Yesudas’s Former Residence: അന്ന് യേശുദാസ് താമസിച്ച ആ ചെറുകെട്ടിടം, ഇനി ഡിജിറ്റൽ ലൈബ്രറി… ഓർമ്മകൾ ഏറെ പറയാനുണ്ട്
Yesudas's old residence modified to Digital Library: അദ്ദേഹത്തിന്റെ പ്രശസ്തമായ ചലച്ചിത്രഗാനങ്ങൾ, ലളിതഗാനങ്ങൾ, ശാസ്ത്രീയ സംഗീതക്കച്ചേരികൾ, ഭക്തിഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, അന്യഭാഷാഗാനങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഡിജിറ്റൽ രൂപത്തിൽ ഇവിടെ ലഭ്യമാണ്.
തിരുവനന്തപുരം: സംഗീതപ്രേമികൾക്ക് ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിന്റെ സംഗീതയാത്രയെ അടുത്തറിയാൻ ഇനി തൈക്കാട് ഭാരത് ഭവനിലേക്ക് എത്താം. അദ്ദേഹം സ്വാതി തിരുനാൾ സംഗീത കോളേജ് വിദ്യാർഥിയായിരുന്ന കാലത്ത് താമസിച്ചിരുന്ന ചരിത്രപ്രധാനമായ കെട്ടിടമാണ് ഇപ്പോൾ യേശുദാസ് ഡിജിറ്റൽ ലൈബ്രറിയായി പുനർജനിച്ചിരിക്കുന്നത്.
യേശുദാസിന്റെ ജീവിതത്തിലെയും സംഗീതജീവിതത്തിലെയും സുപ്രധാനമായ മുഹൂർത്തങ്ങളെ കോർത്തിണക്കിയാണ് ലൈബ്രറി ഒരുക്കിയിരിക്കുന്നത്. ഗാനഗന്ധർവന്റെ ബാല്യം മുതൽ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുന്നതുവരെയുള്ള ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രമുഖ സംഗീതസംവിധായകർക്കും സഹപ്രവർത്തകർക്കുമൊപ്പമുള്ള ചിത്രങ്ങൾ ഗതകാലസ്മരണകൾ ഉണർത്തുന്നതാണ്.
അദ്ദേഹത്തിന്റെ പ്രശസ്തമായ ചലച്ചിത്രഗാനങ്ങൾ, ലളിതഗാനങ്ങൾ, ശാസ്ത്രീയ സംഗീതക്കച്ചേരികൾ, ഭക്തിഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, അന്യഭാഷാഗാനങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഡിജിറ്റൽ രൂപത്തിൽ ഇവിടെ ലഭ്യമാണ്. ഗ്രാമഫോണിലൂടെ അദ്ദേഹത്തിന്റെ ഗാനങ്ങൾ ആസ്വദിക്കാനുള്ള പ്രത്യേക സൗകര്യം മറ്റൊരു മുറിയിൽ സജ്ജമാക്കിയിട്ടുണ്ട്. ഇത് സന്ദർശകർക്ക് പഴയകാല സംഗീതാനുഭവം സമ്മാനിക്കുന്നു.
ഭാരത് ഭവനിലെത്തുന്ന ഓരോ സന്ദർശകനും യേശുദാസിന്റെ സാന്നിധ്യം തൊട്ടടുത്ത് അനുഭവിക്കാവുന്ന തരത്തിലാണ് ലൈബ്രറിയുടെ ക്രമീകരണം. സംഗീത പഠിതാക്കൾക്കും ആരാധകർക്കും ഒരുപോലെ ഉപകാരപ്രദമായ രീതിയിൽ അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.