AMMA Controversy: അമ്മയിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്ത് ? കൂട്ടരാജിക്ക് പിന്നിൽ ആ അമ്പലം?
AMMA Controversy Explainer:പരസ്യ പ്രതികരണവുമായി ആദ്യം എത്തിയ എക്സിക്യൂട്ടീവ് അംഗം അൻസിബ ആയിരുന്നു. പ്രസിഡന്റ് മാത്രം ഇതെല്ലാം അമ്മയ്ക്കുള്ളിൽ കാര്യങ്ങളാണ് എന്ന് പറഞ്ഞ് ഒഴിയുമ്പോഴും മറ്റു ചിലർ പരസ്യമായി തന്നെ ദുരനുഭവങ്ങളും യാഥാർത്ഥ്യങ്ങളും വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കുന്നു.തല മൂത്തവരൊന്നും അമ്മയെ തേടി എത്താത്ത സ്ഥിതിയായി......
ഹേമ കമ്മിറ്റി റിപ്പോർട്ട് ആയിരുന്നു “അമ്മ” യിലെ ആദ്യ പൊട്ടിത്തെറി. അന്ന് തുടങ്ങിയ പൊട്ടലും ചീറ്റലും ഇന്നും നിന്നിട്ടില്ല. ഇതിന് പിന്നാലെ കൂട്ടരാജിയായിരുന്നു. സംഭവിച്ച കാര്യങ്ങൾക്കെല്ലാം കാരണം അമ്മയുടെ നേതൃത്വം ആണെന്ന തരത്തിലായിരുന്നു എല്ലാവരും രാജിവച്ചു കൊഴിഞ്ഞു പോയത്. പിന്നീട് തല മൂത്തവരൊന്നും അമ്മയെ തേടി എത്താത്ത സ്ഥിതിയായി. ഇതിനിടെ പുതിയ ഭരണസമിതിയുടെ വരവും. അമ്മ എന്ന താരസംഘടനയ്ക്ക് ആദ്യമായി ഒരു സ്ത്രീ നാഥയായി എത്തി. എന്നാൽ ഇപ്പോഴും കലഹം ഒഴിയാത്ത ഒരു വീടായി മാറിയിരിക്കുകയാണ് അമ്മ.
പുതിയ നേതൃത്വത്തിലുള്ളവരാണ് ഇപ്പോൾ പരസ്പരം ആരോപണങ്ങളും ചെളിവാരിയറിയലുകളുമായി നിൽക്കുന്നത്. കാരണം പറഞ്ഞു തുടങ്ങുകയാണെങ്കിൽ ഒന്നിൽ നിർത്താൻ പറ്റില്ല. അവിടുന്ന് ഇവിടുന്നും ഉണ്ടായ ചെറിയ ചെറിയ നുണകളും കുറ്റപ്പെടുത്തലുകളും ഗോസിപ്പുകളും എല്ലാം കൂടി ഒരു മൂലയ്ക്ക് വന്ന ഒറ്റ പൊട്ടൽ ആയിരുന്നു. പിന്നീട് അങ്ങോട്ട് എല്ലാവരും രംഗത്ത് പ്രതികരിച്ചു കൊണ്ടെത്തി. അതിൽ പ്രസിഡന്റ് മാത്രം ഇതെല്ലാം അമ്മയ്ക്കുള്ളിൽ കാര്യങ്ങളാണ് എന്ന് പറഞ്ഞ് ഒഴിയുമ്പോഴും മറ്റു ചിലർ പരസ്യമായി തന്നെ ദുരനുഭവങ്ങളും യാഥാർത്ഥ്യങ്ങളും വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കുന്നു.
ALSO READ:അതിജീവിതയെ തിരിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള പ്രസിഡന്റിന്റെ മറുപടി ഞെട്ടിച്ചു; അൻസിബ ഹസ്സൻ
ജീവനക്കാരിയെ പിരിച്ചുവിടുന്നു
ഏറെക്കാലത്ത് ഇടവേളക്കുശേഷം അമ്മയിൽ ആദ്യമായി ഉണ്ടായ വിവാദം പുറം ലോകം അറിയുന്നത് ഒരു ജീവനക്കാരിയിൽ നിന്നായിരുന്നു. തന്നെ അകാരണമായി പിരിച്ചുവിട്ടു എന്ന ജീവനക്കാരിയുടെ വെളിപ്പെടുത്തലുകൾ ചർച്ചകൾക്ക് വഴിയൊരുക്കി. അമ്മയുടെ സെക്രട്ടറിയായ കുക്കു പരമേശ്വരനും ട്രഷററായ ഉണ്ണി ശിവപാലും ചേർന്ന് ജീവനക്കാരിയെ പല ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് പിരിച്ചുവിട്ടു എന്നായിരുന്നു യുവതി ആരോപിച്ചിരുന്നത്. പിന്നാലെ ഇവർ തന്നെ അമ്മയിൽ നടന്നുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും തുറന്നു പറയാൻ ആരംഭിച്ചു. ഈ ചർച്ചകൾ ഒരു വഴിക്ക് പോകുന്നതിനിടയിൽ ആയിരുന്നു അൻസിബയുടെ രംഗപ്രവേശം.
തുടക്കം അൻസിബയിൽ
പരസ്യ പ്രതികരണവുമായി ആദ്യം എത്തിയ എക്സിക്യൂട്ടീവ് അംഗം അൻസിബ ആയിരുന്നു . ഒരു സുപ്രഭാതത്തിൽ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായ അൻസിബ സ്ഥാനം രാജിവെക്കുന്നു എന്ന വാർത്തകൾ എത്തി. വളരെ പ്രൊഫഷണൽ ആയ കാരണങ്ങളാണ് അത് എന്ന് അൻസിബ പറഞ്ഞു എന്നാണ് അമ്മയുടെ പ്രസിഡന്റായ ശ്വേതാ മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. കമ്മിറ്റ് ചെയ്ത ചില ജോലികൾക്കിടയിൽ അമ്മയിലെ കാര്യങ്ങൾ കൂടി നോക്കുവാൻ സാധിക്കില്ല എന്ന് അൻസിബ പറഞ്ഞു എന്നാണ് ശ്വേത മേനോൻ പറഞ്ഞത്. എന്നാൽ അതിനു പിന്നാലെ തന്നെ നടൻ ബാബുരാജ് അൻസിബ മനസ്സ് മടുത്തിട്ടാണ് പിരിഞ്ഞു പോകുന്നത് എന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ പ്രതികരണങ്ങൾക്ക് ഒന്നും മറുപടി നൽകാതെ നടൻ ടിനിടോമിനെതിരെ തുറന്നടിച്ചുകൊണ്ടാണ് പിന്നീട് അൻസിബ രംഗത്തെത്തിയത്.
ALSO READ:ടിനി ടോം പരസ്യമായി അശ്ലീലം പറഞ്ഞു; ആക്രമിക്കുവാൻ ശ്രമിച്ചു എന്ന് നീന കുറുപ്പ്
തനിക്കെതിരെ ടിനിടോം വ്യക്തിഹത്യയും ആസൂത്രിതമായ അപവാദ പ്രചാരണങ്ങളും നടത്തി എന്നായിരുന്നു നടിയുടെ ആരോപണം. തന്നെ ജിഹാദി എന്ന് വിളിച്ച് വർഗീയമായി ആക്ഷേപിച്ചു എന്നും ഹൻസിബ വെളിപ്പെടുത്തി. തന്നെ ജിഹാദി ആക്കാൻ കാരണം ഒരു ക്ഷേത്രത്തിലെ സ്പോൺസർഷിപ്പ് വേണ്ട എന്ന് പറഞ്ഞതാണെന്നും അൻസിബ സൂചന നൽകിയിരുന്നു. എന്നാൽ അൻസിബയുടെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു ടിനി. മാത്രമല്ല നടനെ പിന്തുണച്ചുകൊണ്ട് നിരവധി താരങ്ങളും അമ്മയിൽ നിന്നുതന്നെ എത്തിത്തുടങ്ങി.
വിവാദങ്ങൾക്ക് കാരണമായ ക്ഷേത്രം
അമ്മയുടെ കുടുംബസംഗമത്തിൽ എറണാകുളം തൃക്കാക്കര വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രം ടൈറ്റിൽ സ്പോൺസർ ആയിരുന്നു. അമ്മയിലെ 90 ശതമാനം അംഗങ്ങൾക്കും പെൻഷൻ വർദ്ധിപ്പിക്കാനും മറ്റുമാണ് പറഞ്ഞാണ് സ്പോൺസർഷിപ്പ് ആവശ്യപ്പെട്ടതെന്നാണ് ക്ഷേത്രത്തിന്റെ ഭാഗത്തുനിന്നും വരുന്ന പ്രതികരണം. 75 ലക്ഷം രൂപയുടെ സ്പോൺസർഷിപ്പ് ആണ് എന്നും പണത്തിന്റെ ഒരു ഭാഗം കൊടുത്തു മറ്റൊരു ഭാഗം ഇനിയും കൊടുക്കാൻ ഉണ്ടെന്നും പ്രതികരിച്ചിരുന്നു.ട്രസ്റ്റിന്റെ ചെയർമാനായ നന്ദകുമാറും അമ്മയുടെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരുമാണ് കരാറിൽ ഒപ്പുവെച്ചത്.എന്നാൽ മതസ്ഥാപനങ്ങളിൽ നിന്ന് സ്പോൺസർഷിപ്പ് ഏറ്റെടുക്കരുത് എന്ന് ചൂണ്ടിക്കാട്ടി അൻസിബ കരാറിനെ എതിർത്തിരുന്നു.
ലക്ഷ്മി പ്രിയയുടെ പോലീസ് പരാതി
ടിനിടോമിനെതിരെ ആരോപണം ഉന്നയിക്കുന്നതിനിടെ അമ്മയിലെ ഒരു എക്സിക്യൂട്ടീവ് അംഗം തനിക്കെതിരെ തൃപ്പൂണിത്തറയിലെ പോലീസ് സ്റ്റേഷനിൽ വ്യാജ പരാതി നൽകിയെന്ന ഒരു ആരോപണം കൂടി അൻസിബ ഉന്നയിച്ചിരുന്നു. ആരാണ് എന്ന കാര്യത്തിൽ വ്യക്തത നൽകിയിരുന്നില്ല. ഇതിന് പിന്നാലെ ലക്ഷ്മിപ്രിയ തന്നെ അൻസിബയ്ക്ക് എതിരെ പോലീസിൽ പരാതി നൽകിയത് താനാണെന്ന് പറഞ്ഞ് രംഗത്തെത്തി. അൻസിബ തന്റെ മൊബൈൽ ഫോണിലേക്ക് അയച്ച ഒരു മെസ്സേജ് തനിക്ക് കുടുംബ പ്രശ്നങ്ങൾ ഉണ്ടാക്കി എന്നും ഇതിന്റെ കാരണം ചോദിച്ചു വിളിച്ചപ്പോൾ സമയമില്ല ജോലിത്തിരക്ക് എന്ന് പറഞ്ഞ് അൻസിബ തന്നെ ഒഴിവാക്കി തുടർന്നാണ് താൻ പരാതിപ്പെട്ടത് എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. മാത്രമല്ല തന്നെയും ടിനിടോമിനെയും അടക്കമുള്ളവരെ സംഘടനയിൽ നിന്ന് രാജിവെപ്പിക്കുകയാണ് അൻസിബ, നീനാ കുറുപ്പ് എന്നിവരുടെ ലക്ഷ്യമെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു.എന്നാൽ ഈ വിഷയത്തിൽ പോലീസ് സ്റ്റേഷനിൽ വച്ച് തനിക്ക് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നതായി അൻസിബയും പറഞ്ഞിരുന്നു.
വിവാദങ്ങൾ നീനാകുറിപ്പിലേക്കും
തന്നെ ജിഹാദി എന്ന് വിളിച്ചതും അപവാദങ്ങളും ഇല്ലാത്ത കഥകളും കെട്ടിച്ചമയ്ക്കുന്നതുമായി തന്നോട് പറഞ്ഞത് നീനാക്കുറുപ്പ് ചേച്ചി ആണെന്ന് ആയിരുന്നു അൻസിബ പറഞ്ഞത്. ഈ വെളിപ്പെടുത്തലിന് പിന്നാലെ നടൻ ടിനി ടോം തന്നെ ആക്രമിക്കുവാൻ ശ്രമിച്ചു എന്നും തന്നെക്കുറിച്ചും പരസ്യമായി അശീലം പറഞ്ഞു എന്ന് ആരോപണവുമായി നീനക്കുറുപ്പും എത്തി. എന്നാൽ നീനാക്കുറുപ്പും ലക്ഷ്മി പ്രിയയും തമ്മിൽ കുടുംബസംഗമത്തിന്റെ അടുത്ത ദിവസം തന്നെ വലിയൊരു കലഹം നടക്കുകയും അതിന്റെ ചില ഫോൺ സംഭാഷണങ്ങൾ മലയാളികൾ എല്ലാവരും കേട്ടതാണ്. അതിനാൽ തന്നെ അൻസിബയ്ക്ക് നീനാക്കുറിപ്പ് പറഞ്ഞ് അറിവല്ലേ ഉള്ളൂ നേരിട്ട് കേട്ടിട്ടില്ലല്ലോ എന്ന വാദത്തിലാണ് ലക്ഷ്മി പ്രിയ.
അതായത് അമ്മയിലെ പ്രശ്നങ്ങൾ അമ്മയിൽ ഒതുങ്ങാതെ ഇപ്പോൾ പരസ്യമായിട്ടുള്ള പ്രതികരണങ്ങളിലേക്കും വിവാദങ്ങളിലേക്കും എത്തിനിൽക്കുകയാണ്. ഇതിന് പിന്നാലെ അമ്മയുടെ പ്രസിഡന്റ് ശ്വേതാ മേനോൻ ഇനി അംഗങ്ങളൊന്നും പരസ്യമായി മാധ്യമങ്ങളോട് പ്രതികരിക്കരുത് എന്ന് കർശനമായ നിർദ്ദേശവും നൽകിയിട്ടുണ്ട്.കൂടാതെ മല്ലിക സുകുമാരനെ പോലെയുള്ള മുതിർന്ന താരങ്ങൾ ഇപ്പോഴുള്ള നേതൃത്വത്തെ പൂർണമായും പിരിച്ചുവിട്ടു പുതിയ ഇലക്ഷൻ വയ്ക്കട്ടെ പുതിയ നേതൃത്വം വരട്ടെ എന്നാണ് ആവശ്യപ്പെടുന്നത്.
ENGLISH SUMMARY
Even after the arrival of the new governing body, internal disputes and controversies are rife in the star organization AMMA. The main controversies that have led to major divisions and discussions in the organization are given in this story.