Jailer 2: ജയിലർ ടുവിലെ വേഷം ചെയ്യാൻ തീരുമാനിച്ചതിനുപിന്നിൽ ഒരേയൊരു കാരണം; വെളിപ്പെടുത്തി വിജയ് സേതുപതി
Vijay Sethupathi About Jailer 2: ജയിലർ 2വിൽ താൻ ഒരു വേഷം ചെയ്യുന്നുണ്ടെന്ന് വിജയ് സേതുപതി. അതിന് ഒരേയൊരു കാരണമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

വിജയ് സേതുപതി
രജനികാന്ത് ചിത്രമായ ജയിലർ 2023ലെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു. നെൽസൺ സംവിധാനം ചെയ്ത സിനിമയിൽ വിനായകൻ വളരെ ശക്തനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. മോഹൻലാലും സിനിമയിൽ കാമിയോ റോളിലെത്തിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗം ഈ വർഷം പുറത്തിറങ്ങും. ഇത്തവണ വിജയ് സേതുപതിയും കാമിയോ റോളിലെത്തും.
ജയിലർ 2വിൽ താൻ അഭിനയിക്കുന്നുണ്ടെന്ന വിവരം ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി തുറന്നുപറഞ്ഞത്. രജനികാന്ത് സറിനെ ഇഷ്ടമായതുകൊണ്ടാണ് ഈ വേഷം തിരഞ്ഞെടുത്തത്. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കും. എന്തെങ്കിലും പ്രത്യേകതയുള്ളതും ആകർഷണീയമായതുമായ തിരക്കഥയാണെങ്കിലേ വില്ലൻ വേഷങ്ങൾ ചെയ്യൂ. തന്നെ സമീപിക്കുന്ന സംവിധായകരിൽ പലരും വില്ലനെ ഉപയോഗിച്ച് നായകനെ ഉയർത്തിക്കാട്ടുന്ന തരത്തിലുള്ള പ്രതിനായക വേഷങ്ങളെപ്പറ്റിയാണ് പറയാറുള്ളത്. അത്തരം വേഷങ്ങൾ ചെയ്യാൻ തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഈ വർഷം ജൂൺ മാസത്തിൽ പുറത്തിറങ്ങുന്ന സിനിമയാണ് ജയിലർ 2. മിഥുൻ ചക്രവർത്തി, എസ്ജെ സൂര്യ, വിദ്യാബാലൻ, രമ്യ കൃഷ്ണൻ തുടങ്ങി വമ്പൻ താരനിരയാണ് സിനിമയിലുള്ളത്. ഒപ്പം മോഹൻലാൽ, ശിവ രാജ്കുമാർ, വിനായകൻ തുടങ്ങിയവർ കാമിയോ റോളിലും എത്തും. വിജയ് കാർത്തിക് കണ്ണനാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ആർ നിർമൽ എഡിറ്റിംഗും അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു.
അന്ന രാജൻ, സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസിൽ തുടങ്ങി വിവിധ മലയാളം താരങ്ങൾ സിനിമയിലുണ്ടാവുമെന്ന് റിപ്പോർട്ടുകളുണ്ട്. കേരളത്തിൽ അട്ടപ്പാടി, കോഴിക്കോട്, പാലക്കാട് എന്നീ സ്ഥലങ്ങളിൽ സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ഗോവ, മൈസൂർ, ഹോസ്ദുർഗ് എന്നിവയായിരുന്നു മറ്റ് ചില ലൊക്കേഷനുകൾ.