Rini Ann George: നടി, മാധ്യമപ്രവർത്തക, അവതാരക; ആരാണ് യുവനേതാവിനെതിരെ വെളിപ്പെടുത്തൽ നടത്തിയ റിനി ആൻ ജോർജ്?
Who Is Rini Ann George: മാധ്യമപ്രവർത്തക, നടി, അവതാരക തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് റിനി ആൻ ജോർജ്. റിനിയെപ്പറ്റി കൂടുതലറിയാം.
യുവ രാഷ്ട്രീയ നേതാവിനെതിരെ നടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് നടത്തിയ വെളിപ്പെടുത്തൽ ചർച്ചയാവുകയാണ്. പേര് വെളിപ്പെടുത്തിയില്ലെങ്കിലും ഏത് യുവനേതാവാണ് ഇതെന്ന വ്യക്തമായ സൂചന റിനി മാധ്യമപ്രവർത്തർക്ക് നൽകിയിരുന്നു. റിനി ആൻ ജോർജ് ആരാണെന്ന് കൂടുതലറിയാം.
പ്രൊഫഷണലി മാധ്യമപ്രവർത്തകയാണ് റിനി ആൻ ജോർജ്. യൂണിവേഴ്സിറ്റി ഓഫ് മദ്രാസിൽ നിന്ന് ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദമെടുത്ത റിനി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ ഇൻ്റേൺ ആയാണ് ജോലി ആരംഭിച്ചത്. 2017ൽ സൗത്ത്-ലൈവിലെത്തിയ റിനി 2019ൽ മീഡിയവണ്ണിലേക്ക് ചേക്കേറി. ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ട്രെയിനി ആയി മീഡിയവണ്ണിൽ ജോലി ചെയ്ത അവർ തൊട്ടടുത്ത വർഷം ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റായി ഏഷ്യാനെറ്റ് ന്യൂസിലെത്തി. അതേവർഷം ജോലി അവസാനിപ്പിച്ച റിനി പിന്നീട് ഫ്രീലാൻസ് അവതാരകയായി. ഏഷ്യാനെറ്റ് പ്ലസ്, കൈരളി വി, കൗമുദി ടിവി തുടങ്ങിയ ചാനലുകളിൽ വിവിധ പ്രോഗ്രാമുകളുടെ അവതാരകയായിട്ടുണ്ട്.
ഗിന്നസ് പക്രു നായകനായി ആര്യൻ വിജയ് സംവിധാകനായ 916 കുഞ്ഞൂട്ടൻ എന്ന സിനിമയിലൂടെയാണ് റിനി ആൻ ജോർജ് സിനിമാഭിനയത്തിന് തുടക്കമിട്ടത്. ഈ വർഷം മെയ് മാസത്തിൽ പുറത്തിറങ്ങിയ സിനിമ നിലവിൽ ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീം ചെയ്യുകയാണ്. ആര്യൻ വിജയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു ഇത്.
മോശം അനുഭവമുണ്ടായെന്ന് ആരോപിച്ച യുവ രാഷ്ട്രീയ നേതാവുമായി ബന്ധപ്പെട്ട് റിനി ആൻ ജോർജ് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിരുന്നു. ആരാണ് യുവനേതാവെന്ന ചോദ്യത്തോടും ഏതാണ് രാഷ്ട്രീയ പാർട്ടി എന്ന ചോദ്യത്തോടും പ്രതികരിക്കാൻ തയ്യാറായെങ്കിലും ഇക്കാര്യത്തിൽ റിനി കൃത്യമായ സൂചന നൽകി. ‘ഹൂ കെയേഴ്സ്’ എന്ന ആറ്റിറ്റ്യൂഡുള്ള യുവനേതാവിൽ നിന്നാണ് ഈ അനുഭവമുണ്ടായതെന്ന് പലതവണ റിനി ആവർത്തിച്ചുപറഞ്ഞു.