Vineeth Sreenivasan: ട്രാക്ക് മാറ്റി വിനീത് ശ്രീനിവാസൻ; ഇനിയെത്തുന്നത് ത്രില്ലറുമായി: ‘കരം’ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്ത്
Vineeth Sreenivasan Karam Movie First Look Poster: വിനീത് ശ്രീനിവാസൻ്റെ ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കരം എന്ന് പേരിട്ടിരിക്കുന്ന സിനിമ ത്രില്ലർ ഗണത്തിൽ പെടുന്നതാണ്.

വിനീത് ശ്രീനിവാസൻ, കരം
തൻ്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് വിനീത് ശ്രീനിവാസൻ. റൊമാൻ്റിക് സിനിമകളിൽ നിന്ന് മാറി ഇത്തവണ ത്രില്ലർ സിനിമയുമായാണ് വിനീതിൻ്റെ വരവ്. ‘കരം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ നോബിൾ തോമസ് ആണ് നായകൻ. ഈ വർഷം സെപ്തംവർ 25ന് സിനിമ തീയറ്ററുകളിലെത്തും.
തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വിനീത് ശ്രീനിവാസൻ ഇക്കാര്യം അറിയിച്ചത്. സംവിധായകനെന്ന നിലയിൽ തൻ്റെ ഏഴാമത്തെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നാണ് വിനീത് കുറിച്ചത്. ഹെലൻ, ഫിലിപ്സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നോബിൾ തോമസ് ആണ് നായകൻ. ചിത്രീകരണം അവസാനിച്ച സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ട്രെയിലർ അടുത്ത മാസം റിലീസാവുമെന്നും വിനീത് കുറിച്ചു.
ഇതിന് തൊട്ടുമുൻപ് പങ്കുവച്ച മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തൻ്റെ അടുത്ത സിനിമ ത്രില്ലർ ആവുമെന്ന് വിനീത് അറിയിച്ചത്. ഇന്ന്, (ജൂലായ് 16) വിനീതിൻ്റെ ആദ്യ സിനിമയായ മലർവാടി ആർട്സ് ക്ലബിൻ്റെ പതിനഞ്ചാം വാർഷികമായിരുന്നു. ഈ സന്തോഷം പങ്കുവച്ച പോസ്റ്റിൽ ഇന്ന് വൈകുന്നേരം തൻ്റെ ഏറ്റവും പുതിയ സിനിമയുടെ ട്രെയിലർ റിലീസാവുമെന്നും ത്രില്ലർ ജോണർ ആവുമെന്നും താരം കുറിച്ചിരുന്നു.
2010ൽ മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറിയ വിനീത് 2012ൽ തട്ടത്തിൻ മറയത്ത് എന്ന സിനിമയൊരുക്കി. 2013ൽ പുറത്തിറങ്ങിയ തിര എന്ന സിനിമ ത്രില്ലറായിരുന്നു. ഇതിന് ശേഷം ജേക്കബിൻ്റെ സ്വർഗരാജ്യം (2016), ഹൃദയം (2022), വർഷങ്ങൾക്ക് ശേഷം (2024) എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. 2015ൽ ഒരു വടക്കൻ സെൽഫി എന്ന സിനിമയ്ക്ക് അദ്ദേഹം തിരക്കഥ ഒരുക്കുകയും ചെയ്തു.