ, ചിത്രത്തിലെ ‘പിച്ചകപ്പൂങ്കാവുകൾക്ക് അപ്പുറം…’ എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് ഗാനരചയിതാവായ ഷിബു ചക്രവർത്തി.
‘പിച്ചകപ്പൂങ്കാവുകൾക്ക് അപ്പുറം…’ എന്ന പാട്ട് ഒരു പരീക്ഷണ ഗാനമാണെന്ന് ഷിബു ചക്രവർത്തി പറയുന്നു. ട്രെയിൻ യാത്രയുടെ താളമൊക്കെ നിറച്ച് ഔസേപ്പച്ചൻ ട്യൂൺ ഉണ്ടാക്കി കേൾപ്പിച്ചു. അത് വരികളെഴുതാൻ പറ്റാത്ത പാട്ടാണെന്നും പശ്ചാത്തല സംഗീതമാക്കാമെന്നും പറഞ്ഞു. എന്നാൽ, തനിക്ക് ആ പാട്ടിന് വരികൾ എഴുതാൻ തോന്നിയെന്നും ഷിബു ചക്രവർത്തി പറയുന്നു.
ഇതുകണ്ട് ഒഎൻവി. കുറുപ്പ് തന്നോട് വട്ടാണോ എന്ന് ചോദിച്ചുവെന്നും അദ്ദേഹം ട്യൂൺ ചെയ്ത ശേഷം പാട്ടെഴുതുന്നതിന് എതിരായിരുന്നെന്നും ഷിബു പറഞ്ഞു. എന്നാൽ, താൻ ആ ട്യൂണിന് പാട്ട് എഴുതിയെന്നും ഇന്ത്യൻ സിനിമയിലെതന്നെ ആദ്യ ട്രെയിൻ സോങ് ആണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“എന്റെയും ഔസേപ്പച്ചന്റെയും കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഗാനങ്ങളിൽ ചില പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. അതിൽ ഒന്നിനെക്കുറിച്ച് പറയാം. ‘നമ്പർ 20 മദ്രാസ് മെയിൽ’ എന്ന ചിത്രത്തിലെ ‘പിച്ചകപ്പൂങ്കാവുകൾക്ക് അപ്പുറം…’ എന്ന പാട്ട് അത്തരത്തിൽ ഒരു പരീക്ഷണം ആയിരുന്നു. ട്രെയിൻ യാത്രയുടെ താളമൊക്കെ നിറച്ച് ഔസേപ്പച്ചൻ ഒരു ട്യൂൺ ഉണ്ടാക്കി എന്നെ കേൾപ്പിച്ചു. വരികൾ എഴുതാൻ പറ്റിയ ട്യൂണല്ലെന്നും സിനിമയിലെ പശ്ചാത്തല സംഗീതമാക്കാം എന്നും ഔസേപ്പച്ചൻ പറഞ്ഞു. അപ്പോൾ എനിക്ക് അതിന് വരികൾ എഴുതി നോക്കിയാലോ എന്ന് തോന്നി.
ALSO READ: ‘കുടമാറ്റത്തിലേക്ക് വിളിച്ചിരുന്നു, പക്ഷേ ആ കാരണം കൊണ്ട് ഞാനത് ചെയ്തില്ല’; മനോജ് കെ ജയൻ
റെക്കോഡിങ്ങിന് പോയി വരൂ, ഞാനൊരു പരീക്ഷണം ചെയ്തു നോക്കട്ടെ എന്ന് ഔസേപ്പച്ചനോട് പറഞ്ഞു. ഈ ട്യൂണിന് ഞാൻ വരികൾ എഴുതുന്നത് തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഒഎൻവി സാർ കണ്ടു. ആ ട്യൂൺ കേട്ട് ‘നിനക്കൊക്കെ എന്താണ് വട്ടാണോ’ എന്നാണ് അദ്ദേഹം ചോദിച്ചത്. അദ്ദേഹം ട്യൂണിട്ട് പാട്ടെഴുതുന്നതിന് എതിരായിരുന്നു. പക്ഷെ, വൈകീട്ട് റെക്കോർഡിങ് കഴിഞ്ഞ് ഔസേപ്പച്ചൻ വന്നപ്പോഴേക്കും പാട്ട് റെഡി. ഒരുപക്ഷേ, ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ ട്രെയിൻ സോങ് ആണത്” ഷിബു ചക്രവർത്തി പറഞ്ഞു.