Sreenivasan movie sandesham: പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്…. സന്ദേശത്തിൽ പോളണ്ടെന്നു കേൾക്കുമ്പോൾ പ്രഭാകരൻ എന്തിനാകും ദേഷ്യപ്പെട്ടത്?
World political events mentioned in Sreenivasan's Sandesham movie: ചിത്രത്തിലെ നായകൻ പ്രഭാകരന് 'പോളണ്ടിനെ' കുറിച്ച് കേൾക്കുമ്പോൾ ദേഷ്യം വരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കണമെങ്കിൽ, ചിത്രം റിലീസ് ചെയ്ത 1991-ലെ ആഗോള-ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ പരിശോധിക്കണം.

Sandesham Movie
കേരളത്തിൽ തിരഞ്ഞെടുപ്പ് എന്നു വന്നാലും ഏറ്റവും കൂടുതൽ ഉയർന്നു വരുന്ന സിനിമയുടേ പേര് ഏതെന്നു ചോദിച്ചാൽ ഉറപ്പിച്ചു പറയാവുന്ന ഒന്നാണ് സന്ദേശം. ചേട്ടനായി ശ്രീനിവാസനും അനുജനായി ജയറാമും തർത്ത് അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥ ശ്രീനിവാസൻ തന്നെ ആയിരുന്നു. റീലീസ് ചെയ്ത് മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും പോളണ്ടിനെ പറ്റി ഒരക്ഷരം നീ മിണ്ടരുത് …. എന്ന ഒറ്റ ഡയലോഗിൽ നമ്മുടെ ഉള്ളിലേക്ക് മീശ പിരിച്ച വിപ്ലവകാരിയായ പ്രഭാകരൻ ഓടിയെത്തും. സിനിമയിലെ ഏറ്റവും രസകരമായി കോമഡി സീനാണ് ഇത് എന്ന് നിസ്സംശയം പറയാം. ശരിക്കും പിന്നാമ്പുറക്കഥകൾ അറിയില്ലെങ്കിലും നമ്മളെല്ലാം ഇന്നും പറഞ്ഞു ചിരിക്കുന്ന ആ ഡയലോഗിന്റെ പിന്നിലെ ഗൗരവം എത്രയെന്ന് അറിയാമോ? അത് മനസ്സിലാക്കുന്നിടത്ത് നാം തിരിച്ചറിയും ശ്രീനിവാസൻ എന്ന ബുദ്ധിജീവിയെ.
ചരിത്ര പശ്ചാത്തലം
ചിത്രത്തിലെ നായകൻ പ്രഭാകരന് ‘പോളണ്ടിനെ’ കുറിച്ച് കേൾക്കുമ്പോൾ ദേഷ്യം വരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കണമെങ്കിൽ, ചിത്രം റിലീസ് ചെയ്ത 1991-ലെ ആഗോള-ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ പരിശോധിക്കണം. 1989-നും 1991-നും ഇടയിലുള്ള കാലഘട്ടം ലോക രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളുടേതായിരുന്നു. സോവിയറ്റ് യൂണിയൻ തകരുകയും അതിന്റെ നിയന്ത്രണത്തിലായിരുന്ന കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ ഓരോന്നായി കമ്മ്യൂണിസ്റ്റ് ഭരണത്തിൽ നിന്ന് മോചിതരാവുകയും ചെയ്തു.
1991-ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാർ ഉദാരവൽക്കരണ നയങ്ങൾക്ക് തുടക്കമിട്ടു. ഇതേ കാലയളവിൽ കേരളത്തിലും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരാണ് അധികാരത്തിലിരുന്നത്. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിൽ പ്രഭാകരൻ (RDP) പ്രതിപക്ഷത്തും പ്രകാശൻ (INSP) ഭരണപക്ഷത്തുമായത്.
കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ തൊഴിലാളികൾ തന്നെ സംഘടിച്ച് പുറത്താക്കി എന്നതാണ് പോളണ്ടിന്റെ പ്രത്യേകത. 1980-ൽ പോളണ്ടിലെ ഗദാൻസ് ഷിപ്‌യാർഡിൽ ലെ വെലേസ (Lech Walesa) എന്ന തൊഴിലാളിയുടെ നേതൃത്വത്തിൽ ‘സോളിഡാരിറ്റി’ എന്ന സ്വതന്ത്ര തൊഴിലാളി യൂണിയൻ രൂപീകരിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് സർക്കാർ സമരങ്ങൾ നിരോധിച്ചെങ്കിലും ലെ വെലേസയുടെ നേതൃത്വത്തിൽ ശക്തമായ ഉപരോധങ്ങളും പണിമുടക്കുകളും നടന്നു.
1983-ൽ ലെ വെലേസയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ജയിലിലും വീട്ടുതടങ്കലിലുമായി വർഷങ്ങൾ കഴിഞ്ഞ അദ്ദേഹം 1988-ൽ വീണ്ടും സമരരംഗത്തിറങ്ങി. 1989-ൽ സമരം ശക്തമായതോടെ സർക്കാർ ചർച്ചയ്ക്ക് തയ്യാറാവുകയും രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താൻ സമ്മതിക്കുകയും ചെയ്തു.
കമ്മ്യൂണിസ്റ്റ് പക്ഷത്തുള്ളവർക്ക് വലിയ തിരിച്ചടിയായ ഈ ആഗോള മാറ്റങ്ങളെ പ്രകാശൻ പരിഹസിക്കാൻ ഉപയോഗിക്കുന്നതിനാലാണ് സന്ദേശത്തിലെ പ്രഭാകരന് ‘പോളണ്ടിനെ’ കുറിച്ച് കേൾക്കുമ്പോൾ ദേഷ്യം വരുന്നത്.