“സുകുമാരിച്ചേച്ചിയുടെ മരണം അവിശ്വസനീയം, അന്ന് നടന്നത് അപകടം തന്നെയോ”: സംശയം പ്രകടിപ്പിച്ച് വിനയൻ
Accident or Deliberate Act? Vinayan Sparks Debate Over Sukumari's Fatal Burn Injuries: ആകാശ ഗംഗയിൽ നായികയായി വേഷമിട്ട മയൂരി സ്വയം ജീവനൊടുക്കി എന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത് എന്ന് വിനയൻ കുറിച്ചു. ഇതിനോട് ചേർത്താണ് സുകുമാരിയുടെ മരണത്തെ കുറിച്ച് വിനയൻ സംശയം പ്രകടിപ്പിക്കുന്നത്. സുകുമാരിയുടെ മരണം തനിക്ക് അവിശ്വസനീയമായി തോന്നി എന്നും എല്ലാവരേയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന അവർ ജീവിതത്തിൻ്റെ അവസാന കാലത്ത് ഏറെ ദുഃഖിതയായിരുന്നു എന്നും വിനയൻ കുറിപ്പിൽ പറയുന്നു
മലയാള സിനിമാ പ്രേക്ഷകർ എക്കാലവും ഓർക്കുന്ന അവിസ്മരണിയ അഭിനയത്രിയാണ് സുകുമാരി. പൂജാമുറിയിൽ പ്രാർത്ഥിക്കുന്നതിനിടെ സാരിയിലേക്ക് തിപടർന്നുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ 2013 മാർച്ച് 26-നാണ് സുകുമാരി മരണപ്പെടുന്നത്. എന്നാൽ ഈ മരണത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. 1998-ൽ പുറത്തിറങ്ങിയ വിനയൻ്റെ ആകാശഗംഗ എന്ന സിനിമയെ കുറിച്ചും പുതുതായി ഒരുക്കുന്ന ഫാൻ്റസി ചിത്രത്തെകുറിച്ചുമായി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ് സുകുമാരിയുടെ അപകട മരണത്തിൽ വിനയൻ സംശയം പ്രകടിപ്പിക്കുന്നത്.
ആകാശ ഗംഗയിൽ നായികയായി വേഷമിട്ട മയൂരി സ്വയം ജീവനൊടുക്കി എന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത് എന്ന് വിനയൻ കുറിച്ചു. ഇതിനോട് ചേർത്താണ് സുകുമാരിയുടെ മരണത്തെ കുറിച്ച് വിനയൻ സംശയം പ്രകടിപ്പിക്കുന്നത്. സുകുമാരിയുടെ മരണം തനിക്ക് അവിശ്വസനീയമായി തോന്നി എന്നും എല്ലാവരേയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന അവർ ജീവിതത്തിൻ്റെ അവസാന കാലത്ത് ഏറെ ദുഃഖിതയായിരുന്നു എന്നും വിനയൻ കുറിപ്പിൽ പറയുന്നു.
“പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ചു മരിച്ചു എന്ന വാർത്ത ശരിയാണോ..? എനിക്കറിയില്ല അതോ ചേച്ചിയും എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ” വിനയൻ കുറിച്ചു. ‘ആകശഗംഗ’യുടെ ചിത്രീകരണത്തിനിടെ മയൂരിക്കും സുകുമാരിക്കും ഒപ്പമെടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് വിനയൻ്റെ കുറിപ്പ്.
ഒരു ഓർമ്മച്ചിത്രം എന്ന് തുടങ്ങുന്ന കുറിപ്പിൻ്റെ പൂർണ രൂപം ഇങ്ങനെ
“1998 ൽ ആകാശഗംഗയുടെ ഷൂട്ടിംഗ് തുടങ്ങി എട്ടാം ദിവസമാണ് ഗംഗ എന്ന കഥാപാത്രത്തിന് അനുയോജ്യയായ നടിയെ കണ്ടെത്തുന്നത്. അന്ന് മലയാള സിനിമയിൽ ഉണ്ടായിരുന്നവരും പുതുമുഖങ്ങളുമായി വന്ന നാലോ അഞ്ചോ പേർക്കു ശേഷമാണ് മയൂരി എന്ന നടിയിലേക്കെത്തുന്നത്. യക്ഷിയുടെ കണ്ണുകളും ചിരിയും ആ കഥാപാത്രത്തിന് ഒരു പ്രധാന ഘടകമായിരുന്നു. ആരും ശരിയാകാതെ വന്ന് ഷൂട്ടിംഗ് തന്നെ നിർത്തിവയ്കുമെന്ന ഘട്ടത്തിൽ സുകുമാരിച്ചേച്ചിയാണ് ചെന്നെയിൽ ഇങ്ങനൊരു കുട്ടിയുണ്ടന്നും അഭിനയിപ്പിച്ചു നോക്കാമെന്നും പറഞ്ഞ് മയൂരിയെ വിളിച്ചു വരുത്തുന്നത്
എൻ്റെ ‘ഇൻഡിപ്പെൻഡൻസ്’ എന്ന സിനിമയുടെ സമയത്തും ‘രാക്ഷസ രാജാവി’ലുമൊക്കെ ചില നിർണ്ണായക സമയങ്ങളിൽ സുകുമാരിച്ചേച്ചി ഇതുപോലെ സഹായിച്ചിട്ടുണ്ട്. ചേച്ചി സെറ്റിലുണ്ടങ്കിൽ അതൊരു എനർജിയാണ്. ഗംഗയുടെ വേഷം മയൂരി അസ്സലായി അഭിനയിച്ചു. അതിനു ശേഷം കുറേ മലയാള ചിത്രങ്ങളിൽ കന്നടക്കാരിയായ മയുരി അഭിനയിച്ചിരുന്നു. പക്ഷേ 2005-ൽ 23-ാം വയസ്സിൽ അവർ സ്വയം ജീവനൊടുക്കി എന്നത് ഞെട്ടലോടെയാണ് കേട്ടത്. വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.
സുകുമാരിച്ചേച്ചിയുടെ അന്ത്യവും എനിക്കവിശ്വസനീയമായിരുന്നു. എല്ലാവരേയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ചേച്ചി ജീവിതാവസാന കാലത്ത് വളരെ ഏറെ ദുഖിതയായിരുന്നു. പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ചു മരിച്ചു എന്ന വാർത്ത ശരിയാണോ.? എനിക്കറിയില്ല. അതോ ചേച്ചിയും എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ? പുതിതായി തുടങ്ങുന്ന ഫാൻ്റസി ചിത്രത്തിൽ ആകാശഗംഗ വരുന്നുണ്ട് ആ കഥാപാത്രത്തിനായി തിരയുകയാണ്. അവിടെയാണ് പഴയ ഗംഗയേയും അവരെ പരിചയപ്പെടുത്തിയ വ്യക്തിയേയും ഓർത്തു പോയത്”
2013 ഫെബ്രുവരി 27-നാണ് ചെന്നൈ ടീ നഗറിലെ വസതിയിലെ പൂജാമുറിയിൽ വച്ച് സുകുമാരിക്ക് പൊള്ളലേൽക്കുന്നത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചിതിത്സയിലിരിക്കെ മാർച്ച് 26-ന് ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു.
ഫേസ്ബുക്ക് കുറിപ്പ്
English summary
Director Vinayan has sparked discussions by expressing doubts over the tragic death of veteran Malayalam actress Sukumari. While reminiscing about casting Mayuri for his 1998 film ‘Akash Ganga’, Vinayan questioned whether Sukumari’s fatal burn injuries in her pooja room were truly an accident or a deliberate decision.